Image

വന്ദേഭാരത് മിഷനിലെ യാത്രാ വിമാനം അവസാനനിമിഷം റദ്ദാക്കി; എയര്‍ഇന്ത്യയുടെ നിരുത്തരവാദിത്വം യാത്രക്കാരെ വലച്ചു

Published on 17 June, 2020
വന്ദേഭാരത് മിഷനിലെ യാത്രാ വിമാനം അവസാനനിമിഷം റദ്ദാക്കി; എയര്‍ഇന്ത്യയുടെ നിരുത്തരവാദിത്വം യാത്രക്കാരെ വലച്ചു


റിയാദ്: ബുധനാഴ്്ച റിയാദില്‍ നിന്നും കൊച്ചിയിലേക്കും വ്യാഴാഴ്ച ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്കും പോകേണ്ട വന്ദേ ഭാരത് മിഷനിലെ രണ്ടു എയര്‍ ഇന്ത്യ വിമാനങ്ങളും അവസാന നിമിഷം റദ്ദാക്കിയത് കാരണം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റിയാദിലേക്കും ദമ്മാമിലേക്കും എത്തിയ യാത്രക്കാര്‍ വലഞ്ഞു.

ബുധനാഴ്ച റിയാദില്‍ നിന്നും കൊച്ചിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം എ ഐ 1932 സാങ്കേതിക കാരണങ്ങളാല്‍ ജൂണ്‍ 19 നും ദമ്മാമില്‍ നിന്നും 18 നു തിരുവനന്തപുരത്തേക്ക് പോകേണ്ട എഐ 1942 വിമാനം ജൂണ്‍ 20 നും ആണ് പുറപ്പെടുകയെന്ന് ചൊവ്വാഴ്ച വൈകുന്നേരം മാത്രമാണ് യാത്രക്കാരില്‍ ചിലര്‍ക്ക് അറിയിപ്പ് ലഭിച്ചത്.

സൗദി അറേബ്യയിലെ രാത്രി സമയങ്ങളിലെ കര്‍ഫ്യു നിയന്ത്രങ്ങള്‍ കാരണം കൊച്ചി വിമാനത്തില്‍ പോകാനായി ഒരു ദിവസം മുന്നേ റിയാദിലെത്തി ഹോട്ടലില്‍ കഴിയുന്ന ഗര്‍ഭിണികളടക്കമുള്ള യാത്രക്കാരാണ് പാതിവഴിയില്‍ കുടുങ്ങിയത്. ഇവരില്‍ പ്രായം ചെന്നവരും രോഗികളും വിസ കാലാവധി കഴിഞ്ഞ സന്ദര്‍ശന വിസക്കാരുമുണ്ട്. കഴിഞ്ഞ ദിവസം റിയാദില്‍ വൃക്ക സംബന്ധമായ അസുഖം മൂലം മരണമടഞ്ഞ മലയാളിയുടെ കുടുംബവും ഈ വിമാനത്തില്‍ പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു. ബുറൈദ, ഹയില്‍, ദാവാദ്മി, ഹോത്ത സുദൈര്‍, മജ്മഹ, അല്‍ഖര്‍ജ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും റിയാദിലെത്തിച്ചേര്‍ന്നവര്‍ക്കാണ് തിരിച്ചു പോകാനാകാതെ അടുത്ത മൂന്ന് ദിവസം കൂടി റിയാദില്‍ കഴിയേണ്ട അവസ്ഥയുണ്ടായത്.

റിയാദില്‍ നിന്നും ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പറക്കേണ്ട എ ഐ 1932 വിമാനത്തിന് പകരം അടുത്ത വെള്ളിയാഴ്ച 2 മണിക്ക് എഐ 0924 വിമാനമായിരിക്കും കൊച്ചിയിലേക്ക് പറക്കുക എന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ ചുമതല നല്‍കിയിരുന്ന ചില ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നതിനാല്‍ പകരം ആളുകളെ നിയമിക്കാനാണ് കാലതാമസം വന്നതെന്നാണ് എയര്‍ ഇന്ത്യ ഓഫിസില്‍ നിന്നും അറിയാന്‍ സാധിച്ചത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക