Image

യുദ്ധങ്ങൾക്ക് സാക്ഷിയാകാൻ വയ്യ (സുലേഖ ജോർജ്)

Published on 21 June, 2020
യുദ്ധങ്ങൾക്ക് സാക്ഷിയാകാൻ വയ്യ (സുലേഖ ജോർജ്)
മരണത്തെ അത്ര മേൽ ഇഷ്ട്ടം.അറിയാത്ത പ്രതിഭാസം ആയതു കൊണ്ടാകാം.ജീവിതത്തിൽ ഇനി ഏറെ നിറങ്ങൾ പൂത്തിറങ്ങാൻ ഇല്ല എന്നത് കൊണ്ടാകാം.

നൃത്തം ചെയ്തു തളർന്നു പോയി.ഇനി കേൾക്കാൻ സംഗീതങ്ങളുമില്ല.അനുഭവിച്ചതെല്ലാം നല്ലത് തന്നെ ആയിരുന്നു.ഇനീം കൂടുതൽ വേണം എന്നില്ല.

ഇതൊന്നുമല്ലെങ്കിൽ നിറവും മതവും ജാതിയും നോക്കി മനുഷ്യരെ വേർതിരിക്കുന്നതും മനുഷ്യർ പുഴുക്കളേക്കാൾ കഷ്ട്ടമായി തെരുവുകളിൽ നരകിക്കുന്നതും മരിക്കുന്നതും കണ്ടും കേട്ടും മടുത്തത് കൊണ്ടുമാകാം.
അതിർത്തികളിൽ വീരമൃത്യു വരിക്കുന്നവരെ എണ്ണി അഭിമാനിക്കാൻ പറ്റാത്തതും കൊണ്ടുമാകാം. മനുഷ്യർ മനുഷ്യരെ കുരുതി കൊടുക്കുന്ന യുദ്ധങ്ങൾക്ക് സാക്ഷിയാകാൻ വയ്യ .

എന്റെ പ്രിയപ്പെട്ട കൂട്ടുകാരി പണ്ടെങ്ങോ എഴുതി എന്റെ കയ്യിലിരുന്നു പോയ മരണത്തേകുറിച്ചുള്ള ഈ കവിത ഏറെ ഇഷ്ട്ടം.
"എന്റെ മരണം
ശാന്തവും മധുരവും ആയിരുന്നു.
നിശ്ശബ്ദതയുടെ തണുത്ത മേഖലയിൽനിന്നും
ഒരു തുമ്പിയെ പോലെ അതു പറന്നു വന്നു.
അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ
എന്നെ പുളകം ചാർത്തുകയും ചെയ്തു.
ആ ചിറകുകൾക്കു താഴെ
എന്നെ ഒളിപ്പിച്ചു.
എന്റെ കണ്ണുകൾക്ക്‌ ആശ്വാസമേകുകയും
വരണ്ട ചുണ്ടുകളിൽ കുളിർ നീരായി
വീഴുകയും ചെയ്തു.
ഇരുട്ടിന്റെ ആഴങ്ങളിൽ നിന്നും
ഒരു നക്ഷത്രം പോലെ ഉദിച്ചു വന്ന്
നിറങ്ങളുടെ രാജ്യങ്ങൾ എല്ലാം
എനിക്ക് കാണിച്ചു തന്നു.
ശബ്ദങ്ങളുടെ പ്രഹരത്തിൽ നിന്നും
എന്നെ രക്ഷിച്ച മൗനത്തിന്റെ
ദ്വീപിൽ പാർപ്പിടം ഒരുക്കി.
അറിയപ്പെടാതിരുന്ന ഒരു വിസ്മയമായി
എന്നിൽ മുഴുവൻ നിറഞ്ഞു നിന്നു.
മരണം -
കാരുണ്യവും സ്നേഹവും
ചൊരിഞ്ഞ്‌ എനിക്ക് ജീവിതം തന്നു.'


യുദ്ധങ്ങൾക്ക് സാക്ഷിയാകാൻ വയ്യ (സുലേഖ ജോർജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക