Image

അതിജീവനം (കഥ: പുഷ്പമ്മ ചാണ്ടി )

Published on 19 June, 2020
അതിജീവനം  (കഥ: പുഷ്പമ്മ ചാണ്ടി )
അവൾക്കിപ്പോൾ  ഓരോ രാവും പകലും അതിജീവനത്തിന്റേതായിരിക്കുന്നു.

തന്നിലെ വിപ്ലവകാരിയെ അപ്പോളെല്ലാം അവൾ തേടിനടന്നു.. എവിടെപ്പോയൊളിച്ചു  ആ വീര്യം..' "ഇതൊന്നും 
എനിക്കിഷ്ടമില്ല "എന്നു മുഖത്തു നോക്കി പറയാനുള്ള നെഞ്ചുറപ്പ് തനിക്കു  കൈമോശം വന്നോ ? 

പക്ഷേ, അവനതൊരു 
വേദനയാകും ...താനങ്ങനെ പറഞ്ഞു കഴിഞ്ഞാൽ. 
പിന്നെ ആ വീട്ടിൽ അവൻ ഉണ്ടായിരിക്കില്ല. 
അത്രമേൽ അവളവനെ  സ്നേഹിച്ചിരുന്നു ,... എല്ലാവരോടും അവനുവേണ്ടി  വാദിച്ചു ജയിച്ചു വാങ്ങിയതാണ് ഈ ഒത്തുചേരല്‍...

"ഞാൻ ഭിന്ന ശേഷിയുള്ളവൻ ആണെന്നറിഞ്ഞിട്ടല്ലേ നീ എന്നെ പ്രണയിച്ചത് ? വിവാഹം കഴിച്ചത് ?"

"അതേ ,  എല്ലാം അറിഞ്ഞിട്ടു തന്നെയാണ്"

മനസ്സിനെ സ്നേഹിച്ചു എന്നു പറയുമ്പോഴും , ആത്‌മാവുകൊണ്ടൊന്നാകുന്നു നമ്മളൊക്കെയെന്നതു സത്യമാണ്.  പക്ഷെ, എന്റെയും അവന്റെയും ആത്മാവിനെ ഭൂമിയിൽ താങ്ങി നിർത്തിയിരിന്നിക്കുന്നതു ഈ സ്ഥൂലശരീരമല്ലേ..?

"തൂവൽത്തുണ്ടു  പോലെ വീൽ ചെയറിൽ നിന്നെ എടുത്തുവെച്ചുംകൊണ്ട്
ഭൂമിയുടെ ചുറ്റും,
കിഴക്കു നിന്ന് പടിഞ്ഞാറോട്ട്, അല്ലെങ്കിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ട്,  അങ്ങനെ എല്ലാ മെറിഡിയനുകളെയും മറികടന്നു,  നമ്മൾ  യാത്ര പോകും .
ലോകമെമ്പാടും സഞ്ചരിക്കും" എന്നൊക്കെ  പറഞ്ഞത് വേണ്ടിയിരുന്നില്ലായെന്നു  തോന്നുന്നു .
വീൽ ചെയർ  ഒന്ന് ഉന്തി വാനിൽ വെയ്ക്കാൻ പോലും ഇപ്പോൾ മനസ്സുകൊണ്ട് സാധിക്കുന്നില്ല....

പ്രണയനാളുകളിൽ അവനെ കാണുമ്പോൾ  തോന്നിയിരുന്ന ഉഷ്ണപ്രാവാഹം , ഇപ്പോൾ മഞ്ഞുകട്ടിയായി ഉറഞ്ഞു തുടങ്ങിയിരിക്കുന്നു...

ആരോടും പരാതി പറയുവാൻ വയ്യാ.. പറഞ്ഞാൽ,
ആളുകളുടെ സ്ഥിരം കഥോപകഥനം,
"എല്ലാം അറിഞ്ഞിരുന്നിട്ടല്ലേ ?" 
എന്നാവും...

എന്താണ് തനിക്കു സംഭവിച്ചത്? ആത്മാവിനെ സ്നേഹിച്ചവന്‌ ദേഹം കൈമാറിയപ്പോൾ, കിനാക്കൾ ഉൾക്കയത്തിൽ ആണ്ടുപോയോ?.

എൻ്റെ ആത്മാവിലെ പ്രണയത്തെ, പ്രേമം കൈമോശം വരരുത് എന്നൂ പറഞ്ഞു 
ചേർത്തുവെക്കുന്നതു വരെ ഞാൻ ....മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടേയില്ല...

അവിചാരിതമായി അയാൾ കടന്നു വന്നു ,  അയാളുടെ കൂട്ടുകാരൻ.. , അയാളുടെ സംഭാഷണം, ഉളളിൽ തുളഞ്ഞുകേറുന്ന നോട്ടം , ഇടക്കിക്കിടെ തന്നെക്കുറിച്ചുളള  പ്രകീർത്തനങ്ങൾ.. അതൊക്കെയാണോ തന്നെ  കാമാതുരയിക്കിയതും  അവനോടുള്ള ആവേശം അതിജീവനമാണെന്ന് തോന്നിത്തുടങ്ങിയതും?

" അരുണിമ എന്താണ് ആലോചിക്കുന്നത് ?
 എന്താ ഒരു വിഷമം നിന്‍റെ മുഖത്തു ?"
 പെട്ടെന്നുള്ള ചോദ്യം തന്നെ ഒന്ന് ഞെട്ടിച്ചു .
" എന്തൊക്കെയോ ഓർത്തു നിന്നതാണ് ?"
" കുറച്ചു ദിവസമായി ഞാൻ നിന്നോട് ഒരു കാര്യം സംസാരിക്കണമെന്നു വിചാരിക്കുകയാണ്.  എന്തോ.. സാധിക്കുന്നില്ല.  പക്ഷെ അതെനിക്കു പറയാതെ വയ്യ..

" എനിക്കെല്ലാം അറിയാം , എന്റെ  ശരീരത്തിനു  മാത്രമേ വൈകല്യം ബാധിച്ചിട്ടുള്ളു, അരുണിമാ.. ബുദ്ധിക്കു തകരാർ ഒന്നും സംഭവിച്ചിട്ടില്ല.. .  "
മറുപടി പറയാതെ അവൾ വെറുതെ അയാളെ തന്നെ നോക്കി നിന്നു.

" നമ്മൾ ഇരുപതു വയസ്സിൽ ചിന്തിക്കുന്നതും , പ്രവർത്തിക്കുന്നതും അല്ല നാൽപ്പതിൽ ചെയ്യുന്നത് .
 നിന്‍റെ ചിന്തകൾ , ഇഷ്ടങ്ങൾ ഒക്കെ മാറും , എന്റെയും. ... മാറണം , അതാണ് ജീവിതം. നമ്മൾ തമ്മിലുള്ള രസതന്ത്രം, നിനക്ക് തെറ്റിയ സ്ഥിതിക്ക് നീ എന്ത് തീരുമാനം എടുത്താലും എനിക്കു  വേദനിക്കില്ലാ എന്നു ഞാൻ പറയുന്നില്ല,
പക്ഷേ, അതല്ലേ നല്ലത്, നമുക്ക് രണ്ടുപേർക്കും ?
പിരിയാം..... എപ്പോൾ വേണമെങ്കിലും, എന്നെ ആരു സംരക്ഷിക്കും എന്നതോർത്തു 
 നീ മനസ്സു പുണ്ണാക്കേണ്ട. ഞാനും ജീവിക്കും,  ജീവിക്കേണ്ടേ ? ഒരിക്കലും നിന്നെ ഞാൻ കുറ്റപെടുത്തില്ല. 
കഴിഞ്ഞ പതിനഞ്ചു വർഷം നീ എനിക്ക് തന്ന സ്നേഹം  മറക്കാൻ സാധിക്കുമോ ? "

അരുണിമ കുറെ നേരം അയാളുടെ മുഖത്തേക്കു  തന്നെ നോക്കി നിന്നു. കണ്ണ് നിറയാതെയും കരയാൻ സാധിക്കുമെന്നവളറിഞ്ഞു.

ഓടിച്ചെന്നു അവൾ അവനെ  അവളുടെ ഗർഭപാത്രത്തിൽ ഒരു ശിശുവായി ഒളിപ്പിച്ചു, വീണ്ടും ഭൂമിയിലേക്ക് കൊണ്ടുവരാൻ  മോഹിച്ചു.  
വീൽ ചെയറിൽ ഇരുന്ന അയാളുടെ മടിയിൽ അവൾ മുഖം ഒളിപ്പിച്ചു .. അല്ല,  അവളേത്തന്നെ ഒളിപ്പിച്ചു.. അപ്പോൾ കുഞ്ഞായത് അവളായിരുന്നില്ലേ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക