Image

നാല് 'വാരിയംകുന്നന്‍' സിനിമകളും അതിലേറെ വര്‍ഗീയ വിവാദങ്ങളും (ശ്രീനി)

Published on 24 June, 2020
നാല് 'വാരിയംകുന്നന്‍' സിനിമകളും അതിലേറെ വര്‍ഗീയ വിവാദങ്ങളും (ശ്രീനി)
കോവിഡ് ലോക്ക്ഡൗണില്‍ സ്തംഭിച്ചിരിക്കുന്ന മലയാള സിനിമയുടെ ക്ലാപ്പടി ശബ്ദമില്ലാത്ത ലൊക്കേഷനിലേയ്ക്ക് ഒരു ചരിത്രപുരുഷന്റെ പേരിലുള്ള സിനിമാ വിവാദം തിരതള്ളുന്നു. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചരിത്രപുരുഷനായ വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ചൊല്ലിയാണ് മലയാള സിനിമയിലും രാഷ്ട്രീയത്തിലും വിവാദം കത്തിപ്പടരുന്നത്. വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാല് ചരിത്ര സിനിമകളാണ് ഒന്നൊന്നായി വരാന്‍ പോകുന്നത്.

പൃഥിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'വാരിയംകുന്നന്‍' എന്ന സിനിമയാണ് ആദ്യം പ്രഖ്യാപിച്ചത്. പൃഥിരാജ് തന്നെയാണ് ജൂണ്‍ 21ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയത്. ''ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു...'' എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

ഇതിന് പിന്നാലെ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ജീവിതം പ്രമേയമാക്കി മലയാള സമാന്തര ചലച്ചിത്ര രംഗത്തെ സംവിധായകനും നിര്‍മ്മാതാവും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനുമായ പി.ടി കുഞ്ഞുമുഹമ്മദ്, നാടകകൃത്ത്, നാടക, ചലച്ചിത്ര നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇബ്രാഹിം വേങ്ങര, പ്രമുഖ സംവിധായകന്‍ അലി അക്ബര്‍ എന്നിവരും സിനിമ നിര്‍മ്മിക്കും എന്ന് പ്രഖ്യാപിച്ചു. അതേസമയം, 'വാരിയംകുന്നന്‍' സിനിമ ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും ഹിന്ദു ഐക്യവേദി പൃഥ്വിരാജിനോട് മുന്നറിയിപ്പിന്റെ സ്വരത്തില്‍ ആവശ്യപ്പെട്ടതോടെ വിവാദവും പുകഞ്ഞു തുടങ്ങി. ''സിനിമ ചെയ്യാനുള്ള പൂതി എട്ടായി മടക്കി കീശയിലിട്ടേക്കൂ...'' എന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല തീവ്രമായി പ്രതികരിച്ചത്.

''കുറെകാലം പഠനം നടത്തി എഴുതിയ സിനിമ കഥയാണ് 'വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജി'. അതിന്റെ വണ്‍ലൈന്‍ എടുത്ത് എന്റെ സുഹൃത്ത് അലി അരങ്ങാടത്തിന് വേണ്ടി ഒരു ഏകപാത്ര നാടകം എഴുതിക്കൊടുത്തു. അദ്ദേഹം വിജയകരമായി ആ നാടകം കേരളത്തിനകത്തും, ഇന്ത്യയ്ക്ക് പുറത്തും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ സിനിമാ പേര് 'ദി ഗ്രേറ്റ് വാരിയം കുന്നത്ത്' എന്നാണ്. ഇതിന്റെ തിരക്കഥ രണ്ടുമൂന്നു പേര്‍ക്ക് കൈമാറിയിട്ടുണ്ട്. മാത്രമല്ല അതിന്റെ വാര്‍ത്ത മീഡിയയില്‍ വന്നിട്ടുണ്ട്. അതിന്റെ മറ്റു വര്‍ക്കുകള്‍ നടന്നുവരുന്നു. അതിന്റെ പ്രാധാന ലൊക്കേഷന്‍ കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയാണ്. അഭിനേതാക്കള്‍ മലയാള നടന്‍മാര്‍ കൂടാതെ മറ്റ് ഇതര ഭാഷാഭിനേതാക്കളും, കഥാനായിക ആഫ്രിക്കന്‍ നടിയുമാണ്. അനുഗ്രഹിക്കുക...'' എന്നാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഇബ്രാഹിം വേങ്ങരയുടെ പോസ്റ്റ്.

സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തണമെന്നും അല്ലാത്ത പക്ഷം സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്നും ബി.ജെ.പി സംസാഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. ''ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 'മഹത്വം' വാഴ്ത്തി പൃഥ്വിരാജും ആഷിഖ് അബുവും ചേര്‍ന്ന് ഒരുക്കുന്ന ഈ സിനിമ ഹിന്ദുക്കളെ അവഹേളിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ്. ഹിന്ദുക്കള്‍ക്കുണ്ടാക്കിയ മുറിവില്‍ വീണ്ടും മുളക് തേയ്ക്കുന്ന നടപടിയെ കൈയ്യും കെട്ടി നോക്കിയിരിക്കില്ല. ഖിലാഫത്ത് അഥവാ മാപ്പിളസ്ഥാന്‍ സ്ഥാപിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാരോട് നടത്തിയ കലാപത്തെ മഹത്വവല്‍ക്കരിക്കാനുള്ള ഏതു നീക്കവും അനുവദിക്കാനാവില്ല...'' എന്ന് ആര്‍.വി ബാബു ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

പൃഥ്വിരാജിനെതിരെ കമന്റിട്ടവര്‍ ആഷിക് അബുവിനെയും റിമ കല്ലിങ്ങലിനെയും മല്ലികാ സുകുമാരനെയുനൊക്കെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിച്ചിട്ടുണ്ട്. ''വാരിയംകുന്നിന്റെ സിനിമയിറങ്ങിയാല്‍ വേദനിക്കേണ്ടത് ബ്രിട്ടീഷുകാര്‍ക്കാണ്. സൈബര്‍ ആക്രമണം ഒരു തരത്തിലും ബാധിക്കില്ല...'' എന്ന് ആഷിഖ് അബു പറഞ്ഞു. 

ഇതിനിടെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സംഘപരിവാര്‍ പ്രചാരണത്തിനെതിരെ വാരിയം കുന്നത്തിന്റെ കുടുംബം രംഗത്ത് വരികയും ചെയ്തു. സാമ്രാജത്വ ശക്തികളെ താലോലിച്ച് സ്വതന്ത്ര സമരത്തെ ഒറ്റികൊടുത്ത പാരമ്പര്യമുള്ള സംഘ പരിവാര്‍ എക്കാലവും ഇത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തി ശീലിച്ചവരാണെന്ന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ 'ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷന്‍' മലപ്പുറം ഘടകം പറഞ്ഞു.

''വാരിയം കുന്നത്തിനെ പോലെ രാജ്യത്തിനായി ജീവിച്ച് മരിച്ച രക്തസാക്ഷികള്‍ ഓര്‍ക്കപ്പെടുന്നതിന് ഗാന്ധി ഘാതകരായ സംഘ പരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ല. വാരിയം കുന്നത്ത് കുഞഹമ്മദ്ഹാജിയുടെ സമര പോരാട്ടങ്ങളെ ഇതിവൃത്തമാക്കി സംവിധായകന്‍ ആഷിക് അബുവും, പി.ടി കുഞഹമ്മദും പ്രഖ്യാപിച്ച സിനിമയ്ക്കും താരങ്ങള്‍ക്കും എതിരെയുള്ള സംഘ് പരിവാര്‍ നീക്കം സാംസ്‌കാരിക കേരളം ചെറുത്ത് തോല്‍പ്പിക്കണം. നിയമ നടപടികള്‍ സ്വീകരിക്കും. യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കം...'' അസോസിയേഷന്‍ ആരോപിക്കുന്നു.

ഇക്കര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തന്റെ പ്രതികരണം അറിയിച്ചു...''വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് പറയുന്നത് നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ ബ്രിട്ടീഷ് സ്വാമ്രാജിത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ്. വിവാദം എന്റെ ശ്രദ്ധയിലില്ല. പക്ഷെ അദ്ദേഹം ഒരു പടനായകനാണെന്ന് ഓര്‍ക്കണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആദരിച്ചു കൊണ്ടാണ് കേരളം എല്ലാക്കാലത്തും പോയിട്ടുള്ളത്. വര്‍ഗീയ ചിന്തയുടെ ഭാഗമായി മറ്റെന്തെങ്കിലും വരുന്നുണ്ടോ എന്നെനിക്കറിയില്ല...'' മുഖ്യമന്ത്രി പറഞ്ഞു.

ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി..? ഇന്ത്യന്‍ സ്വതന്ത്ര സമര നേതാവ് ആയിരുന്നു അദ്ദേഹം. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു. ഏറനാട് കലാപത്തില്‍ പോരാടിയ നേതാവായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 90 വര്‍ഷത്തെ ബ്രിട്ടിഷ് രാജ് ഭരണത്തില്‍ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തര മുസ്ലീം ഭരണകൂടം സ്ഥാപിക്കാന്‍ സാധിച്ച ഇന്ത്യന്‍ നേതാവായ വാരിയന്‍കുന്നത്ത് 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിര്‍ത്തിയാണ് തന്റെ സമാന്തര ഭരണകൂടം സ്ഥാപിച്ചത്.

മലബാര്‍ ജില്ലയിലെ വള്ളുവങ്ങാട് താലൂക്ക് വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പന്‍ കുടുംബത്തില്‍ 1870 ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയും, കരുവാരക്കുണ്ടിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞ്ഞായിശുമ്മയുമാണ് മാതാപിതാക്കള്‍. ഇവരുടെ കുടുംബങ്ങള്‍ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലര്‍ത്തുന്നവരായിരുന്നു. പൊതുവേ ശാന്തനും പക്വമതിയും, മാപ്പിള കുടിയാന്മാരോടും കീഴാളന്മാരോടും അനുകമ്പ നിറഞ്ഞവനുമായാണ് സഹപ്രവര്‍ത്തകരായിരുന്ന മാധവന്‍ നായരും, ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും ഹാജിയെ വിശേഷിപ്പിക്കുന്നത്. സ്വന്തത്തിലുള്ളവര്‍ തന്നെ തെറ്റ് ചെയ്താല്‍ കഠിനമായി ശിക്ഷിക്കുന്ന നീതി ബോധവും അദ്ദേഹത്തിനുണ്ടായിരുന്നത്രേ.

ഇരുനിറത്തില്‍ മെലിഞ്ഞു പൊക്കം കുറഞ്ഞ ആരോഗ ദൃഢഗാത്രനായിരുന്നു ഹാജി. കള്ളി മുണ്ട്, മേല്‍ക്കുപ്പായം, തുര്‍ക്കി തൊപ്പി, അതിന് മേലേ പച്ച ഉറുമാല്‍, കഴുത്തില്‍ തകിട് കൊണ്ടുള്ള രക്ഷ, കൈതോളില്‍ ഉറുക്ക്, വിരലില്‍ കല്ല് മോതിരം... ഇതായിരുന്നു ഹാജിയുടെ വേഷവിധാനം. ബോംബയില്‍ ഉള്ള പ്രാവാസ ജീവിതത്തിനിടെ ഗാന്ധിജിയുടെ ആശയങ്ങളില്‍ കുഞ്ഞഹമ്മദ് ഹാജി ആകൃഷ്ടനായി. 1908 ല്‍ മഞ്ചേരി രാമയ്യര്‍ മുഖേന കോണ്‍ഗ്രസ്സിലെത്തുന്നതും അങ്ങനെയാണ്.1920 ജൂലായ് 18ന് കോഴിക്കോട് ജൂബിലി ഹാളില്‍ നടന്ന മലബാര്‍ ജില്ലയിലെ മുസ്ലിംകളുടെ ഒരു യോഗത്തില്‍ മലബാര്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവര്‍ത്തന മേഖല അതായി മാറി.

സുശക്തമായ സൈനിക സംവിധാനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഹാജി ബ്രിട്ടൂഷ് പടയെ നേരിട്ടിരുന്നത്. പട്ടാളത്തില്‍ നിന്നും പിരിഞ്ഞവരായിരുന്നു ഹാജിയെ സഹായിക്കാന്‍ ഉണ്ടായിരുന്നത്. പോരാട്ടത്തിനിടെ അറസ്റ്റിലായി. 1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം മഞ്ചേരി റോഡിന്റെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവില്‍ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയില്‍ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി. ഇതാണ് വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിന്റെ സംക്ഷിപ്തം. 
Join WhatsApp News
Surendran 2020-06-24 16:05:12
മലബാർ കലാപത്തെക്കുറിച്ചു അന്ന് പ്രദേശ് കോൺഗ്രസ് പാർട്ടി പ്രസിഡന്റായിരുന്ന കെ. മാധവൻ നായർ എഴുതിയ മലബാർ കലാപം എന്ന പുസ്തകവും, സമാധാനം സ്ഥാപിക്കാൻ നേരിട്ട് പ്രവർത്തിച്ച കേളപ്പൻ, കെ പി കേശവ മേനോൻ, ലഹളയിൽ മനംനൊന്ത് മഹാത്മാ ഗാന്ധി, ഡോ:അംബേദ്‌കർ എന്നിവർ നടത്തിയ പ്രതികരണങ്ങൾ ലഹള സമ്മാനിച്ച ക്രൂരതകൾ വിവരിച്ച കുമാരനാശാന്റെ ദുരവസ്ഥ ഇവയൊക്കെ ഇപ്പോളും നിലനിക്കുന്നുണ്ട്. കൂടാതെ ലഹള സംബന്ധമായ കേസ്സുകളിൽ താൻ സ്ഥാപിച്ച രാജ്യത്തിന്റെയും തന്റെയും ഉദ്ദേശങ്ങൾ വ്യക്തമാക്കി അന്നത്തെ കോടതികളിൽ വാരിയംകുന്നൻ നൽകിയ മൊഴികളും ലഭ്യമാണ്. ഈ യാഥാർഥ്യങ്ങളെ വളച്ചൊടിച്ചോ വെള്ളപൂശിയോ സിനിമ നിർമ്മിച്ചാൽ സമൂഹത്തിൽ വ്യാപകമായ വിഭാഗീയതയായിരിക്കും ഉണ്ടാകുക. പുതുതായി ചരിത്ര രചനയൊന്നും വേണ്ടാതായി തോന്നുന്നില്ല, ദേശിയ നേതാക്കളുടെ വരികൾ മനസ്സിരുത്തി വായിക്കുക എന്നിട്ടു പ്രതികരിക്കുക
കലാപം 2020-06-24 20:20:56
ഹിന്ദുക്കൾക്കെതിരെ ആയിരുന്നില്ല കലാപം. ബ്രിട്ടീഷുകാർക്കും അവരുടെ പിണിയാളുകൾക്കും എതിരെ. അവർ ജന്മിമാരും ഉന്നത ഉദ്യോഗസ്ഥരുമായിരുന്നു. എല്ലാവരും സവർണ ഹിന്ദുക്കൾ.
പൊതുജനം 2020-06-24 20:30:37
ഫൊക്കാന,കുഴിയാന , ഫോമ ആമ ട്രംപ് എന്നീ മനുഷ്യർക്ക് കാകാശിന് പ്രയോജനമില്ലാത്തവരെയും പ്രസ്ഥാനങ്ങളെയും ഒരുമിച്ചു നമ്മൾക്ക് നവമ്പറിൽ പടിയിറക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക