Image

മിഷിഗൺ ഗ്രീൻ സോണിൽ

അലൻ ചെന്നിത്തല Published on 18 June, 2020
മിഷിഗൺ ഗ്രീൻ സോണിൽ
മിഷിഗൺ: അമേരിക്കയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നായി മിഷിഗൺ മാറുകയും ഗ്രീൻ സോണിൽ സ്ഥാനം നേടുകയും ചെയ്‌തു. കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ ലോക്‌ഡോൺ  നിലപാടുകൾ സ്വീകരിക്കുകയും നടപ്പാക്കുകയും  ചെയ്തതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മിഷിഗൺ മേയർ വിറ്റ്മറിനു അഭിമാനിക്കാവുന്ന നേട്ടമാണ് സംസ്ഥാനത്ത്‌ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കി ഗ്രീൻ സോണിൽ എത്തുവാൻ സാധിച്ചത്.

ജനങ്ങളുടെ ജീവനാണ് പ്രധാനം എന്നും അത് പരിരക്ഷിക്കേണ്ട ചുമതലയാണ് ഒരു ഭരണാധികാരിയുടെ കടമയെന്നും തെളിയിച്ചു കൊണ്ട് മേയർ വിറ്റ്മർ മാതൃകയാകുന്നു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും സാമൂഹ്യ പരിരക്ഷ പ്രവർത്തകരും നടത്തിയ പഠനത്തിൽ മിഷിഗൺ, ന്യൂയോർക്, ന്യൂജേഴ്‌സി എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയത്. സേഫ് സ്റ്റാർട്ട് പ്ലാൻ പ്രകാരം മിഷിഗൺ സംസ്ഥാനത്തെ എട്ടു റീജിയണുകളായി തിരിച്ചിരുന്നു അതിൽ രണ്ടു റീജിയണുകൾ ഫേസ് അഞ്ചിലും ആറു റീജിയണുകൾ ഫേസ് നാലിലും എത്തിയിട്ടുണ്ട്. ഇപ്പോൾ മിഷിഗണിൽ കോവിഡ് കേസുകൾ വളരെ കുറയുകയും മറ്റുള്ളവരിലേക്കുള്ള വ്യാപനം .82 എന്ന തോതിൽ താഴുകയും ചെയ്തിട്ടുണ്ട്. ഈ നിലയിൽ മുമ്പോട്ടു പോയാൽ സ്കൂളുകൾ ഫാൾ സീസണോടുകൂടി തുറക്കുവാൻ സാധിക്കുമെന്ന് മേയർ ആഗ്രഹം പ്രകടിപ്പിച്ചു.

മിഷിഗണിൽ ഇപ്പോഴും കോവിഡ് വൈറസ് നിലനിൽക്കുന്നുണ്ടെന്നും ജാഗ്രത കൈവെടിയാതെ സാമൂഹ്യ അകലം പാലിച്ചും മറ്റു പരിരക്ഷ നടപടികൾ തുടരുകയും ചെയ്തില്ലെങ്കിൽ വീണ്ടും വ്യാപനത്തിന് ഇടയാകുമെന്നും മേയർ ഓർമിപ്പിച്ചു. വളരെ ജാഗ്രതയോടുകൂടി മാത്രമേ പൂർണമായും ലോക്കഡോൺ എടുത്തുമാറ്റുവാൻ സാധിക്കുകയുള്ളു അല്ലാത്തപക്ഷം ആശുപത്രികൾ വീണ്ടും നിറഞ്ഞുകവിയുന്ന അവസ്ഥയിൽ എത്തിച്ചേരും. ഇപ്രകാരം കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് മിഷിഗൺ നിവാസികൾ ആത്മാർത്ഥതയോടും ജാഗ്രതയോടുംകൂടി നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചതിന്റെ പ്രതിഫലനമാണന്നും ഈ പ്രവർത്തനത്തിൽ ഒപ്പം നിന്ന ജനങ്ങളോടൊപ്പം എന്നും താനുണ്ടാകുമെന്നും മേയർ വിറ്റ്മർ പറഞ്ഞു.

കോവിഡ് പൂർണമായും തുടച്ചുനീക്കുവാൻ നമുക്ക് ഒന്നിച്ചു തുടർന്നും പോരാടാമെന്നും നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്നും മേയർ പ്രത്യാശ പ്രകടിപ്പിച്ചു.

മിഷിഗൺ ഗ്രീൻ സോണിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക