Image

കോവിഡിനെതിരേ പ്രതിരോധം നല്‍കാന്‍ പോളിയോ വാക്‌സിനു സാധിക്കുമെന്ന് പഠനം

Published on 16 June, 2020
കോവിഡിനെതിരേ പ്രതിരോധം നല്‍കാന്‍ പോളിയോ വാക്‌സിനു സാധിക്കുമെന്ന് പഠനം

ആംസ്റ്റര്‍ഡാം: കൊറോണ വൈറസിനെ താത്കാലികമായി പ്രതിരോധിച്ചു നിര്‍ത്താന്‍ പോളിയോ വാക്‌സിനു സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ സയന്‍സിലാണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിര്‍വീര്യമാക്കപ്പെട്ട ജീവനുള്ള വൈറസുകളെയാണ് പോളിയോ വാക്‌സിനുവേണ്ടി ഉപയോഗിക്കുന്നത്. ഈ വാക്‌സിന്‍ സ്വീകരിച്ച ആളില്‍ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. പോളിയോയ്‌ക്കെതിരെ മാത്രമല്ല അതുമായി ബന്ധമില്ലാത്ത മറ്റ് രോഗവാഹകര്‍ക്കെതിരെയും ഈ വാക്‌സിന്‍ പ്രതിരോധ ശേഷി നല്‍കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

വില്ലന്‍ ചുമ, ക്ഷയം എന്നീ രോഗങ്ങള്‍ക്കെതിരായ വാക്‌സിനുകളും പലതരം അണുബാധകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നതായും ഗവേഷകര്‍ പറയുന്നു. കോവിഡ് ബാധിക്കുന്നതിന് കാരണം അണുബാധകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതിനാലാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനാല്‍ ജീവനുള്ളതും എന്നാല്‍ രോഗകാരികളല്ലാത്തതുമായ അണുക്കളെ ഉപയോഗിച്ചുള്ള വാക്‌സിനുകളിലൂടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് അതിലൂടെ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറയ്ക്കാമെന്നാണ് കണ്ടെത്തല്‍.

അതിനാല്‍ ഓറല്‍ പോളിയോ വാക്‌സിന്‍ ഉപയോഗിച്ചുള്ള റാന്‍ഡം പരിശോധനയില്‍ ഗുണപരമായ മാറ്റം കാണുകയാണെങ്കില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള ദുര്‍ബലരായ ആളുകളില്‍ ഈ പോളിയോ വാക്‌സിന്‍ ഉപയോഗിച്ച് അവരെ രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക