Image

വീടെത്തും മുമ്പേ ( കഥ: വത്സല നിലമ്പൂർ)

Published on 22 June, 2020
വീടെത്തും മുമ്പേ ( കഥ: വത്സല നിലമ്പൂർ)
മാധവൻ ആ വലിയ വീടിന് മുന്നിൽ പകച്ചു നിന്നു. ഇത്രയും വലിയ വീടോ.വരുൺ വലിയ വീടുവെക്കുന്നു കോഴിക്കോട് എന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതൊരു കൊട്ടാരമല്ലേ
        കോണ്ട്രാക്റ്റ്ർ റിമോട്ട് കൊണ്ട് ഗേറ്റ് തുറന്നു. പുൽമേടും അലങ്കാര കല്ലുകളുടെ രൂപശില്പങ്ങളും ജലധാരയും കടന്നു വീടിനടുത്തെത്തി. നാലോഅഞ്ചോ കാറുകൾ പിടിച്ചിടാൻ വലുപ്പമുള്ള പോർച്ച്. സിറ്റൗട്ടിൽ ഒരു കുറ്റൻ കുടമണി. നാട്ടിൽ പള്ളി മണിപോലും ഇതിലും ചെറിയതാണ്.
       സിറ്റൗട്ടിലെ ഫർണീച്ചറുകളടെ പെരുമകണ്ട് ഹാളിലേക്ക് കയറിയ മാധവൻ വാതിലിൽ പിടിച്ചു അന്തിച്ചു നിന്നു. ചുമരുകളിൽ ഒഴുകിപ്പരക്കുന്ന നീലജലതടാകം തന്നെ. അതിൽ ഊഴിയിട്ടു തുഴയുന്ന സാമാന്യം വലിയ വർണ്ണ മത്സ്യങ്ങൾ. ജലസസ്യങ്ങൾ ഇങ്ങിനെയും വീടുണ്ടാക്കാമോ.പക്ഷേ ഇതിലും ജോണിയുടെ കണ്ണുനീർ വീണിട്ടുണ്ട്. ഈ കൊട്ടാരത്തിന്റെ മുക്കിലും മൂലയിലും ജോണിയുടെ ശാപം കനൽ കട്ടയായി എരിയുന്നുണ്ട്. ആ താപം തനിക്കേ തിരിച്ചറിയാനാകു. എല്ലാം നശിച്ചു കണക്കുകൂട്ടൽ അടിയോടെ തകർന്നു ചിന്നിച്ചിതറിയ കുടബത്തിനു കാവലായി അവൻ ബുദ്ധിസ്ഥിരതയില്ലാതെ അലഞ്ഞുതിരിഞ്ഞ് എങ്ങോപോയി. വരുണറിയാതെ അവനയക്കുന്ന ഇത്തിരി കാശിൽ നിന്നും ആണ് ആകുടുബത്തെ താൻ ഒരു നേരത്തെ അന്നത്തിനു വകയിട്ടു കൊടുക്കുന്നത്.
         കൂലിപണിക്കാരനായിരുന്നു മാധവൻ. ഏകമകൻ വരുൺ പഠനവും കോളേജ് രാഷ്ട്രീയവുമായി തലതിരിഞ്ഞു നടക്കുന്ന കാലം. അവന്റെ ആവശ്യങ്ങൾ അനവധീയും
തന്റെ വരുമാനം മിതവുമായിരുന്നു.
"അച്ഛൻ ആർക്കുവേണ്ടിയാ പിശുക്ക് കാട്ടുന്നേ. പഴയ കാലമല്ല എനിക്ക് ഒരു പാട് ആവശ്യങ്ങളുണ്ട് അച്ഛൻ കാശ്താ"
     ആ കാശ് സമരത്തിന്റെയും മീറ്റിങ്ങുകളുടെയും ഫ്ലക്സ് ബോർഡുകളായും നോട്ടീസുകളായും
പുറത്തിറങ്ങുന്നത് വേദനയോടെ കണ്ടു.
ടൂറുകൾ മോബയിൽ ഫോൺ വസ്ത്രങ്ങൾ
അവന് ആവശ്യങ്ങൾക്കവസാനമില്ലായിരുന്നു
       അങ്ങിനെ ഇരിക്കെയാണ് ഡിഗ്രി റിസൾട്ടുവരികയും അയൽകാരനും സുഹൃത്തുമായ ജോണി ഗൾഫിൽ നിന്നും വരികയും ചെയ്തത്. തന്റെ വിഷമങ്ങൾ കണ്ട് തിരികെ പോകുമ്പോൾ ജോണി ഒരു വിസശരിയാക്കി വരുണിനെ കൂടെ കൂട്ടി.
          അന്യർക്കുവേണ്ടി സമരം ചെയ്യാൻ അച്ഛന്റെ വിയർപ്പ് വിറ്റു വിലവാങ്ങിയിരുന്ന
മകൻ ഗൾഫിൽ പണമുണ്ടാക്കാനായി അറുപിശുക്കനായി. രണ്ടു വര്‍ഷങ്ങൾ കൊണ്ട് വീട് പുതുക്കാനും അല്പം ഭൂമി വാങ്ങിക്കാനും അവനു കഴിഞ്ഞു.
         ഗൾഫിൽ അവൻ ജോണിയുടെ കുടുബത്തോടൊപ്പമായിരുന്നു താമസം. ജോണി വലിയ പ്രാരാബ്ദക്കാരനായിരുന്നു. രാവും പകലും പണിയെടുക്കുകയായിരുന്നു
അയാൾ. ഭാര്യയും മൂന്ന് പെൺമക്കളും കൂടെ തന്നെ ഗൾഫിൽ ഉണ്ട്. നാട്ടിൽ രണ്ട് സഹോദരിമാരെ കെട്ടിക്കാനുണ്ട്. ഒരു സഹോദരൻ പഠിക്കുന്നു അപ്പൻ കാൻസർ രോഗി. അമ്മച്ചി അതിലും അവശ.
                ******************
          അങ്ങിനെ ഇരിക്കെയാണ് വരുൺ മനസ്സിലാക്കിയത് ജോണി സമ്പാധിക്കുന്നതിൽ ഒരു നല്ല വീതം ഭാര്യ മിനിയുടെ പേരിൽ ബാങ്കിൽ കിടക്കുകയാണ്. അവന്റെ കുടിലബുദ്ധി അത് കൈക്കിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് വിരൽചൂണ്ടി. ആദ്യമായി അവൻ മിനിയെ ശ്രദ്ധിച്ചു. അവളുടെ ആവശ്യങ്ങളിലേക്ക് കണ്ണയക്കാതെ പതിനെട്ടു മണിക്കൂർ ജോലിചെയ്തു ക്ഷീണിച്ചു കിടന്നു ഉറങ്ങുന്ന
ജോണി.
       ക്രമേണ മിനി വരുണിനുവേണ്ടി എന്തും ചെയ്യും എന്ന നിലവിലെത്ത കാര്യങ്ങൾ.
നാട്ടിൽ വീടുവെക്കണം അതുകഴിഞ്ഞ് ആ വീട്ടിലെ വീട്ടമ്മയായി മിനി വരണം പത്ത് വയസ്സ് കൂടുതലൊന്നും പ്രശ്നമല്ല. പരസ്പരം കടുത്ത സ്നേഹവും പങ്കുവെയ്പുമല്ലേ അതാണ് ജീവിതം. വരുണിന്റെ കാഴ്ചപ്പാട്
തന്നെ ആയിരുന്നു അവൾക്കും.
        ജോണി കിട്ടുന്ന കാശ് വീണ്ടും വീണ്ടും അവളുടെ അക്കൗണ്ടിൽ ചേർത്തു കൊണ്ടിരുന്നു. അങ്ങിനെ തന്നെ വരുണിലേക്ക് ഒഴുകുകയായിരുന്നു. ഒരു ദിവസം വരുൺ മിനിയെ പുറത്തേക്ക് ക്ഷണിച്ചു. അവൾ ആഹ്ലാദത്തോടെ കൂടെ പോയി.സന്തോഷകരമായ ഒരു യാത്ര. ടൗൺ വിട്ടു മുൾ ക്കാടുകൾ കഴിഞ്ഞു മണലാരണ്യങ്ങൾ താണ്ടി അവർ ഒരു വില്ലക്ക് മുന്നിൽ എത്തി.
       സുഹൃത്ത് ആണ് എന്ന് പരിചയപ്പെടുത്തിയ അറബിയുടെ സ്വീകരണമുറിയിൽ നിന്നും ഒരു കെട്ട് കാശുമായി അവൻ ഇറങ്ങിയപ്പോൾ ഒന്നും അറിയാതെ ആ ബംഗ്ലാവിലെ ഒരു മുറിയിൽ അറബിയുടെ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണുകയായിരുന്നു അവൾ.
        കാണാതായ ഭാര്യയെ തിരഞ്ഞു ജോണിയോടൊപ്പം വരുണും അലഞ്ഞു. ജോണി വിളിക്കുമ്പോഴൊക്കെ അവളുടെ മോബയിൽ ഏതോ മണൽ കൂനക്കുളളിൽ ചിലച്ചുകൊണ്ടിരുന്നു. പിന്നെ എപ്പോഴോ അതും നിലച്ചു.
      മൂന്ന് പെൺകുട്ടികളുമായി അയാൾ നാട്ടിലേക്കുള്ള വരവിന് ഒരുക്കം കൂട്ടി. ബാങ്കിൽ എത്തിയപ്പോഴാണ് ജോണി അറിയുന്നത് കൂട്ടുസമ്പാദ്യത്തിലെ അവസാന തുട്ടുവരെ അവൾ കൊണ്ടു പോയിരിക്കുന്നു. "അവൾക്ക് ഒരു പരപുരുഷനുണ്ടായിരുന്നു വരുണേ രണ്ടു പേരും കൂടി കാശും കൈവശപ്പെടുത്തി എങ്ങോ... അയാൾ പൊട്ടികരഞ്ഞൂകൊണ്ട് വരുണിന്റെ തോളിലേക്ക് ചാഞ്ഞു." നീ പോലും ഒരിക്കൽ പോലും ഒന്നും കണ്ടില്ലേടാ. "
        വരുൺ ടിക്കറ്റിനു കാശുമുടക്കി അയാളെയും മക്കളേയും നാട്ടിലേക്ക് അയച്ചു. പിന്നെ ജോണി തിരിച്ചു ഗൾഫിൽ വന്നില്ല. ഈ കാര്യങ്ങളൊന്നും ആരും അറിഞ്ഞില്ല. വരുൺ അതോടെ ഖത്തറിലെക്ക് ഒരു പുതിയ ബിസിനസ്സുമായി
പോയി
                         ***********
           ആരും അറിയാതെ പോയ ഈ കഥക്കുപിറകെ മാധവനു മാത്രം എന്തോ അക്ഷരതെറ്റു തോന്നി. ജോണിയുടെ ഭാര്യ എവിടെ? അവളുടെ പേരിലണ്ടായിരുന്ന സമ്പാദ്യം എവിടെ? വരുണിന് ഗൾഫിൽ ബിസിനസ് തുടങ്ങാനും മാത്രം പണം എവിടെ നിന്ന് കിട്ടി?
          വരുൺ വരുകയായിരുന്നു. ഗൾഫിൽ അവന്റെതായ ഒരു മേൽവീലാസം ഉണ്ടാക്കിയെടുത്തു. നാട്ടിൽ നല്ല ഒരു കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചു. രണ്ടു മക്കളും ആയി.
           മാസങ്ങൾക്കുശേഷം വരുൺ കോഴിക്കോട് ഏക്കറോളം സ്ഥലം വാങ്ങുകയും കൊട്ടാരം പണിയുകയുമാണ് എന്നറിഞ്ഞു. പണിതീരാറായപ്പോഴാണ് പണക്കുറവിന്റെ കാര്യം പറഞ്ഞു അവൻ മാധവന്റെ അടുത്തെത്തിയത്. വീടിരിക്കുന്ന അഞ്ച് സെന്റ് ഒഴിവാക്കി ബാക്കി അവന് എഴുതി കൊടുത്തു. അത് ദിവസങ്ങൾക്കകം അവൻ കച്ചവടമാക്കി.
       പഴയവീടിന്റെ മുക്കുംമൂലയും അവനും കൂടെ വന്ന അലങ്കാരപണിക്കാരനും ചിക്കിചികയുന്നുണ്ടായിരുന്നു. പറകൾ ഇടങ്ങഴികൾ കോളാമ്പി ചെല്ലപ്പെട്ടി കുന്താണി പിച്ചളകിണ്ണങ്ങൾ കലച്ചട്ടി എന്നുവേണ്ട ആവശ്യമില്ലാതെ തട്ടിൻപുറത്തു കൂട്ടിയിട്ട പഴയ സാധനങ്ങൾ എല്ലാം അവൻ ലോറിയിൽ കയറ്റി കൊണ്ടുപോന്നു.
       ആക്ലാവുപിടിച്ചു കിടന്നിരുന്ന ഉരുപ്പടികളാണ് സ്വർണ്ണം പോലെ ചുവരോരങ്ങളിൽ തിളങ്ങുന്നത് എന്ന് മാധവൻ കൗതുകത്തോടെ കണ്ടു.
       എല്ലായിടങ്ങളും കണ്ടു കഴിഞ്ഞപ്പോൾ മറ്റെല്ലാ ആവലാതികൾക്കുമീതേ മകനെ കുറിച്ച് മാധവനു അഭിമാനം തോന്നി.
         നാളെ പാലുകാച്ചലാണ്. അവന്റെ അമ്മയുടെ ഭാഗ്യമോ നിർഭാഗ്യമോ വരുണിന് പത്തുവയസ്സുളളപ്പോൾ ഭാനു മരിച്ചു. നടപ്പു ദീനം വന്നു പഴയ ചോർച്ച മാറാത്ത വീട്ടിൽ അവൾ അവസാനിച്ചു.
           മാധവൻ തിരികെ കാറിലേക്ക് കയറി. മകനും കുടുംബവും താജ് ഹോട്ടലിൽ ആണ് താമസം. മാധവനും അവിടെ മുറിഒരുക്കിയിട്ടുണ്ട്. തന്റെ അടുത്തേക്ക് വരാത്ത പേരക്കുട്ടീകൾ ലാണിൽ ഓടിക്കളിക്കുന്നതും അവരുടെ അമ്മ തന്റെ നേരെ ഒന്നു നോക്കുകപോലും ചെയ്യാത്തതും കണ്ട് നിശബ്ദനായി അയാൾ ആ വലിയ ഹോട്ടലിന്റെ ഓരത്തു നിന്നു.
       രാവിലെ മാധവൻ കുളിച്ചൊരുങ്ങി വന്നപ്പോഴേക്കും തളിക്ഷേത്രത്തിൽ പോയി തൊഴുതു വഴിപാടുകൾ നടത്തി വരുണും ഭാര്യയും എത്തിചേർന്നു. പതിനൊന്ന് മണിക്കാണ് പാലുകാച്ചൽ. സമയം എട്ട് കഴിഞ്ഞു. മരുമകൾ തിരക്കിട്ട് ബ്യുട്ടീഷനെ വിളിക്കുന്നൂ. കുട്ടികളുടെ ആയ അവരെ ഒരുക്കാൻ കൊണ്ടുപോയി. മകനും മുറിയിലേക്ക്.
        "വരു സാർ" ഡ്രൈവർ വന്നു തട്ടിവിളിച്ചു.
ശീതീകരിച്ച കാറിൽ മകനും കുടുബവും കയറിക്കഴിഞ്ഞു. മകനരികിൽ അവനെ ഒന്ന് തൊടാൻ കൂടി പറ്റാതെ ആ അച്ഛൻ അകന്നിരുന്നു.മരുമകൾക്കതു രസിച്ചില്ല. അവൾ ഇംഗ്ലീഷിൽ തർക്കിക്കുകയും മകൻ
"അച്ഛൻ അടുത്ത കാറിൽ വരു. അച്ഛന് ഏസി പിടിക്കില്ലല്ലോ" എന്നും പറഞ്ഞ് ആരോടൊ വേറെ ഒരു കാർ വിളിപ്പിക്കുന്നതും കണ്ടു. മാധവൻ കാർ മാറിക്കയറി.
         കോഴിക്കോട് അങ്ങാടിയിൽ ജനപ്രളയം അതിലേറെ വാഹനങ്ങൾ! വഴിവാണിഭവും ഒട്ടും കുറവല്ല. മെല്ലെ നീങ്ങിയ കാറുകൾ സ്പീടെടുത്തു ഇരുപത് മിനിറ്റോളം ഓടിയപ്പോൾ വലതുവശത്തായി അല്പം ദൂരെ പുതിയ വീടിന്റെ മതിൽ കെട്ടു കാണുകയായി. ദിഗന്തം പൊട്ടുന്ന ഒച്ച. മാധവന്റെ കാർ സഡൺ ബ്രേക്ക് ചെയ്തു. കൊട്ടാരത്തിന്റെ ഗേററിലേക്ക് ഒരു അഗ്നി പർവ്വതം തെന്നി തെറിച്ച് വീണു.
         മാധവൻ ആറ്റിൻ കരയിൽ ചെറൂളയും കറുകയും നിരത്തി ഉണക്ഗല്ലരിചോറുരുട്ടി തിലം തൂകി ബലിശേഷവും കൊണ്ട് ആററിലേക്കു മുങ്ങാനിറങ്ങി.
        പരികർമ്മി ആ ഇറക്കം നോക്കി സങ്കടപ്പെട്ടു "മക്കൾക്കും പേരക്കുട്ടീകൾക്കും ശേഷക്രിയചെയ്യേണ്ടി വരിക എന്ന് വെച്ചാൽ അതിൽ പരം ഒരു സങ്കടം വേറെ ഉണ്ടോ. വിധി അല്ലാതെന്താ"
വീടെത്തും മുമ്പേ ( കഥ: വത്സല നിലമ്പൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക