Image

ഇളവ് നല്‍കണമെന്ന് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ആവശ്യപ്പെട്ടു.

Published on 19 June, 2020
ഇളവ് നല്‍കണമെന്ന് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ആവശ്യപ്പെട്ടു.
ദമ്മാം: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച്, കോവിഡ്-19  റാപ്പിഡ് ടെസ്റ്റ് സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിവരുന്ന സമയം കണക്കിലെടുത്ത്, നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്, മൂന്നാഴ്ചത്തേയ്ക്ക് മരവിപ്പിയ്ക്കണമെന്ന്, കിഴക്കന്‍ പ്രവിശ്യയിലെ നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിലവില്‍ റാപ്പിഡ് ടെസ്റ്റ് സൗദി അറേബ്യന്‍ ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ആശുപത്രികള്‍ക്ക് നിയമപരമായി ഈ ടെസ്റ്റ് നടത്താനോ, കോവിഡ് നെഗറ്റീവ് നല്‍കുവാനോ കഴിയുകയില്ല. അതിനായി കേരളസര്‍ക്കാര്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ സൗദി ആരോഗ്യവകുപ്പുമായി നയതന്ത്രചര്‍ച്ചകള്‍ നടത്തി, യാത്രയ്ക്ക് വേണ്ടി റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ഉത്തരവ് നേടിയെടുക്കേണ്ടതുണ്ട്. ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ടെസ്റ്റിങ്ങും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്താനായി കൃത്യമായ ഒരു സിസ്റ്റം ഉണ്ടാക്കേണ്ടിയിരിയ്ക്കുന്നു.കേരളസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, ഇന്ത്യന്‍ എംബസ്സി, സൗദി സര്‍ക്കാര്‍, സൗദി ആരോഗ്യവകുപ്പ്, വിവിധ ആശുപത്രികള്‍ എന്നിങ്ങനെ വിവിധവിഭാഗങ്ങളെ യോജിപ്പിച്ചു മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയൂ.  ഇതിനൊക്കെ സമയം ആവശ്യമുണ്ട്.

ഈ വസ്തുതകള്‍  കണക്കിലെടുത്ത്, കേരളസര്‍ക്കാരിന്റെ നേതൃത്വത്തില്‍ അടിയന്തരമായി ടെസ്റ്റിങ് സൗകര്യങ്ങള്‍ മൂന്നാഴ്ചക്കകം ഒരുക്കണമെന്നും, അത് വരെ  സൗദി അറേബ്യയില്‍ നിന്നും വരുന്ന മലയാളി പ്രവാസികള്‍ക്ക് വിമാനയാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന ഉത്തരവില്‍ ഇളവ് നല്‍കണമെന്നും, നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സൗദി പ്രവാസികളുടെ ന്യായമായ ഈ ആവശ്യം കേരളസര്‍ക്കാര്‍  അടിയന്തരമായി അംഗീകരിയ്ക്കണമെന്ന് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് കണ്‍വീനര്‍ ആല്‍ബിന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു കല്ലുമല, പവനന്‍ മൂലക്കല്‍, അലികുട്ടി ഒളവട്ടൂര്‍, എം.എ.വാഹിദ്, മുഹമ്മദ് ഹനീഫ അറബി, ബഷീര്‍ ഉള്ളാനം, എം.കെ.ഷാജഹാന്‍ എന്നിവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക