Image

ആപല്‍സൂചന നല്‍കി കോവിഡ് രണ്ടാം തരംഗം

അജു വാരിക്കാട് Published on 11 June, 2020
ആപല്‍സൂചന നല്‍കി കോവിഡ് രണ്ടാം തരംഗം
മഹാമാരിയിലെ ഒരു 'തരംഗം' (അഥവാ വേവ്) എന്നാല്‍ മൊത്തത്തിലുള്ള ഇടിവിന് ശേഷം രോഗം വേഗത്തില്‍ പകരുന്ന കാലഘട്ടമാണ്. യുഎസിന്റെ ചില ഭാഗങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്ത് മൊത്തത്തില്‍ രോഗബാധ നിരക്ക് കുറഞ്ഞുവരുന്നതായി കാണുന്നു.

എന്നാല്‍ ഒരു രണ്ടാം തരംഗം ഉണ്ടാകുന്നുവെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്. പല സ്റ്റേറ്റിലും കേസുകളിലെ വര്‍ദ്ധനവ് 'രണ്ടാമത്തെ തരംഗത്തെ' സൂചിപ്പിക്കുന്നു. പാന്‍ഡെമിക് എത്രത്തോളം നീണ്ടുപോകുന്നുവോ അത്രയും തരംഗങ്ങള്‍ അഥവാ വേവ്‌സ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

രോഗബാധ കൂടുന്ന സ്റ്റേറ്റുകളിലെ സ്ഥിതി നോക്കുക: ടെക്‌സസില്‍ ഒറ്റ ദിവസം കൊണ്ട് പുതുതായി 2504 കേസുകള്‍

ഇളവുകള്‍ നല്‍കി എല്ലാം തുറന്നു പ്രവര്‍ത്തിക്കുന്ന ഫ്ലോറിഡയില്‍ കഴിഞ്ഞ ഒരാഴ്ച ആകെ 8553 പുതിയകേസുകള്‍.

മെയ് 13നു ശേഷം കഴിഞ്ഞ 9 ദിവസം തുടര്‍ച്ചയായി കൂടുതല്‍ ആളുകളാണ് കാലിഫോര്‍ണിയായില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നത്.

ഗവര്‍ണറുടെ സ്റ്റേ-അറ്റ് ഹോം ഉത്തരവ് സംസ്ഥാന സുപ്രീം കോടതി അസാധുവാക്കിയതിന് കൃത്യം രണ്ടാഴ്ച കഴിഞ്ഞാണ് വിസ്‌കോണ്‍സിന്‍ പുതിയ അണുബാധകളിലെയും മരണങ്ങളിലെയും ഏറ്റവും വലിയ ഏകദിന വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

കൊറോണ വൈറസിന്റെ തിരിച്ചുവരവ് ജനതക്കും സമ്പദ്വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ തരംഗം പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ ഇത് ചെറുതാണ്, അങ്ങകലെയാണ്, പക്ഷേ അത് വരുന്നുണ്ട്' ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്ത്ത് സെക്യൂരിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എറിക് ടോണര്‍ പറഞ്ഞു

സംസ്ഥാനങ്ങള്‍ തുറന്നതിനു വൈറസിന്റെ രണ്ടാം വരവുമായി എത്ര കണ്ട് ബന്ധമുണ്ടെന്നു വ്യക്തമല്ല. രണ്ടാഴ്ചയായി അമേരിക്കയിലൂടനീളം നടക്കുന്ന പ്രതിക്ഷേധപ്രകടനങ്ങള്‍ കൂടുതല്‍ ആണുവ്യാപനത്തിനു കരണമായിട്ടുണ്ടോ എന്ന് പറയാന്‍ ഇനിയും സമയമായിട്ടില്ലെന്നു ആരോഗ്യ വിദഗ്ധര്‍.

ലോക്ക്ഡൗണ്‍ മാറ്റി വീണ്ടും പൂര്‍ണ്ണമായി തുറന്ന ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നായ ജോര്‍ജിയയില്‍, ഒന്നര മാസമായി ഹെയര്‍ സലൂണുകള്‍, ടാറ്റൂ പാര്‍ലറുകള്‍, ജിമ്മുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. പല ആഴ്ചകളിലെ കുറഞ്ഞ കേസ് നിരക്കില്‍ നിന്നും ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ ആദ്യത്തെ കൊറോണ വൈറസ് രോഗം കണ്ടു പിടിച്ചപ്പോള്‍ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കാലിഫോര്‍ണിയ. എന്നിട്ടു പോലും ഇളവുകള്‍ പ്രഖ്യാപിച്ച് വീണ്ടും തുറന്നപ്പോള്‍ ആശുപത്രിയിലായവരുടെ എണ്ണം കൂടി. ഇത് കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നത് മൂലമാണെന്ന് സംസ്ഥാനം വ്യാഖ്യാനിക്കുന്നെങ്കിലും തയ്യാറായി ഇരിക്കണം എന്ന സൂചനയാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

ടെക്‌സസില്‍ ബുധനാഴ്ച ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 4.7% ആയി ഉയര്‍ന്നു. കൃത്യമായ ക്രമീകരണമില്ലാതെ ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചതിനു ഗവര്‍ണ്ണര്‍ ഗ്രെഗ് അബോട്ട് വിമര്‍ശനം നേരിടുന്നു.

ആളുകള്‍ പ്രീ-കോവിഡ് നിലകളിലേക്ക് തിരിച്ചുവരികയാണെന്ന് മൊബൈല്‍ -ഫോണ്‍ ഡാറ്റ കാണിക്കുന്നു എന്ന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലാഡല്‍ഫിയയുടെ പോളിസി ലാബ് അഭിപ്രായപ്പെട്ടു.

അരിസോണയില്‍ പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്ടെന്നു വര്‍ദ്ധിച്ചു. ജൂണ്‍ 2 ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,187 ല്‍ എത്തി. അടിയന്തര സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ ഈ ആഴ്ച അരിസോണട ആരോഗ്യ വകുപ്പ് ആശുപത്രികളോട് ആവശ്യപ്പെട്ടു.

'രണ്ടാം തരംഗം ആദ്യ തരംഗത്തെ കൃത്യമായി പ്രതിഫലിപ്പിക്കില്ല,' അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയുടെ റോളിന്‍സ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ ലാന്‍സ് വാലര്‍ പറഞ്ഞു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക