Image

ആശ്ചര്യചിഹ്നം : പുഷ്പമ്മ ചാണ്ടി

Published on 15 June, 2020
ആശ്ചര്യചിഹ്നം : പുഷ്പമ്മ ചാണ്ടി

അക്ഷരങ്ങൾ തമ്മിൽ രമിക്കുന്ന  ഇടത്തെല്ലാം ഞാനുണ്ടായിരുന്നു ..
ഭാഷ പഠിക്കാൻ തുടങ്ങിയ നാൾ മുതൽ, നിങ്ങളുടെ കൂടെ.., അത്ഭുതപെടുത്തിയും , പ്രശംസിച്ചും, എല്ലാ തീവ്ര വികാരങ്ങൾക്കുമൊപ്പം എന്തിനും ഏതിനും കൂടെ നിന്നു മൗനമായി  ഓരോ വികാരങ്ങൾ കൈമാറി. എഴുത്തുകാർ,  അവരുടെ രചനകൾ എന്നെ ആവോളം ഉപയോഗിച്ചു സമ്പൂർണ്ണമാക്കി.. 

ഞാൻ വികാരങ്ങളുടെ കൂട്ടുകാരൻ;
സന്തോഷത്തിലും , സന്താപത്തിലും 
ജയത്തിലും തോൽവിയിലും
ഒപ്പമുണ്ടായിരുന്നു.

കൃഷ്ണമണികൾ തമ്മിലിടഞ്ഞ്
കമിതാക്കൾ  ചുംബനം കൈമാറുമ്പോൾ, 
പ്രണയാത്മാക്കൾ,   അവർക്കായി സ്വസ്ഥമായ ഒരിടം കണ്ടു പിടിച്ചൊളിച്ചിരുന്നപ്പോൾ അവർക്കു തുണയായി ഞാനും പോയിരുന്നു ...

പ്രേമം നിലാവിനാൽ പൊതിഞ്ഞപ്പോൾ, 
ദാമ്പത്യം മധുരനാരങ്ങകൾ സമ്മാനിച്ചപ്പോൾ, 
വിരഹം പൊട്ടിക്കരയിച്ച നിമിഷങ്ങളിൽ  
അലമുറയിട്ടുറ്റവർ പോയപ്പോൾ ....
എല്ലായിടത്തും  അവരറിയാതെ അവരോടൊപ്പം ഞാനും...

കുറച്ചുനാളായിട്ടെന്നെ ചിലർ സാഹിത്യകാരന്മാരുടെ മാത്രം സ്വകാര്യ സ്വത്താക്കിവച്ചിരിക്കുന്നു. 
കുഞ്ഞുങ്ങൾ  എന്നെ തിരിഞ്ഞുപോലും നോക്കാതെയായി. യുവാക്കൾ, എന്തിനു വൃദ്ധന്മാർ പോലും, അവർ പഠിച്ചിരുന്നതെല്ലാം വിസ്മൃതിയിലാക്കി. മിക്കവരും  എന്നെ ഉപേക്ഷിച്ചു കഴിഞ്ഞു..  എങ്ങുനിന്നോ വന്ന 'ഇമോജി' കുഞ്ഞുങ്ങളുമായാണ് അവർക്കിപ്പോൾ കൂട്ട്.  എൻ്റെ വികാരങ്ങളെ അവർ തട്ടിയെടുത്തു ...എനിക്കുളള സ്ഥാനം ഇപ്പോൾ എവിടെയാണ്..?  അതേ,  ഞാൻ ഇപ്പോൾ എന്നെ തേടിക്കൊണ്ടിരിക്കുന്നു. ഇനിയൊരു തിരുച്ചു വരവ് എനിക്കുണ്ടാവുമോ ?
കണ്ണീരോടെ .... 
ഞാൻ നിങ്ങളുടെ സ്വന്തം കുലീന "ആശ്ചര്യചിഹ്നം"..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക