Image

അടുത്ത ജന്മം (കവിത: സിനി തോമസ്)

Published on 21 June, 2020
അടുത്ത ജന്മം (കവിത: സിനി തോമസ്)
അടുത്ത ജന്മത്തിൽ നീ
സ്ത്രീയാകണം
ഞാൻ പുരുഷനും

നിന്നെ വശീകരിച്ച്
വശത്താക്കാൻ
കഥകളിൽ നിന്നിറങ്ങി
വന്ന ഗന്ധർവനാകും
ഒരു മടിയും കൂടാതെ നിന്റെ
മുഖത്തു നോക്കി പ്രണയമറിയിക്കും

കാട്ടുചെമ്പകപൂമണമുള്ള
ഇടവഴികളിൽ വച്ച്
നുണക്കുഴികളിൽ ആളി പടരുന്ന
യൗവ്വനങ്ങളിൽ
ഉമ്മ വച്ചു നിന്നെ വിവശയാക്കുന്ന കാമുകനാകും

കാപ്പിപ്പൂ മണക്കുന്ന നിലാവിൽ
നിഴലുകൾ ഇണ ചേരുമ്പോൾ
മഞ്ഞുതിരുന്ന പനീനിർ ചുണ്ടിൽ
തീ പിടിക്കുന്ന നിന്റെ വികാരങ്ങളിൽ
കിടക്ക വിരിക്കും

മനോഹരമായ ഒരു
രാജ്യമെന്ന പോലെ
നിന്റെ അതിരുകൾക്ക് കാവലിരിക്കുമ്പോൾ
നിന്റെ സ്വപ്നങ്ങളെ പകുത്തെടുക്കും

നിനക്കപ്പുറം ഒന്നുമില്ലാത്ത ഒരാകാശത്തേക്ക് പറക്കും
പ്രണയവും ജീവിതവും
വേരു പടർത്തുന്ന
സ്നേഹക്കൂട്ടിലെത്തി
കൊക്കുരുമ്മി പതിയിരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക