Image

ആശുപത്രികള്‍ ഹൈഡ്രൊക്‌സി ക്ലോറോക്വിന്‍ ഇനി രോഗിക്കു നല്കരുതെന്ന് എഫ്.ഡി.എ

Published on 15 June, 2020
ആശുപത്രികള്‍ ഹൈഡ്രൊക്‌സി ക്ലോറോക്വിന്‍ ഇനി രോഗിക്കു നല്കരുതെന്ന് എഫ്.ഡി.എ
വാഷിംഗ്ടണ്‍, ഡിസി: പ്രസിഡന്റ് ട്രമ്പ് കൊട്ടിഘോഷിച്ച ഹൈഡ്രൊക്‌സി ക്ലോറോക്വിന്‍ ഇനി കോവീഡ് രോഗികള്‍ക്ക് നല്കരുതെന്നു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്റ്റ്രേഷന്‍. മലേറിയക്ക് ഉപയോഗിക്കുന്ന ഈ മരുന്ന് കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണു ചെയ്യുന്നതെന്നു എഫ്.ഡി.എ പറയുന്നു. അടിയന്തര ഘട്ടത്തില്‍ ഈ മരുന്നു കോവിഡിനെതിരെ ഉപയോഗിക്കാമെന്നു എഫ്.ഡി.എ മാര്‍ച്ചില്‍ നിര്‍ദേശിച്ചിരുന്നു. അതാണു തിരുത്തിയത്.

എഫ്.ഡി. എ തീരുമാനം താന്‍ അറിഞ്ഞില്ലെന്നു പ്രസീഡന്റ് ട്രമ്പ് പ്രതികരിച്ചു. താന്‍ ഈ മരുന്നു കഴിച്ചതു കൊണ്ട് ഒരു ദോഷവും വന്നില്ല.

ആശുപത്രിയില്‍ ഈ മരുന്നു കൊടുക്കില്ലെങ്കിലും ഏതെങ്കിലും ഡോക്ടര്‍ക്ക് തന്റെ പേഷ്യന്റിനു ഈ മരുന്നു നല്‌കേണ്ടതാവശ്യമാണെന്നു തോന്നിയാല്‍ അങ്ങനെ ചെയ്യാമെന്ന് ഹെല്ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി അലക്‌സ് അസര്‍ വിശദീകരിച്ചു. അദ്ദേഹത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് എഫ്.ഡി.എ.

തിങ്കളാഴ്ച വൈകിട്ട് 7 മണി വരെ അമേരിക്കയിലാകെ 419 പേര്‍ മരിച്ചു. ന്യു യോര്‍ക്കില്‍ 40, ന്യു ജെഴ്‌സിയില്‍ 49, കാലിഫോര്‍ണിയയില്‍ 28, ജോര്‍ജിയയില്‍ 43, പെന്‍സില്‍ വേനിയയില്‍ 32 എന്നിങ്ങനെ.

ന്യു യോര്‍ക്കില്‍ 663,ന്യു ജെഴ്‌സിയില്‍ 363 വീതം പേര്‍ക്കാണു പുതുതായി രോഗം ബാധിച്ചത്.എന്നാല്‍ കാലിഫോര്‍ണിയ 2474, ടെക്‌സസ് 1805, ഫ്‌ലോറിഡ 1758, അരിസോണ 1014 വീതം രോഗബാധിതരുണ്ടായി. രോഗം ന്യു യോര്‍ക്ക് മേഖലയില്‍ നിന്നു മറ്റിടങ്ങളിലേക്കു ചേക്കേറുന്നുവെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്.

ഇതേ സമയം ന്യു യോര്‍ക്ക് സിറ്റിയിലും ലോംഗ് ഐലന്‍ഡിലെ ഹാമ്പ്ടണ്‍സിലും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ തിരിച്ചു കൊണ്ടു വരുമെന്ന ഗവര്‍ണര്‍ ആന്‍ഡ്രു കോമൊ വ്യക്തമാക്കി. ന്യു യോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോയോടും പ്രാദേശിക അധിക്രുതരോടും ഈ നിയമം കര്‍ശനമായി നടപ്പാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രോഗബാധിതരുടെ എണ്ണം കൂടുന്ന മറ്റ് 22 സ്റ്റേറ്റുകളെപ്പോലെ ന്യു യോര്‍ക്കും ആയിത്തീരാതിരിക്കാന്‍ നിയന്ത്രണം പാലിച്ചെ തീരു-ഗവര്‍ണര്‍ പറഞ്ഞു.

ന്യുയോര്‍ക്ക് സ്റ്റേറ്റില്‍ 1608 പേരാണു രോഗം ബാധിച്ച് ആശുപത്രിയില്‍. കാല്‍ ലക്ഷത്തോളം പേര്‍ സ്റ്റേറ്റില്‍ മരിച്ചു.

ഇതെ സമയം ന്യു യോര്‍ക്ക് സിറ്റിയില്‍ സാദാ വേഷത്തിലുള്ള (പ്ലെയിന്‍ ക്ലോത്ത് സ്‌മെന്‍) പോലീസിംഗ് അവസാനിപ്പിക്കുമെന്ന് പോലീസ് കമ്മീഷണര്‍ ഡെര്‍മട്ട് ഷെയ അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനത്തില്‍ ന്യുന പക്ഷ സമൂഹത്തില്‍ നിന്ന് ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഭാഗത്തില്‍ പെട്ട 600 പേരെ മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കു മാറ്റുമെന്ന് ഷെയ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക