Image

കല കുവൈറ്റിന്റെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നു

Published on 18 June, 2020
 കല കുവൈറ്റിന്റെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നു


കുവൈറ്റ് സിറ്റി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ചാര്‍ട്ട് ചെയ്ത രണ്ടാമത്തെ വിമാനം ജൂണ്‍ 18നു (വ്യാഴം) വൈകുന്നേരം 4.05 നു കൊച്ചിയിലേക്ക് പുറപ്പെട്ടു.

ഗര്‍ഭിണികള്‍, രോഗികള്‍, പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വിവിധ പരീക്ഷകള്‍ക്കായി നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ തുടങ്ങി മുന്‍ഗണനാ ക്രമത്തിലുള്ള 322 പേരും 8 കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 330 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതോടെ കല ചാര്‍ട്ട് ചെയ്ത രണ്ടു വിമാനങ്ങളിലായി ഇതുവരെ 662 പേര്‍ നാട്ടിലേക്ക് പോയിട്ടുണ്ട്.

യാത്രക്കാര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തില്‍ വോളന്റിയര്‍മാരുടെ സേവനം എയര്‍പോര്‍ട്ടില്‍ ലഭ്യമാക്കിയിരുന്നു. നാട്ടില്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ ഡിക്ലറേഷന്‍ ഫോമുകള്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. നിറഞ്ഞ സംതൃപ്തിയോടെയാണ് എല്ലാവരും യാത്രയായത്. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ കല കുവൈറ്റ് നടത്തുന്ന ഇടപെടലുകള്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് ഏവരും അഭിപ്രായപ്പെട്ടു.

ചാര്‍ട്ടേഡ് വിമാന സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച കുവൈറ്റ് ഗവണ്‍മെന്റ്, കുവൈറ്റ് എയര്‍വേസ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നതായും മൂന്നാം ഘട്ട യാത്രയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക