Image

കുഞ്ഞുങ്ങൾ വാഹനത്തിനുള്ളിൽ ചൂടേറ്റു മരിച്ച സംഭവം ; പിതാവ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി

പി.പി.ചെറിയാൻ Published on 16 June, 2020
കുഞ്ഞുങ്ങൾ വാഹനത്തിനുള്ളിൽ ചൂടേറ്റു മരിച്ച സംഭവം ; പിതാവ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി
ഒക്‌ലഹോമ ∙ നാലും മൂന്നും വയസ്സു വീതമുള്ള കുഞ്ഞുങ്ങൾ ട്രക്കിനകത്ത് ചൂടേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ച പിതാവ് ഡസ്റ്റിൻ ലി ഡെന്നിസിനെ (31) ജയിൽ വിമോചിതനാക്കിയെന്നു ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. ജൂൺ 13 ശനിയാഴ്ചയായിരുന്നു സംഭവം. നാലു വയസ്സുകാരൻ ടിഗനും സഹോദരൻ മൂന്നു വയസ്സുകാരൻ ഡെന്നിസും ആണു മരിച്ചത്.
രാവിലെ കുട്ടികളുമായി പിതാവ് തൊട്ടടുത്തുള്ള ക്വിക്ക്  ട്രിപ്പ് കൺവീനിയൻസ് സ്റ്റോറിൽ പോയി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ കയറിയ ഉടനെ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തിൽ നിന്നും ഉണർന്ന് കുട്ടികളെ നോക്കിയപ്പോഴാണ് വീട്ടിനകത്തില്ല എന്നു മനസ്സിലായത്. ഉടൻ പുറത്തിറങ്ങി പാർക്ക് ചെയ്തിരുന്ന ട്രക്കിനകത്തേക്കു നോക്കിയപ്പോൾ രണ്ടു പേരും ട്രക്കിനകത്ത് ചലന രഹിതരായി കിടക്കുന്നതാണ് കണ്ടത്. ഉടനെ രണ്ടു പേരേയും വീട്ടിനകത്തേക്ക് കൊണ്ടു വന്നു പൊലീസിനെ വിവരം അറിയിച്ചു. അവർ എത്തി പരിശോധിച്ചപ്പോൾ ഇരുവരും മരിച്ചിരുന്നു. പുറത്ത് 90 ഡിഗ്രിയായിരുന്നു താപനില.
കുട്ടികളെ പുറത്തിറക്കി എന്നാണ് ഞാൻ വിചാരിച്ചത്. – ചോദ്യം ചെയ്തപ്പോൾ പിതാവ് ഡെന്നിസ് പൊലീസിനോട് പറഞ്ഞു. അടുത്തുള്ള ക്യാമറകൾ പരിശോധിച്ചപ്പോൾ ഡെന്നിസ് ട്രക്കിൽ നിന്നു തനിയെ ഇറങ്ങി പോകുന്നതായി കണ്ടെത്തി. ഇതിനെ തുടർന്നാണു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. 750,000 ഡോളർ ജാമ്യവും അനുവദിച്ചിരുന്നു.
പിന്നീട് വിവിധ ക്യാമറകൾ പരിശോധിച്ചപ്പോൾ കുട്ടികൾ തനിയെ ട്രക്കിൽ കയറിയതാണെന്നും തുറന്നു പുറത്തിറങ്ങാൻ കഴിയാതിരുന്നതുമാണ് അഞ്ചു മണിക്കൂറോളം ട്രക്കിനകത്ത് അകപ്പെടുന്നതിനും ചൂടേറ്റ് മരിക്കുന്നതിനും കാരണമായതെന്നും ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു.പിതാവിനെതിരെയുള്ള ചാർജ് ഒഴിവാക്കിയെന്നും ജയിൽ വിമോചിതനാക്കിയെന്നും ഓഫിസ് അറിയിച്ചു. 
കുഞ്ഞുങ്ങൾ വാഹനത്തിനുള്ളിൽ ചൂടേറ്റു മരിച്ച സംഭവം ; പിതാവ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക