Image

രക്താംബരധാരിയായ തുയഥൈര ( യാത്രാ വിവരണം 4: സാംജീവ്)

Published on 22 June, 2020
രക്താംബരധാരിയായ തുയഥൈര ( യാത്രാ വിവരണം 4: സാംജീവ്)
ചരിത്രവും ഭൂമിശാസ്ത്രവും

ഏഷ്യാമൈനറിന്റെ തലസ്ഥാനമായിരുന്ന പെർഗമോസിൽ നിന്നും തെക്കുകിഴക്കായി പോകുന്ന ഒരു പുരാതന വാണിജ്യപാതയിലാണു തുയഥൈര എന്ന നഗരം. ഇന്നത്തെ അതിന്റെ നാമധേയം അക്ഹിസാർ എന്നാണ്. ഈജിയൻ കടലിൽ നിന്നും 50 മൈൽ കിഴക്കായി തുർക്കിയുടെ പശ്ചിമഭാഗത്താണു അക്ഹിസാർ. ഇന്നു പുകയില വ്യാപാരത്തിന്റെയും വൈൻ ഉല്പാദനത്തിന്റെയും കേന്ദ്രമാണു അക്ഹിസാർ. അക്ഹിസാറിലെ ഒലിവെണ്ണ വിശ്വോത്തരമാണ്.

അനറ്റോളിയായിലെ മറ്റു നഗരങ്ങളെപ്പോലെ തന്നെ യുദ്ധങ്ങളുടെയും അധിനിവേശത്തിന്റെയും ചരിത്രമാണു തുയഥൈര എന്ന അക്ഹിസാറിനുമുള്ളത്. അക്ഹിസാറിന്റെ നാഗരികതയുടെ വേരുകൾ ബിസി 3000 വരെ കടന്നു ചെല്ലുന്നു. ബിസി1200 മുതൽ 546 വരെ ലുദ്യാ (ഇംഗ്ലീഷിൽ ലിഡിയ) എന്ന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു തുയഥൈര. ബിസി ഏഴാം നൂറ്റാണ്ടിലാണു ലുദ്യയുടെ സംഭാവനയായ നാണയ സമ്പ്രദായം കണ്ടുപിടിച്ചത്. ബിസി 546 വരെ 14 വർഷം ലുദ്യ ഭരിച്ച ക്രോസസ് രാജാവിനെപ്പറ്റി ഹെരോഡോട്ടസ് പറയുന്നുണ്ട്. ക്രോസസ് ആയിരുന്നു ലുദ്യയുടെ അവസാനത്തെ രാജാവ്. മഹാനായ അലക്സാണ്ടറുടെ അശ്വമേധത്തിൽ ലുദ്യയും തുയഥൈരയും യവനസാമ്രാജ്യത്തിൽ ലയിച്ചു.
യവനന്മാരുടെ ഭരണകാലത്തുതുയഥൈര പെലോപ്യാ എന്നറിയപ്പെട്ടിരുന്നു. ബിസി 290ൽ ഈ സ്ഥലം സെല്യൂക്കസ് നിക്കേറ്റർ എന്ന ഭരണാധികാരിയുടെ അധീനത്തിലായിരുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ സൈനിക മേധാവികളിൽ ഒരാളായിരുന്നു അദ്ദേഹം. സെല്യൂക്കസ് ആണു പെലോപ്യ നഗരത്തിനു തുയഥൈര എന്നു നാമകരണം ചെയ്തത്. വാക്കിന്റെ അർത്ഥം യവനഭാഷയിൽ ‘പുത്രി’ എന്നാണ്. സെല്യൂക്കസിനു ജനിച്ച പുത്രിയുടെ സ്മരണ നില നിർത്താനാണുപോലും പെലോപ്യയെ തുയഥൈര ആക്കിയത്.

ബിസി 80ൽ റോമൻ ഭരണം ആരംഭിച്ചു. റോമൻ ഭരണകാലത്തു (ഒന്നാം നൂറ്റാണ്ടിൽ) തുയഥൈര തുണി നിർമ്മാണത്തിനും വ്യാപാരത്തിനും പ്രശസ്തി ആർജിച്ചിരുന്നു. തുണിത്തരങ്ങൾക്കു ചായക്കൂട്ടുകൾ ഉണ്ടാക്കുന്നതു ഒരു പ്രധാന അനുബന്ധ വ്യവസായമായി വളർന്നു. കളിമൺപാത്ര നിർമ്മാണം, തുകൽ നിർമ്മാണം, ചെമ്പു പിത്തള ലോഹ വ്യവസായം ഇവയെല്ലാം തുയഥൈരയിൽ റോമൻ ഭരണകാലത്തു അഭിവൃദ്ധി പ്രാപിച്ചു; പോരെങ്കിൽ അടിമക്കച്ചവടവും.
ബൈസാന്തിയൻ (റോമൻ) ഭരണത്തിന്റെ അധ:പതനത്തോടുകൂടി എഡി 1307ൽ അക്ഹിസാർ തുർക്കികളുടെ ഭരണത്തിലായി. അചിരേണ ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു അക്ഹിസാർ.

മറ്റു അനറ്റോളിയാ നഗരങ്ങളെപ്പോലെ പുരാതന തുയഥൈര ഒരു ഗിരിശൃംഗനഗരമായിരുന്നില്ല. അപ്പോളോ ദേവനെ ആരാധിച്ചിരുന്നുവെങ്കിലും ഭീമാകാരങ്ങളായ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ തുയഥൈരയിൽ കാണുന്നില്ല. പൌരാണിക നാഗരികതയുടെ ചില അവശിഷ്ടങ്ങൾ അവിടവിടെ ചിന്നിച്ചിതറി കിടപ്പുണ്ട്. അവയിൽ പ്രധാനം അക്ഹിസാർ നഗരകേന്ദ്രത്തിൽ ചരിത്രസ്മാരക വസ്തുക്കൾ ശേഖരിച്ചിരിക്കുന്ന ഒരു സ്ഥലമാണ്. ഒരു സോക്കർ ഫീൽഡിന്റെ വലിപ്പം പോലുമില്ലാത്ത ആ കോമ്പൌണ്ടിൽ തുയഥൈര എന്ന ചരിത്രാതീത സംസ്ക്കാരത്തിന്റെ ചില അവശിഷ്ടങ്ങളൊക്കെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ക്രിസ്തുമതം തുയഥൈരയിൽ

യഹൂദന്മാരുടെ ഒരു വലിയ കുടിയേറ്റ നഗരമായിരുന്ന തുയഥൈരയിൽ ക്രിസ്തുമതം അതിന്റെ പ്രാരംഭദശയിൽ തന്നെ കടന്നുചെന്നു. പുതിയനിയമത്തിൽ രണ്ടു സ്ഥലങ്ങളിൽ തുയഥൈര പരാമർശിക്കപ്പെുന്നുണ്ട്. അപ്പൊസ്തല പ്രവർത്തികൾ (ബൈബിൾ) എന്ന പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

“തുയഥൈര പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്ന പേരുള്ള ദൈവഭക്തയായൊരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലോസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിനു കർത്താവു അവളടെ ഹൃദയം തുറന്നു.”
പൌലോസിന്റെ യൂറോപ്പിലെ ആദ്യത്തെ പ്രേഷിതപ്രവർത്തിയാണു പ്രതിപാദ്യം. മാസിഡോണിയായിലെ ഫിലിപ്പി എന്ന നഗരത്തിലാണു സംഭവം. ലുദിയ ഹൃദയം തുറന്നു, വചനം സ്വീകരിച്ചു, യൂറോപ്പിലെ ആദ്യത്തെ ക്രിസ്തുമത വിശ്വാസിയായിത്തീർന്നു.

ഈ സംഭവം നടക്കുമ്പോൾ തുയഥൈര ഒരു ക്രൈസ്തവകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നുവെന്നു അനുമാനിക്കാം.അവിടെ വച്ചു തന്നെ സുവിശേഷം ഒരളവിൽ ലുദിയയെ സ്വാധീനിച്ചിരിക്കാം. ഒരു പക്ഷേ പൌലോസിനെപ്പറ്റി അവൾ കേട്ടിരിക്കാം. ആ അറിവു ഫിലിപ്പിയിൽ വച്ചു സുവിശേഷത്തോടു അനുകൂലമായി പ്രതികരിക്കാൻ ലുദിയയെ പ്രേരിപ്പിച്ചിരിക്കാം.
ആരാണു സുവിശേഷം തുയഥൈരയിൽ എത്തിച്ചത്? ചരിത്രപരമായ തെളിവുകൾ ഒന്നുമില്ല. അപ്പൊസ്തലനായിരുന്ന പൌലോസും ശിഷ്യനായ ശീലാസും പൌലോസിന്റെ രണ്ടാം മിഷ്യനറി യാത്രയിൽ തുയഥൈര സന്ദർശിച്ചതായി അനുമാനിക്കപ്പടുന്നു. ഒരു പക്ഷേ പെന്തെക്കോസ്തു നാളിലെ പരിശുദ്ധാത്മാഗ്നിയുടെ ഒരു സ്ഫുലിംഗം തുയഥൈരയിലേയ്ക്കും വന്നിട്ടുണ്ടാകാം. അതവിടെ ആളിക്കത്തിയിരിക്കാം.
വെളിപ്പാടുപുസ്തകത്തിലെ സുപ്രസിദ്ധമായ ഏഴു സഭകളിൽ ഒന്നാണു തുയഥൈരയിലെ സഭ. തുയഥൈര സഭയോടുള്ള ദൈവപുത്രന്റെ സന്ദേശം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

“തുയഥൈര സഭയുടെ ദൂതനു എഴുതുക.------------ഞാൻ നിന്റെ പ്രവർത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത, എന്നിവയും നിന്റെ ഒടുവിലത്തെ പ്രവർത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.-------നിങ്ങളുടെ പ്രവർത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം നല്കും.”

ആദ്യത്തെ പ്രശംസാ വാക്കുകൾക്കു ശേഷം തുയഥൈരാ സഭയ്ക്കു ദൈവപുത്രന്റെ കർശനമായ മുന്നറിയിപ്പും ശകാരവും ഏറ്റു വാങ്ങേണ്ടി വന്നു. ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രൈസ്തവ മൂല്യങ്ങൾ നഷ്ടപ്പെട്ട സഭയാണു തുയഥൈര.
എഡി 1922ൽ ടർക്കിഷ് ദേശീയസൈന്യം അക്ഹിസാർ പിടിച്ചെടുത്തു. 7000 ഗ്രീക്കുകാർ വധിക്കപ്പെട്ടു. അവശേഷിച്ച ക്രൈസ്തവ സമൂഹം നാടു കടത്തപ്പെട്ടു. ഇന്നും തുയഥൈര ആർച്ചു ബിഷപ്പ് എന്ന പേരിൽ ഒരു ക്രൈസ്തവ പുരോഹിതൻ ലണ്ടനിൽ താമസിക്കുന്നുണ്ട്. ഇംഗ്ലണ്ട്, അയർലണ്ട്, മാൾട്ടാ എന്ന രാജ്യങ്ങളിലെ ഗ്രീക്കു ഓർത്തഡോക്സു സഭയുടെ അദ്ധ്യക്ഷനാണു അദ്ദേഹം.
ചരിത്രസ്മാരക പാർക്കിനു തൊട്ടടുത്ത തെരുവിൽ നമ്മുടെ ഗ്രാമീണ മാതൃകയിലുള്ള കാപ്പിക്കടകൾ കാണാം. അവിടൊക്കെ സുപ്രസിദ്ധമായ ടർക്കിഷ് കോഫി ലഭ്യമാണ്. രണ്ടോ മൂന്നോ ഔൺസ് മാത്രം കൊള്ളുന്ന ചെറിയ ചില്ലു പാത്രങ്ങളിലാണു ടർക്കിഷ് കോഫിവിതരണം ചെയ്യുന്നത്. പാൽ ചേർക്കാറില്ല. ആവശ്യമെങ്കിൽ പഞ്ചസാര അല്പമാകാം. ഭസ്മം പോലെ പൊടിച്ച ഏലയ്ക്കായും കാപ്പിപ്പൊടിയുമാണു ടർക്കിഷ് കോഫിയുടെ ഘടകങ്ങൾ.

ഒരു കാപ്പിക്കടയുടെ മുന്നിലുള്ള പന്തലിൽ ഇരുന്ന് ടർക്കിഷ് കോഫി നുകരുമ്പോൾ അല്പം അകലെ ചരിത്രസ്മാരക പാർക്കിനു തൊട്ടരികിൽ രണ്ടു വൃദ്ധ ദമ്പതികൾ ഒരു ബഞ്ചിലിരുന്നു പോക്കുവെയിൽ ആസ്വദിക്കുന്നതു കണ്ടു. അവരുടെ മുഖം ശാന്തഗംഭീരമായിരുന്നു. ജീവിതസായാഹ്നത്തിൽ സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്ന മനുഷ്യന്റെ പ്രതീകമായിത്തോന്നി ആ വൃദ്ധദമ്പതികൾ. 4000 വർഷങ്ങൾക്കു മുമ്പ് വൃദ്ധരായ ഹിത്യ ദമ്പതികൾ ചെറുമക്കളുടെ ലീലാവിലാസങ്ങൾ നുകർന്നുകൊണ്ടു അവിടെ ഇരുന്നിരിക്കാം. രണ്ടായിരം വർഷങ്ങൾക്കു മുമ്പു വാഗ്ദത്തനാടിനെ സ്വപ്നം കണ്ടുകൊണ്ട് വൃദ്ധരായ യഹൂദ ദമ്പതികൾ അവിടെ ഇരുന്നിട്ടുണ്ടാവും. പക്ഷേ അവരെയൊക്കെ കാത്തിരുന്നതു കുതിരപ്പട്ടാളത്തിന്റെ കുളമ്പടി ശബ്ദവും ഒതുങ്ങാത്ത രക്തദാഹത്തിന്റെ പോർ വിളികളുമായിരുന്നു. ഉണങ്ങിവരണ്ട ഒരു രക്തപ്പുഴയുടെ അരികിലാണു ഞാൻ ഇരിക്കുന്നത് എന്നെനിക്കു തോന്നി.

രക്താംബരധാരിയായ തുയഥൈര ( യാത്രാ വിവരണം 4: സാംജീവ്)
Join WhatsApp News
രാജു തോമസ് 2020-06-23 09:27:43
എത്ര നന്നായിരിക്കുന്നു! അദ്ധ്യായത്തിന്റെ അവസാനഭാഗമാണെങ്കിൽ ഗംഭീരം.
യേശു 2020-06-23 11:13:47
നിങ്ങൾ മരിച്ചവരുടെ ഇടയിൽ എന്തിന് എന്നെ തിരയുന്നു? യെരുശലേമിൽ നിന്ന് എന്തെങ്കിലും നന്മ വരുമോ ? അടിച്ചമർത്തപ്പെട്ടവരുടെയും, അവശരുടേയും, അഭയാർഥികളുടെ ഇടയിലും എന്നെ തിരയുക. നിങ്ങൾ നിങ്ങളുടെ ഭവനത്തിന് ചുറ്റും വേലി കെട്ടി അഭയാർത്ഥികൾ വരാതെവണ്ണം ഭദ്രമാക്കിയശേഷം എന്നെ അന്വേഷിച്ചു പുന്യഭൂമിയിൽ കറങ്ങുന്നു ? അവസാനം നല്ലതാണോ എന്ന് ആർക്ക് പ്രവചിക്കാൻ കഴിയും ?
ഉപദേശി മത്തായി 2020-06-23 13:13:18
ഞങ്ങൾ ഭക്തന്മാർക്കിട്ടെന്തിന് ഇങ്ങനെ പാരപണിയുന്നു യേശു നാഥാ ? ഞങ്ങൾ നിനക്ക് വേണ്ടി എന്തെല്ലാം ബുസിനെസ്സാണ് ചെയ്യുന്നത് ? ഞങ്ങളില്ലെങ്കിൽ നീ പട്ടിണി കിടന്നു ചത്തുപോകില്ലേ ? ഞങ്ങളുടെ ഹീലിംഗ് മിനിസ്ട്രി കൊണ്ടല്ലേ നിന്റെ പേര് പുറത്തായത് അല്ലെങ്കിൽ ആ ഇസ്രേയിലിന്റ വട്ടത്തിൽ കിടന്ന് കറങ്ങിയേനെ ? ഒറ്റ ഊത്തിന് ഒരു നൂറെണ്ണത്ത താഴെ ഇടും? വീൽ ചെയേറെന്നു ഓരോ അവന്മാരെ എഴുന്നേൽപ്പിച്ച് ഓടിക്കുന്നത് കണ്ടിട്ടില്ലേ ? നിനക്ക് പോലും ഇതുപോലെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ ? പിന്നെ എന്തിനാണ് ഈ പാര.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക