Image

കോഴിക്കോട്ടേക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂരിലേക്കു പകരം ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കി കെകഐംഎ

Published on 19 June, 2020
കോഴിക്കോട്ടേക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂരിലേക്കു പകരം ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കി കെകഐംഎ

കുവൈറ്റ് : കോഴിക്കോട്ടേക്ക് വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിന് സാങ്കേതിക കാരണങ്ങളാല്‍ അവസാന നിമിഷം അനുമതി നിഷേധിക്കപെട്ടപ്പോള്‍, ഒരു മണിക്കൂറിനകം മുഴുവന്‍ യാത്രക്കാരെയും ബന്ധപെട്ടു ഒരു ദിവസം നേരത്തെ കണ്ണൂരിലേക്കു മറ്റൊരു ചാര്‍ട്ടേര്‍ഡ്വിമാനം ഏര്‍പ്പാടാക്കി കെകഐംഎ.

99 ദിനാര്‍ എന്ന കുറഞ്ഞ നിരക്കില്‍ കെകഐംഎ പ്രഖ്യാപിച്ച കോഴിക്കോട് ഫ്‌ളൈറ്റ് ജൂണ്‍ 19 വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കുള്ള അനുമതി ചില സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ വിമാനം തയാറാക്കുവാന്‍ സംഘടന നിരബന്ധിതരായത്.

കെകഐംഎയുടേത് കൂടാതെ വേറെയും അഞ്ചോളം വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കപെട്ടതായ വാര്‍ത്ത ബുധനാഴ്ച രാത്രി വൈകിയാണ് ലഭിച്ചത് . ബുധനാഴ്ച രാത്രി ഏറെ വൈകിയാണെങ്കിലും ഒരുമണിക്കൂറിനുള്ളില്‍ തന്നെ 162 യാത്രക്കാരെയും നേരിട്ട് വിളിച്ചു കണ്ണൂരിലേക്കു പോകാനുള്ള സന്നദ്ധത തേടി. 162 ല്‍ 150 പേരും കണ്ണൂരിലേക്ക് പോകാന്‍ സമ്മതമറിയിച്ചപ്പോള്‍ തുടര്‍ന്നെല്ലാം അതി വേഗത്തില്‍ കെകഐംഎയുടെ കുവൈറ്റിലെയും കേരളത്തിലേയും നേതൃത്വം ഏര്‍പ്പാടാക്കി. 19നു പകരം 18 നു ഉച്ചയ്ക്ക് ഒരു മണിക്കാണ് പുതിയ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് കണ്ണൂരിലേക്കു പോവുന്നത്. കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കു എയര്‍പോര്‍ട്ടില്‍ എത്തുവാനുള്ള സൗകര്യങ്ങളും ലോക്ക്ഡൗണ്‍ മേഖലകളില്‍നിന്നുള്ളവര്‍ക്കു ഡെമി ടിക്കറ്റുകളും രാത്രിതന്നെ ഏര്‍പ്പെടുത്തി നല്‍കി.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട് വരെ സ്‌പെഷല്‍ ബസും, ആവശ്യക്കാര്‍ക്ക് കണ്ണൂരില്‍നിന്ന് തന്നെ സ്‌പെഷല്‍ ടാക്‌സികളും ഒരുക്കി. കെകഐംഎയുടെ നേതൃത്വസംഘം ഉറക്കമില്ലാതെ പ്രവര്‍ത്തിച്ചാണ് വിവിധ തലത്തിലുള്ള മുഴുവന്‍ ക്രമീകരണങ്ങളും പ്രവര്‍ത്തനങ്ങളും ഒരു രാത്രികൊണ്ട് പൂര്‍ത്തീകരിച്ചത്.

20 മുതല്‍ വിദേശങ്ങളില്‍നിന്നും കേരളത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ കോവിഡ് പോസിറ്റീവ് അല്ലെന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേരള സര്‍ക്കാര്‍ നേരത്തെ നിബന്ധന പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം പ്രവാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇതിന്റ പശ്ചാത്തലത്തിലാണോ 19 നു പുറപ്പെടുന്ന വിവിധ വിമാനങ്ങള്‍ക്കു അനുമതി നിഷേധിച്ചതെന്നു സംശയമുണ്ട്. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളില്‍ എത്തുന്നവര്‍ക്കുമാത്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് അശാസ്ത്രീയവും അപ്രായോഗികവുമായ തീരുമാനമാണ്. വിദേശങ്ങളില്‍ ഈ പരിശോധന നടത്തുവാന്‍ പര്യാപ്തമായ സൗകര്യങ്ങളില്ല. സ്വകാര്യ കേന്ദ്രങ്ങള്‍ക്ക് കനത്ത ഫീസും നല്‍കേണ്ടിവരും. വന്ദേ ഭാരത് വിമാനത്തില്‍ വരുന്നവര്‍ ഈ ടെസ്റ്റ് ബാധകമല്ലെന്നിരിക്കെ ക്ലേശകരമായ അവസ്ഥയില്‍നിന്നും രക്ഷതേടി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിനെ അഭയം പ്രാപിക്കുന്നവരെ മാത്രം വിവേചത്തിനിരയാക്കുന്നത് അനീതിയാണ്. വിദേശങ്ങളിലെ പരിശോധനക്ക് പകരം കേരളത്തിലെ വിമാനത്താവളങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്താനും കൊവിഡ് പോസിറ്റീവ് എന്ന് കാണപ്പെടുന്നവരെ ക്വാന്ൈറന്‍ സെന്ററുകളിലേക്കു കൊണ്ടുപോകാനും സംവിധാനമാണ് ഉണ്ടാവേണ്ടതെന്ന കെകഐംഎ അധികൃതരോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക