Image

കാലത്തിന്റെ മേക്ക് ഓവറുകൾ: ആൻസി സാജൻ

Published on 17 June, 2020
കാലത്തിന്റെ മേക്ക് ഓവറുകൾ: ആൻസി സാജൻ
ആരോഗ്യം മാസികയുടെ കവറിൽ അമ്പരപ്പിക്കുന്ന മേക്ക് ഓവറിലെത്തിയ മോളി കണ്ണമ്മാലിയാണ് ഇപ്പോഴത്തെ യഥാർത്ഥ താരം. മനുഷ്യർക്ക് സാഹചര്യങ്ങളൊത്തു വന്നാൽ എത്ര വേഗം മാറാം എന്നതിന് ഒന്നാന്തരം തെളിവ്. എന്തായാലും ഇത് ഒരു അത്യുഗ്രൻ ഐഡിയ ആയിരുന്നു.പുറകിൽ പ്രവർത്തിച്ച ബുദ്ധികൾ അഭിനന്ദനമർഹിക്കുന്നു.
മോളി കണ്ണമ്മാലിയുടെ അസാധാരണമായ ജീവിത വീക്ഷണവും അനുഭവസമ്പത്തും അവരെ ശക്തയാക്കിയെന്നത് നിസ്തർക്കമാണ്. ബലഹീനയായി കരയുന്നവളായി മുൻപൊരിക്കൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് അനുകമ്പനേടിയ അവരെ എത്ര വേഗമാണ് ആരോഗ്യമുള്ള ഒരു കാഴ്ചയായി നാം കാണുന്നത്. 
വലിയ മാറ്റങ്ങളാണ് ഇക്കാലയളവിൽ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കവർ ചിത്രവും ഒരു സൂചനയാണ്. നേട്ടങ്ങൾ ആരുടെയും കുത്തകയല്ല;അരികിലേക്ക് ആരെയും മാറ്റി നിർത്താനാവില്ല എന്നതിന്റെയൊക്കെ കൈ ചൂണ്ടി.
കണ്ണമ്മാലി എന്നത് വീട്ടുപേരല്ലെന്നു തോന്നുന്നു. അതൊരു സ്ഥലപ്പേരാവാം.'ചാളമേരി' എന്നു പറഞ്ഞിരുന്ന നാവുകൾ മോളി കണ്ണമാലി എന്നും മോളി ചേച്ചി എന്നും വിളിക്കുന്നതിലെ ധ്വനികൾ എത്ര സ്നേഹനിർഭരമാണ്.
പുലർകാല ചാനൽ പരിപാടികളിൽ മോളി ചേച്ചീ എന്ന് ആവർത്തിച്ചാവർത്തിച്ച് വിളിക്കുന്നത് കേൾക്കുമ്പോൾ ശങ്കരാടിയെ ഓർമ്മ വന്നു.. പ്രിയദർശന്റെ മിന്നാരം സിനിമയിൽ ആ 'കുരുന്നിന്റെ വിളി കേട്ടാൽ കുളിര് കോരും 'എന്ന് അദ്ദേഹം പറഞ്ഞതുപോലെ. അതുപോലെ ചില ഘട്ടങ്ങളിൽ കണ്ണമ്മാലി എന്നാണ് അവതാരകർ നടിയെ വിളിക്കുന്നത്.ഇന്ത്യൻ പ്രണയ കഥയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ'അയ്മനം എന്ന് വിളിക്കും പോലെയും തോന്നി.
വീട്ടു പേരും സ്ഥലപ്പേരുമൊക്കെ പേരിന്റെ വാലറ്റമായി ചേർത്ത് പ്രശസ്തിയാർജ്ജിക്കുന്ന വ്യക്തിത്വങ്ങളെയും ഇവിടെ ഓർക്കാം. ഒരു പ്രത്യേക തത്വത്തിനായി ഒത്തുചേർന്ന് പ്രവർത്തിക്കുന്ന വലിയ കൂട്ടായ്മകളിലൊക്കെ ഉള്ളവർ പ്രത്യേകം പ്രത്യേകം വീട്ടു പേരുകൾ വഹിക്കുന്നത് വലിയൊരു കൗതുകമായി തോന്നിയിട്ടുണ്ട്. ആ പേരുകളൊക്കെ ഒന്നോടിച്ചു വായിച്ചാൽ കൗതുകം ഇരട്ടിക്കും.
ഇവർ ചെയ്യുന്നതെല്ലാം അതിലുൾപ്പെട്ട എല്ലാവരെയും ഗുണമായും ദോഷമായും ബാധിക്കുമെന്നതും ചിന്തനീയം.
കൊറോണക്കാലം അടിമുടി മാറ്റങ്ങളാണ് വരുത്തി വയ്ക്കുന്നതെന്ന് മൊത്തത്തിൽ പറയാം. ഇതിൽ വളരെ പ്രധാനപ്പെട്ടതായി കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു. അത്യാവശ്യമെങ്കിൽ മൃതദേഹം വീടുകളിൽ സംസ്കരിക്കാം എന്ന് ക്രിസ്ത്യാനികളുടെ മേലധികാരികൾ പ്രസ്താവിച്ചതായി പറയുന്ന ആ വാർത്ത കണ്ട് നടുങ്ങിപ്പോവാത്ത ഹൃദയങ്ങൾ ഉണ്ടാവുമോ ..?
കോവിഡ് മൂലം മരണപ്പെടുന്നവരെയാകും ഉദ്ദേശിച്ചത് .. 
സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാത്തതുപോലെ കോവിഡ് ഭീതി മൂലം അടക്കത്തിന് ഭയപ്പെടുന്നതാവുമോ കാരണം?
ശാസ്ത്രീയമായ ദഹിപ്പിക്കൽ എന്ന ആശയം സാർവ്വത്രികമാക്കുന്നതിന്റെ സൂചനയാണോ ഇത്...?
ഏതായാലും തെമ്മാടിക്കുഴികളിൽ ഉറങ്ങുന്ന വിശുദ്ധർ ഉണർന്ന് ദൈവത്തോട് സൊറ പറഞ്ഞിരിക്കുന്ന ഒരു ചിത്രവും മനസ്സിലെത്തുന്നു. 
എന്തായാലും
മോളി കണ്ണമ്മാലിയും സാമൂഹിക മാറ്റങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു.
ancysajans@gmail.com
കാലത്തിന്റെ മേക്ക് ഓവറുകൾ: ആൻസി സാജൻ
Join WhatsApp News
Sana Rubeena 2020-06-17 01:32:51
മനോരമ സ്പെഷ്യൽ ചുവടുവെപ്പാണ് നടത്തിയത്. 2020 ആണല്ലോ. Beauty meets quality and intelligence എന്നുതന്നെ ടോവിനോയുടെ വാക്കുകൾ കടമെടുക്കാം. എങ്കിലും കറുപ്പിന്റെ കറുത്ത് എന്ന അടിക്കുറിപ്പ് വേണ്ടായിരുന്നു. വെളുപ്പിന്റെ ശാക്തീകരണം എന്ന് കൊട്ടിഘോഷിക്കാറില്ലല്ലോ. വർണ്ണങ്ങൾ എവിടെയും വിഷയമാവുന്നു ഈ new gen കാലത്തും. മോഡൽസ് മാത്രമല്ല ജീവിതമുഖങ്ങൾ എന്ന് തെളിയിച്ച മനോരമയ്ക്കും മോളിക്കും അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക