Image

മഴ പെയ്തൊഴിഞ്ഞ രാവിൽ (ചെറുകഥ: സിസിൽ മാത്യുകുടിലിൽ)

Published on 21 June, 2020
മഴ പെയ്തൊഴിഞ്ഞ രാവിൽ (ചെറുകഥ: സിസിൽ മാത്യുകുടിലിൽ)
‘ഹൊ ! എന്തൊരു തണുപ്പ്, ഇന്ന് പുറത്ത് പതിവിലും കൂടുതൽ മഞ്ഞുപൊഴിയുന്നുണ്ടല്ലോ. ഈ രാത്രിയിലെന്താ ഇത്രയധികം മഞ്ഞു പൊഴിയുന്നത്..? മഞ്ഞുകാലംവരാൻഇനിയും ദിവസങ്ങളുണ്ടല്ലോ. ഇത്കഴിഞ്ഞ വർഷങ്ങളിലേക്കാൾ അധികമായിരിക്കുന്നു.’

രണ്ടു ഗ്ലാസുകളിലേക്ക് വിസ്ക്കി പകരുമ്പോൾ വില്യം തന്റെ പ്രിയ സുഹൃത്ത് ബാർനെറ്റിനോട് പറഞ്ഞു. ഫയർ പ്ലെയിസിനരികിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീതം വയലിനിൽ വായിക്കുകയായിരുന്നു ബാർനെറ്റ്. സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി മനോഹരമായ ഈണങ്ങൾ വയലിനിൽ തയാറാക്കുന്ന തിരക്കിലായിരുന്നു അയാൾ.ദിവസവും പുതിയ ഈണങ്ങൾ തയാറാകുമായിരുന്നു.

രാവിന്റെ നിശബ്ദതയിൽ വീഥികളെല്ലാം വിജനമായി. അങ്ങകലെ എവിടെ നിന്നോ കുതിരക്കുളമ്പടി ശബ്ദങ്ങൾ കേൾക്കാം. ചർച്ച് ഓഫ് സെന്റ്.ബർന്നബാസിൽ നിന്നും പള്ളിമണികൾ മുഴങ്ങി.താഴ്വരയിൽ സഞ്ചാരികളെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു.മരങ്ങൾ ഇലകൾ പൊഴിക്കുന്ന കാലം. ജനാല ചില്ലുകളിൽ നേർത്ത മഞ്ഞുകണങ്ങൾ ഇറ്റിറ്റു വീണുകൊണ്ടിരുന്നു.ഈ മഞ്ഞുകണങ്ങൾ പോലെ വളരെ നനുത്ത ഓർമ്മകളായിരുന്നു വർഷങ്ങൾക്കു മുമ്പ്.കാലയവനികയിൽഎല്ലാം മാറ്റി മറിച്ചിരിക്കുന്നു.

ജനാലകൾക്കപ്പുറംകൊഴിഞ്ഞുവീണ മഗ്നോളിയ പൂവിതളുകൾക്കിടയിൽ റോസി ഫിൻജസ് എന്തൊക്കെയോ കൊത്തി തിന്നുന്നുണ്ടായിരുന്നു.ഒരു നിമിഷം ചിന്തയിൽ മുഴുകിയ വില്യം, ജനൽ അരികിൽ നിന്നും ഫയർ പ്ലെയിസിനോട് ചേർന്നുള്ള മരകസേരയിൽ ഇരുന്നു.ഓരോ ഓർമ്മകൾക്കും ഒരുപാട് കഥകൾ ഉണ്ടായിരുന്നു അയാൾക്ക്.പുറത്ത് ചെറുതായി കാറ്റ് വീശുന്നുണ്ട്. ലാവൻഡർപൂക്കളുടെസുഗന്ധം മുറിയിലേക്ക് ഒഴുകിയെത്തി.ബാർനെറ്റ് ഒരു പാത്രത്തിൽ ചൂടുള്ള മുയലിറച്ചിയുമായി വന്ന്വില്യമിന്അഭിമുഖമായി ഇരുന്നു. ഒരോ പെഗ്ഗ് വിസ്ക്കി കഴിക്കുമ്പോഴും തണുപ്പിന് അല്പം ശമനം വന്നതായി അയാൾക്ക് തോന്നി. മിക്ക സായാഹ്നങ്ങളിലും അവരിതുപോലെ ഒത്തുചേരുമായിരുന്നു.

പ്രകൃതി ഭംഗിയുടെയും ശാന്തിയുടെയും സ്വർഗ്ഗതുല്യമായ താഴ്വരയാണ് സ്നോസ്ഹിൽ.കണ്ണെത്താദൂരത്തായി കിടക്കുന്ന ലാവൻഡർ ഫാമുകൾ, ചർച്ച് ഓഫ് സെന്റ്.ബർന്നബാസ്, സ്നോസ്ഹിൽ മ്യൂസിയം ഇതെല്ലാം സഞ്ചാരിക്കൾക്ക് ഏറ്റവും പ്രിയപ്പെട്ടൊരിടമായി മാറി. സ്നോസ്ഹില്ലിന്റെ താഴ്വരകൾ, ബാർനെറ്റിന്റെ വയലിൻ സംഗീതസാന്ദ്രമാക്കി.പ്രകൃതിയുടെ ചലനങ്ങളും ഭാവങ്ങളും തന്റെതായ ഭാവനകൾ ചാലിച്ച് ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ സൃഷ്ടിക്കുകയായിരുന്നു വില്യം.മഞ്ഞുകാലം ആസ്വദിക്കാൻ വരുന്ന സഞ്ചാരികളെ കാത്ത് എല്ലാ ദിവസവും ബാർനെറ്റും വില്യമും നഗരങ്ങളിൽപോകുമായിരുന്നു.
ചില ദിവസങ്ങളിൽ സ്നോസ്ഹില്ലിൽ തന്നെ കൂടും.ഇവിടുത്തെ ലാവൻഡർ പുഷ്പങ്ങൾ പൂക്കുമ്പോൾ നിരവധി സഞ്ചാരികൾ ഇവിടം തേടി വരും. ഈ താഴ്വര ലാവൻഡർ പുഷ്പങ്ങളുടെ ഒരു പറുദീസ തന്നെയാണ്.ഇരുവരും ഒരുമിച്ചായിരുന്നു എല്ലാ യാത്രകളും. വസന്തകാലമായാൽ നിറയെസഞ്ചാരികൾകാണും.അവിടെനിന്നുംകിട്ടുന്നനാണയതുട്ടുകളായിരുന്നു അവരുടെ തുഛമായ വരുമാനം.വീടിനോട് ചേർന്ന് തയ്യാറാക്കിയ മുയൽ ഫാം തിരക്കുകൾക്കിടയിലെ വിനോദവും.രാത്രി ഒരുപാട് കഴിഞ്ഞിരിക്കുന്നു. മഞ്ഞുവീഴ്ചയ്ക്ക് ഒരല്പം കുറവുണ്ട്. അങ്ങകലെ വീടുകളിലെ റാന്തൽ വിളക്കിന്റെ പ്രകാശം അങ്ങിങ്ങായി കാണാം. താഴ്വരകൾ നിശബ്ദതയിൽ ഉറങ്ങി.
‘നീ ഓർക്കുന്നുണ്ടോ വില്യം,ഇതു പോലെ മഞ്ഞുപൊഴിയുന്ന ഒരു രാത്രിയിലായിരുന്നു ആ സംഭവം നടന്നത്; ഇന്നേക്ക് പതിനേഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന 1940കൾ. ഒരു ജനുവരി മാസമായിരുന്നു നമ്മൾ എല്ലാം ഉപേക്ഷിച്ച്; അല്ല എല്ലാം നഷ്ടപ്പെട്ട് പോർട്ട്സ്മൗത്തിൽ നിന്നും സ്നോസ്ഹില്ലിലേക്ക് പലായനം ചെയ്തത്. വർഷങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞു വീഴുന്നത്. മരംകൊണ്ടുണ്ടാക്കിയ ഈ ചെറിയ വീട്ടിൽ താമസമാക്കിയിട്ട് നീണ്ട പതിനേഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.’ ഒരു കൊച്ചുകുട്ടിയുടെതെന്ന പോലെ ദുഃഖസ്മൃതികളിൽ ബാർനെറ്റ് അല്പനേരം വിതുമ്പി.

ഇരുപത് വർഷങ്ങൾക്കു മുമ്പ്ജോർജ് ആറാമൻ ഇംഗ്ലണ്ടിന്റെ രാജാവായി വാണിരുന്ന കാലം. മീൻപിടുത്തം ഉപജീവനമാക്കിയ കുറെ സാധാരണ മനുഷ്യർ ജീവിച്ചിരുന്ന കടലോര ഗ്രാമമായിരുന്നു പോർട്ട്സ്മൗത്ത്.വളരെ ചെറു വീടുകളിലായിരുന്നു ഇരുവരും താമസം. യൗവനകാല ജീവിതത്തിലെ സുഗന്ധം നിറഞ്ഞ ഓർമ്മകളിലേക്ക് അയാൾ ഊളിയിട്ടു.

ഞാൻ ക്ലെമന്റൈനുമായി ഈ വീട്ടിലേക്ക് വന്ന ദിവസമാണ് പോർട്ട്സ്മൗത്തിൽ ആദ്യമായി ഫെസ്റ്റിവൽ തുടങ്ങിയത്. നാടെങ്ങും ആഘോഷത്തിമിർപ്പിൽ. നാലു വർഷത്തെ പ്രണയസാഫല്യം.പ്രണയം പൂക്കുന്ന മനസുകളിൽ ആനന്ദത്തിന്റെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്.
ആരാത്രികൾ ഒരിക്കലും മറക്കാനാകാത്തതായിരുന്നു.പൂക്കൾഞങ്ങൾക്കായ്ഉറക്കമൊഴിഞ്ഞ രാത്രി.ഇന്ദീവരങ്ങൾ ഇമ തുറക്കുന്നതും കാത്ത് നിശാശലഭങ്ങൾ പാറിപറന്ന തരളിതരാത്രി.എന്റെ മനസിൽപ്രണയാർദ്രഭാവങ്ങളുമായി ക്ലെമന്റൈനെ സ്പർശിച്ചിരുന്നത് എപ്പോഴായിരുന്നു. ശരിക്കോർമ്മയില്ല.മറ്റൊരു പുതുവർഷം ജനുവരി മാസരാവിൽ,എല്ലായിടത്തും ന്യൂ ഇയർ ആഘോഷം. സന്തോഷകരമായ ദിനങ്ങൾ.പോർട്ട്സ്മൗത്തിൽ അടുത്തടുത്ത വീടുകളിലായിരുന്നു ഞാനും വില്യമും. വിശേഷ ദിവസങ്ങളിൽഒത്തുചേരൽ പതിവായിരുന്നു. ഋതുഭേദങ്ങൾ മാറി മാറി വന്നു.

നിനച്ചിരിക്കാത്ത നേരത്ത് രണ്ടു രാജ്യങ്ങൾ തമ്മിൽ തുടങ്ങിയ യുദ്ധം പിന്നീട് ലോകരാജ്യങ്ങൾ എല്ലാം ചേർന്നു രണ്ടാംലോകമഹായുദ്ധത്തിലേക്ക് വഴിമാറി. സൂര്യൻ അസ്തമിക്കാത്ത രാജ്യത്തിലെ പലപ്രദേശങ്ങൾ ആക്രമിക്കപ്പെട്ടു; അതിൽ പോർട്ട്സ്മൗത്തും ഉൾപ്പെട്ടു. ഞാനും ഭാര്യ ക്ലെമന്റൈനും വില്യമും മാത്രമായി. പ്രിയപ്പെട്ടെവരെയെല്ലാം യുദ്ധത്തിൽ നഷ്ടപ്പെട്ടിരുന്നു. ഒരു കുടുംബത്തിൽ ഒരാൾ പോലും നഷ്ടപ്പെടാതിരുന്ന ഒരു വീടു പോലുംഉണ്ടായിരുന്നില്ല. ഗ്രാമത്തിലുള്ളവരെല്ലാംസർവ്വതും നഷ്ടപ്പെട്ട് എവിടേക്കോ രക്ഷപെടേണ്ടി വന്നു.
മഴതിമിർത്തുപെയ്ത സന്ധ്യയിലായിരുന്നു സ്വന്തമെന്നു കരുതിയതെല്ലാംനഷ്ടപെട്ടത്.രാജ്യത്തിനകത്തും പുറത്തും അഭയാർഥികളായി മാറിയ ആയിരക്കണക്കിനാൾക്കാരുമായി ട്രെയിനുകൾ ദിവസേന പോർട്ട്സ്മൗത്തിൽ നിന്നും ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങളിലേക്ക് പോകുമായിരുന്നു. അങ്ങനെ ഒരു ട്രെയിൻ യാത്രയിലായിരുന്നു എല്ലാമായിരുന്നക്ലെമന്റൈന് എനിക്ക് നഷ്ടമായത്.എല്ലായിടത്തും തിരഞ്ഞു നടന്നു. പട്ടണത്തിലും ഗ്രാമപ്രദേശത്തും എല്ലാം. ജീവിച്ചിരിപ്പുണ്ടാകുമോ..... അതോ മരിച്ചോ... തിരയാത്ത പ്രദേശങ്ങളില്ല, യാത്രയുടെ അവസാനം ഞാനും വില്യമും മാത്രമായി സ്നോസ്ഹില്ലിൽ. ഇനി അങ്ങോട്ടുള്ള യാത്രകൾ ഇതുപോലെ ഒറ്റയ്ക്കാകുമെന്ന് കരുതിയില്ല.

യുദ്ധം കൊണ്ട് ആർക്കുംഒന്നും നേടാൻ കഴിഞ്ഞില്ല. ജീവനും സ്വത്തിനും നഷ്ടങ്ങൾ മാത്രം.ഒരായിസു കൊണ്ട് പടുത്തുയർത്തിയതെല്ലാംനിമിഷംകൊണ്ടില്ലാതാക്കിയആരുടെയൊക്കെയോ ഭ്രാന്തൻ തീരുമാനങ്ങൾ.ആ രാത്രിയിൽ ക്ലെമന്റൈനെക്കുറിച്ച് ആർദ്രതയോടെ ഓർത്തുറങ്ങി പോയി.വാതിലിന്പുറത്ത് പെറ്റുനിയ ഇലകൾ പോലും കാണാത്ത വിധത്തിൽ നിറയെ പൂത്തു പൂക്കളുമായി ആരെയൊക്കെയോ കാത്തു നിൽക്കുന്നതായി തോന്നും. ചെമ്മരിയാട്ടിൻ കൂട്ടം ഇടയനോടൊപ്പം പച്ചപ്പുൽപുറം തേടി പോകുന്നു. ഇന്നത്തെ പ്രഭാതം വളരെ വിശേഷപ്പെട്ടതായി തോന്നി.

പല പ്രതീക്ഷകളോടെയായിരുന്നു അവരുടെ നഗരത്തിലേക്കുള്ള യാത്രകൾ. ക്ലെമന്റൈനെ തേടി എത്രയോ ഇടങ്ങളിൽ പോയി. നിരാശ മാത്രമായിരുന്നു. വല്ലാത്തൊരു ശൂന്യതയായി തോന്നി. ഈ ശൂന്യത കാലത്തിന്റെ ഏടുകളിൽ എനിക്കായിമാത്രംകരുതിവച്ചതായിരിക്കുമോ….?ചിലപ്പോൾ ആയിരിക്കാം.

സഞ്ചാരികളെ തേടി പല സ്ഥലങ്ങളിലും പോയ വില്യമും ബാർനെറ്റും യുദ്ധകാല സ്മരണകളുടെ പുസ്തകം വായിക്കാനിടയായത് അന്നാളിലായിരുന്നു. അന്നത്തെ ബ്രിട്ടീഷ് നാവികസേന മേധാവി ഡൊനാൾഡ് ജോർജ് ഫെഡറിക്കിന്റെ ആത്മകഥയിലാണ്ഒറ്റപ്പെട്ടു പോയവരെ പാർപ്പിക്കുന്ന ഒരു ഹോളി ഐലെൻഡിനെപറ്റി അവരറിഞ്ഞത്. ഇങ്ങനെ ഒരു ഐലെൻഡിനെ പറ്റി ഇതുവരെ അവർ കേട്ടിരുന്നേ ഇല്ല. യുദ്ധകാലത്ത് ചിതറി ഒറ്റപ്പെട്ടു പോയവരെയും നാടുകടത്തുന്നവരെയും പാർപ്പിക്കുന്ന ചില ഐലെൻഡിനെ പറ്റിയായിരുന്നു അതിൽ പരാമർശിക്കുന്നത്.ഇരുവർക്കും ആകാംക്ഷയുടെ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

പോർട്ട്സ്മൗത്തിൽ നിന്നും ഏഴു ദിവസത്തെ കപ്പൽ യാത്രയായിരുന്നു ഹോളി ഐലെൻഡിൽ എത്തിച്ചേരാൻ. എന്തെന്നില്ലാത്ത ഒരു പ്രതീക്ഷയായിരുന്നു അവർക്കിടയിൽ. കപ്പലിൽ നിന്നു നോക്കുമ്പോൾ അങ്ങകലെ സൂര്യൻ സിന്ദൂര കിരണമണിഞ്ഞ് പടിഞ്ഞാറെ ചക്രവാളത്തിലെ മേഘപാളികളിൽ മറഞ്ഞിരുന്നു. അന്തിനേരത്ത് കൂടണയാൻ വെമ്പുന്ന രാക്കിളികൾ അങ്ങകലെആകാശചരുവിലൂടെ പറന്നു പോകുന്നതു കാണാം. കണ്ണിൽ തുളച്ചു കയറുന്ന ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് കപ്പൽ സാവാധാനം നീങ്ങി.

എന്തൊരു ശൂന്യതയാണ് ഈ ഇരുട്ട്. ഈ ശൂന്യത ജീവതത്തിൽ ഉടനീളം ഏറ്റുവാങ്ങിയവനല്ലേ ഞാൻ എന്ന തോന്നൽ അയാളിലുണ്ടായി.അവധി ദിവസങ്ങൾ ചെലവഴിക്കാൻ ഐലെൻഡിലേക്ക് പോകുന്നവരായിരുന്നു അധികവും. അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നു.നിശീഥിനിയുടെനിശബ്ദതയിൽയാത്രക്കാർ എല്ലാം ഉറങ്ങി കഴിഞ്ഞിരുന്നു. ആരാത്രിയിൽ ഉറങ്ങാതിരുന്നത് ആകാശത്തിലെനക്ഷത്രങ്ങളും ഞാനും മാത്രം.യാത്രയിലുടനീളം ക്ലെമന്റൈന്റെഓർമ്മകൾ കൂട്ടായെത്തി.
റാന്തൽ വിളക്കിന്റെ പ്രകാശം അങ്ങിങ്ങായി കാണാം. മീൻ പിടിക്കാൻ കടലിന്റെ ആഴങ്ങളിലേക്ക് ഒരുപാട് പ്രതീക്ഷകളുമായി പോകുന്നവർ.ഏഴു ദിവസങ്ങൾക്കു ശേഷമാണ് കപ്പൽ ഹോളി ഐലെൻഡിന്റെ തീരത്തടുത്തത്. കാത്തിരിപ്പിന്റെ ഏഴു ദിനരാത്രങ്ങൾ, നീണ്ട കാലയളവായി തോന്നി.

പച്ച പുതച്ചു നിൽക്കുന്ന പുൽമൈതാനങ്ങളിലൂടെ സാവധാനം നടന്നു. അങ്ങകലെ കുന്നിൻ മുകളിൽയുദ്ധത്തിന്റെ ബാക്കി പത്രം പോലെ വലിയ കെട്ടിടം അങ്ങിങ്ങായി കാണാം. ചിലർ അവരുടെതായിട്ടുള്ള ജോലികളിൽ മുഴുകി നിൽക്കുന്നു.ക്രിസ്തിൻ മിഷനറിമ്മാർ നടത്തുന്ന ഓർഫനേജാണ് ഇപ്പോൾ അവിടം. ബ്രിട്ടണിലെ പ്രഭു കുടുംബത്തിലെ ഒരാളുടെ ബംഗ്ലാവായിരുന്നു പണ്ടെങ്ങോ.ഫാദറിനെ കാണാനാണെങ്കിൽ ഈവനിംങ്ങിലെ പറ്റുകയുള്ളൂ എന്ന് പുല്ല് ഷേപ്പ് ചെയ്യുന്ന നീഗ്രോ പറഞ്ഞു. ഞങ്ങൾ മുറ്റത്തിട്ടതടിബെഞ്ചിൽ കാത്തിരുന്നു.കുന്നിൻ മുകളിൽ ഇരുന്നു നോക്കിയാൽ ഐലെൻഡിന്റെ സൗന്ദര്യം മുഴുവനും കാണാം.ഈ ഐലെൻഡിൽ സന്ധ്യകൾക്ക് പ്രത്യേക ചായക്കൂട്ടാണ്. ഏതോ ഒരു ചിത്രകാരൻ ക്യാൻവാസിൽ വരച്ച ചിത്രം പോലെ. പ്രപഞ്ചസൃഷ്ടാവിന്റെ കയ്യൊപ്പിൽ വിരിഞ്ഞ ചായക്കൂട്ട്.

അല്പനേരത്തിനു ശേഷംഫാദർഡൊമനിക്ക് സാവാധാനം നടന്നു വന്നു. കൈയിൽ ഒരൂന്നു വടിയും കൂടെ ഒരുസഹായിയും എപ്പോഴും കാണും.പ്രായത്തിന്റെ ക്ഷീണത്തിൽ പരസഹായമില്ലാതെ ഒന്നുംചെയ്യാൻ കഴിയില്ലായിരുന്നു. എത്രയോ ജീവിതനൊമ്പരങ്ങൾ നേരിട്ട് കണ്ടമനുഷ്യനാണ്. ഒറ്റപ്പെട്ട ഈ ഐലെൻഡിൽ അനാഥർക്കു വേണ്ടി ജീവിക്കുന്ന ഫാദർഡൊമനിക്ക്.

ബാർനെറ്റും വില്യമും പറഞ്ഞത് കേട്ട് ഫാദർ ഒരു നിമിഷം ചിന്താമഗ്നനായി. ഓർമ്മയിൽ നിന്നും പലതും മാഞ്ഞുപോയിരുന്നു.ഒരു ദീർഘനിശ്വാസത്തിന് ശേഷം ഫാദർ ഓർത്തെടുത്തു.
‘നാല്പത് വർഷമായി ഈ ഓർഫനേജിന്റെ കാര്യങ്ങളെല്ലാം ഞാനാണ്നോക്കുന്നത്. നിങ്ങൾ പറഞ്ഞ കാലത്ത് അനാഥരായിട്ടുള്ള സ്ത്രീകളുംകുട്ടികളുമായി പല കപ്പലുകൾ വന്നിരുന്നു. രോഗബാധിതരായ പലരും പല കാലങ്ങളിലായിമരണപ്പെട്ടു. അതിൽ നിങ്ങൾ പറഞ്ഞയാൾ’.... ഫാദർ ഒന്നു നിർത്തി.സംഭാഷണങ്ങൾ പലപ്പോഴും മുറിഞ്ഞിരുന്നുവെങ്കിലും വാക്കുകൾ തീവ്രതയുള്ളതായിരുന്നു.'ഈ ഓർഫനേജിൽ കഴിയുന്നവരെയെല്ലാം ഒന്ന്സന്ദർശിക്ക്,ഒരു പക്ഷെ നിങ്ങൾ പറയുന്ന ആൾ അവിടെയുണ്ടെങ്കിൽ'... ഫാദർ ഒന്ന്പറഞ്ഞു നിർത്തി.“നിങ്ങൾ തേടുന്നയാൾ നിങ്ങളെ കാത്തിരുപ്പുണ്ട്.”ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ഫാദർതിരിഞ്ഞു നടന്നു.
കൂടെ ഒരു സഹായിയുമായി ബാർനെറ്റും വില്യമും ഓർഫനേജ് മുഴുവനുംതിരഞ്ഞു നടന്നു. രോഗങ്ങളാലും പ്രായത്തിന്റെ ക്ഷീണത്താൽ ആരോഗ്യംനഷടപ്പെട്ടവരും അനാഥരായിട്ടുള്ളവരുമായി അനേകരെ കണ്ടു.അവർക്കിടയിൽ തന്റെ പ്രിയതമയെ ഒന്നു കണ്ടുമുട്ടണമെന്ന് ആഗ്രഹിച്ചെങ്കിലും അവിടെയൊങ്ങും കാണാൻ കഴിഞ്ഞില്ല. അവസാനത്തെ പ്രതീക്ഷയായിരുന്നു ഈ ഐലെൻഡ്. ഈ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടെത്താൻ കഴിയുകയില്ലല്ലോ എന്ന തോന്നൽ ബാർനെറ്റിനുണ്ടായി.ഹൃദയത്തിൽ മുള്ളുതറച്ചു കൊള്ളുന്ന സങ്കടത്തോടെഅയാൾ മരചുവട്ടിലെ ബെഞ്ചിൽഇരുന്നു. ഓർഫനേജിന്റെ മുന്നിലെ ഘടികാരത്തിൽ ഏഴു മണി അടിച്ചു. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങി. തിമിർത്തുപെയ്തൊഴിയാൻ കാത്തുനിൽക്കുന്ന മഴമേഘങ്ങൾ.കുറെ നേരത്തിന് ശേഷം ഒരു ട്രക്കിൽ കുറെസ്ത്രീകൾവന്നിറങ്ങുന്നതു കണ്ടത്. ബാർനെറ്റും വില്യമും അവരോരോത്തരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അതിനിടയിൽ പരിചയമുള്ള ഒരുമുഖം മറയുന്നതായി തോന്നി. ഇരുവരുടെയുംമനസിൽപ്രതീക്ഷയുടെ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. അവർ വേഗം ഫാദറിന്റ അടുത്തെത്തി.‘അതു നിങ്ങളോട് പറയാൻ മറന്നു. ഇവിടെ കുറച്ചുപേർ മറവി രോഗത്തിന്റെയും വിഷാദ രോഗത്തിന്റെയും അരികിലാണ്. എല്ലാ മാസവും ഈ ഐലെൻഡിന്റെ പുറത്തു കൊണ്ടു പോകും, ചികിത്സയുടെ ഭാഗമായി. ഒരു പക്ഷെ അവരെയായിരിക്കും നിങ്ങൾ കണ്ടത്.’അവർ പോയഭാഗത്തേക്ക്തിരഞ്ഞു നടന്നു.

അങ്ങകലെ കടലിന്റെ അനന്തതയിലേക്ക് നോക്കി ഏകയായി ഇരിക്കുന്ന ക്ലെമന്റൈനെയാണ് കാണാൻകഴിഞ്ഞത്. ഒരു കാലത്ത് എല്ലാം എല്ലാമായവൾ. വിടർന്ന പൂമൊട്ടുകൾ ഹൃദയത്തിൽനിന്നും കാലം പറിച്ചെടുത്തപ്പോൾ, കൊഴിഞ്ഞു വീണ പൂവിതൾ പോലെ ജീവിതത്തിൽനിന്ന് എന്നോ മറഞ്ഞുപോയവൾ.നിർവികാരമായിരുന്നു ആദ്യകാഴ്ചയിൽ ക്ലെമന്റൈന്റെ മുഖത്ത് കാണാൻകഴിഞ്ഞത്.ഓർമ്മകളുടെഏതോ ഒരു കോണിൽ ഞാൻ ഉണ്ടാകുമോ ? ബാർനെറ്റ് സംശയിച്ചിരുന്നു. വലതുകരം നീട്ടിക്ലെന്റൈന്റെ കൈകളിൽ സ്പർശിച്ചപ്പോൾ മഴത്തുള്ളി പോലെ മിഴിനീർ എന്റെവിരലുകളിൽ വീണു. പായൽ മൂടിയ ഓർമ്മകൾ എവിടെയോ തെളിഞ്ഞു വന്നതു പോലെ. കടലിലെതിരമാലകൾ ആർത്തലച്ച് കല്ലുകളിൽ വന്നുചിതറുന്നുണ്ടായിരുന്നു. പെയ്തൊഴിയാൻ കാത്തു നിൽക്കുന്ന മഴമേഘങ്ങൾ തിമിർത്തു പെയ്യാൻതുടങ്ങിയിരുന്നു. നഷ്ടപെടുമെന്ന് കരുതിയ സ്വപ്നങ്ങളെ തിരികെ തന്നുകൊണ്ടുള്ള പ്രകൃതിയുടെ അടയാളമെന്നപോലെ മഴ തിമിർത്തു പെയ്തുകൊണ്ടിരുന്നു. മഴയുടെ കുളിരിൽ ഏറെനേരംഅവർ അവിടെതന്നെ നിന്നു. പതിനേഴ്വർഷങ്ങൾക്കു ശേഷമുള്ള ആ സമാഗമം. ജീവിതത്തിന്റെ യൗവനകാലം രണ്ടു ദേശങ്ങളിൽഏകാന്തവാസത്തിനു വിധിക്കപ്പെട്ടവർ. നഷ്ടപ്പെട്ട സ്വപ്നങ്ങളെ തിരിച്ചുകിട്ടിയ നിമിഷം ഒന്നിനും പകരം വെക്കാനാകുമായിരുന്നില്ല.
മഴ പെയ്തൊഴിഞ്ഞഐലെൻഡ് ഇപ്പോൾ വളരെ ശാന്തമായിരിക്കുന്നു.ഈ രാത്രി പ്രകൃതി ഇവർക്കു സമ്മാനിച്ചതായിരിക്കാം. അനശ്വര സ്നേഹത്തിന്റെ വെണ്ണക്കൽ ശില്പം പോലെ ഇരുവരും വാരിപുണർനല്പന്നേരം അവിടെ തന്നെ നിന്നു.തൂവെള്ള മേഘശകലങ്ങൾപഞ്ഞിക്കെട്ടുപോലെ വാനവിതാനത്തിൽ നിരന്നു.പൂത്താലമേന്തിയ നക്ഷത്രങ്ങൾ നിൽക്കുന്നതാരാപഥങ്ങളിലേക്ക്ഇരുവരുംനോക്കി നിന്നു.

------------------------------------------------
സിസിൽ മാത്യു കുടിലിൽ
കുടിലിൽ വീട്
നൂറോമ്മാവ് പി.ഒ, പുന്നവേലി 
മല്ലപ്പള്ളി, പത്തനംതിട്ട (ജില്ല)
മൊബൈൽ: 9495437509
തീയതി : 06.05.2020






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക