Image

നഗ്‌നതയുടെ രാഷ്ട്രീയം: സന റബ്‌സ്

Published on 24 June, 2020
 നഗ്‌നതയുടെ രാഷ്ട്രീയം: സന റബ്‌സ്

     ശരീരപ്രദർശനമാണ് തന്‍റെ രാഷ്ട്രീയം എന്ന് പറയുമ്പോൾ, അത് ഉൾക്കൊള്ളാൻ സമൂഹം വെന്തു പാകമായിട്ടില്ല എന്ന് അതിലൂടെ മുദ്രാവാക്യം വിളിക്കുമ്പോൾ  നിങ്ങൾ വെളിവുള്ള സമൂഹത്തിന്‍റെ മുഖത്തടിക്കുകയാണ്.
    ആ അടി കൊള്ളണോ എന്ന് സമൂഹമാണ് തീരുമാനിക്കേണ്ടത്. 

    നഗ്നത ഓരോരുത്തരുടെയും സ്വകാര്യതയാണ്.  ഇഷ്ടമുള്ളവർക്ക്  അത് പബ്ലിക് ആക്കാം. 
പൊതുകാഴ്ചക്ക്  നൽകിയ, നൽകാൻ ഉദ്ദേശിക്കുന്ന  നഗ്നത സ്വീകരിക്കണോ വേണ്ടയോ  എന്നത് നോക്കുന്നവർ തീരുമാനിക്കും. അതുകൊണ്ടാണ് തുറന്നിട്ട ശരീരം ചിലർക്ക് പവിത്രവും ചിലർക്ക് സാധാരണവും മറ്റു ചിലർക്ക് ആഭാസവും വേറെ ചിലർക്ക് പുറമ്പോക്കും പലർക്കും കാഷ്വൽ ആൻഡ് കൂളും ആകുന്നത്‌.   

    വാതിലും ജനലും അടച്ചു പറ്റുമെങ്കിൽ ജനൽവിരികൂടി ഇട്ട്  ഭദ്രമാക്കിയാണ്  ഇന്ത്യയിലെ ഇണകൾ   സ്വന്തം ഇണയെ കെട്ടിപ്പിടിക്കാനോ 
ഒന്നുമ്മവെക്കാനോ ശ്രമിക്കുക. അത് അവന്‍റെ / അവളുടെ സദാചാരബോധം എന്ന് തെറ്റിദ്ധരിച്ചു കളയരുത്.  ഒരു മനുഷ്യൻ സംസാരിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം അവനവന്‍റെ സ്വത്വം  സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അതിൽനിന്നും മനസ്സിലാക്കേണ്ടത്.  വളരുന്ന സാഹചര്യവും കുറെ അവനെ അതിന് പ്രാപ്തനാക്കുന്നുമുണ്ട്. ആ സ്വത്വം  സൂക്ഷിക്കാൻ അവന് സ്വകാര്യത വേണമെന്നും  മനസ്സിലായിട്ടുണ്ട്. 
സദാചാരം എന്നത് ആളുള്ളപ്പോൾ പൊതിയുന്നതും  ആളില്ലാത്തപ്പോൾ  തുണി അഴിച്ചിടലും അല്ലല്ലോ.  സദാചാരം എന്നത് സത്യസന്ധതയാണ്. ഒറ്റയ്ക്കും കൂട്ടമായും  ജീവിക്കുമ്പോഴൊക്കെയും 
  തന്നോടും മറ്റുള്ളവരോടും പുലർത്തുന്ന സത്യസന്ധയാണ്  സദാചാരം. വിവരവും ആലോചനാശേഷിയും ഉള്ളവർക്കൊക്കെ അതങ്ങനെത്തന്നെ ആയിരിക്കും. അവനവന്‍റെ പേർസണൽ സ്പേസ് സൂക്ഷിക്കുമ്പോലെ മറ്റുള്ളവരോട് പ്രതിപക്ഷ ബഹുമാനമുള്ള ഏതൊരാൾക്കും  സ്വന്തം ശരീരത്തോടും ജീവിതത്തോടും കാഴ്ചപ്പാടും ബഹുമാനവും ഉണ്ടാവും. 

    യൂറോപ്പിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ലൈംഗികതയും ശരീരം തുറന്നിടലും കുറെയൊക്കെ പബ്ലിക് ആണ്. അവരുടെ ഭൂമിശാസ്ത്രവും,  കാലാവസ്ഥയും വിദ്യാഭ്യാസരീതിയും വ്യത്യസ്തമായതിനാൽ അവിടെ  പ്രൈവസി എന്നതിനും ഫ്രീഡം എന്നതിനും മറ്റുള്ളവരുടെ കാര്യത്തിലേക്ക് നുഴഞ്ഞു കയറുന്നതിനുള്ള പരിധിയും നമ്മുടെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വളരെ വ്യത്യസ്തമാണ്. അതവിടെ നിൽക്കട്ടെ. 
 
    നരവംശ പരിണാമവും ശാസ്ത്രവളർച്ചയും നോക്കുമ്പോൾ
പ്രിമിറ്റീവ് മനുഷ്യൻ,   നിയാണ്ടർത്തല്‍ 
മനുഷ്യൻ, ക്രോമാഗ്നൺ മനുഷ്യൻ എന്നിങ്ങനെ ഹോമോസാപിയൻസ് വരെ എത്തി നിൽക്കുന്ന നമ്മുടെ മനുഷ്യവർഗ്ഗത്തിന്‍റെ  ഉൽപ്പത്തിയിൽ  ആദ്യം വസ്ത്രം ഉണ്ടായിരുന്നില്ല. പിന്നീട്  ചൂടും തണുപ്പും മഞ്ഞും മഴയും വന്നപ്പോൾ ഇലകളും മരത്തൊലികളും ഉപയോഗിച്ച് അവൻ വസ്ത്രമുണ്ടാക്കി, തീയുണ്ടാക്കി, ചക്രമുണ്ടാക്കി എന്നൊക്കെ കണ്ടു. 
ഒരുമിച്ച് വേട്ടയാടി നടന്നിരുന്ന മനുഷ്യൻ ഒറ്റയ്ക്ക് വേട്ടയാടി, ഒറ്റയ്ക്ക് ഭക്ഷിച്ചു. 
ഒരുപാടു ഇണകളിൽ രമിച്ചു നടന്നു ഭോഗവും വംശവർദ്ധനവും മാത്രം നടത്തി ജീവിച്ചു. 
ഇതിനേക്കാൾ മെച്ചമാണ് ഒരു കൂട്ടവും  കുടുംബവും  ഉണ്ടാക്കിയാൽ എന്ന് മനസ്സിലാക്കി ഒരു കൂട്ടം മനുഷ്യരുടെ നാഥനായി. 
കുറച്ചുകൂടി  സുരക്ഷിതമായി   ജീവിക്കാൻ ഗുഹകളും കുടിലുകളും ഉണ്ടാക്കി. അവസാനം അത് വീടുകളിൽ എത്തി. 
    ഇതിൽ ഒരു കാലഘട്ടത്തിലെ മനുഷ്യനും പഴയതിലേക്ക് തിരിച്ചുപോയി വസ്ത്രം അഴിച്ചുവെക്കാൻ മെനെക്കെട്ടതായി കണ്ടിട്ടില്ല. 
തീ വേണ്ടെന്നു വെച്ചിട്ടില്ല. 
പരിഷ്‌കാരങ്ങൾ വേണ്ടെന്നു വെച്ചിട്ടില്ല. 
കാരണം അവൻ ബുദ്ധി ഉപയോഗിക്കുന്നു. അത്രമാത്രം!

    സാഹിത്യത്തിൽ "ആത്മാവിന്‍റെ  വസ്ത്രമാണ് ദേഹം' എന്ന് പറയുന്നുണ്ട്. അതുകൊണ്ടു വസ്ത്രത്തിനു വേറൊരു വസ്ത്രം എന്തിനെന്നും !
ആത്മാവിന്‍റെ ഭക്ഷണമാണ് വായന എന്ന് കരുതി ആഹാരം ഉപേക്ഷിച്ച ദേഹം എങ്ങനെയിരിക്കും എന്ന് പറയേണ്ടല്ലോ. വായിക്കുന്ന ആരും ഭക്ഷിക്കാതെ ഇരിക്കുന്നുമില്ല!!

കലയിലെ നഗ്‌നത കാണുമ്പോൾ ആരും അയ്യേ എന്ന് പറയാറില്ല. ഗബ്രിയേൽ മാര്കിസ് നഗ്‌നത എഴുതി അല്ലെങ്കിൽ വിശ്വാത്തര ക്ലാസ്സിക്കുകളിൽ ഇതെല്ലാം ഉണ്ട് പാഠപുസ്തകങ്ങളിൽ നഗ്‌നമായ ശരീരത്തിന്റെ കീറിമുറിക്കലും വിചാരണയും ഉണ്ട് എന്നതുകൊണ്ട് ഞാനും ഞങ്ങളും  ഇപ്പോൾ കാണിക്കുന്ന തുറന്ന ശരീരം നിങ്ങൾ കണ്ടേ പറ്റൂ എന്ന് പറയുന്നത് ശുദ്ധമായ വിവരമില്ലായ്മയാണെന്ന് മനസ്സിലാക്കാനും അല്പം സെൻസ് വേണം. 

ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകൾ പല മനുഷ്യരിലും പലതാണല്ലോ!!
കുട്ടിക്ക് മുല കുടിക്കാൻ കൊടുക്കുന്നതും കളിക്കാൻ കൊടുക്കുന്നതും വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ്. 

ഇനി നഗ്നതയും ടോട്ടോച്ചാനും :

പ്രശസ്തയായ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്‍റെ ഗുഡ്വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു ടോട്ടോചാൻ,   'ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ'  എന്ന പുസ്തകം. 

എങ്ങനെയാണു കുട്ടികൾ പ്രകൃതിയോട്  ഇണങ്ങിയും കൂട്ടിച്ചേർന്നും ജീവിക്കേണ്ടത് എന്നാണ് അതിലെ വിഷയം. 
ഇതിൽ ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ തന്‍റെതന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ്‌ അവർ  വിവരിച്ചിരിക്കുന്നത്. ടോട്ടോചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്‍റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നിൽക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്‍റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർ തന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപനപരിശീലന കോളേജുകളിൽ ടോട്ടോചാൻ ഇന്നൊരു  പഠനവിഷയമാണ്.
    കുട്ടിക്ക് കുളിക്കാനും കളിക്കാനും പഠിക്കാനും നീന്താനും മല കയറാനും ആ വിദ്യാലയത്തിൽ സ്ഥലവും സ്വാതന്ത്ര്യവും ഉണ്ട്. 

'പുസ്തകങ്ങൾ ആകാശത്തേക്ക് വലിച്ചെറിയൂ എന്നിട്ടു പ്രകൃതിയിലേക്ക്  വരൂ' എന്ന് റൂസ്സോ പറഞ്ഞത് ഇവിടെ ചേർത്തു വായിക്കണം. പുസ്തകം കത്തിക്കാനല്ല അദ്ദേഹം ആഹ്വാനം ചെയ്തത്‌. പുസ്തകം ഉപേക്ഷിക്കാനുമല്ല കൊബായാഷി മാസ്റ്റർ പറഞ്ഞത്.

    മറ്റൊന്ന് പഠനരീതികൾ കളികളിലൂടെ എന്നത് ഒരു പ്രായം വരെയേ പ്രാബല്യത്തിൽ വരുത്താനാവൂ എന്നത് ഗ്രന്ഥകർത്താവിനും നമ്മുടെ   അധ്യാപകർക്കും അറിയാം.  പത്താം ക്ലാസ് വരെ പ്രവർത്തനാധിഷ്ഠിതപഠനം ആവാം; വേണം താനും. ശേഷം കുറെ സ്വയം പഠനമാണ്. അതുവരെ പഠിച്ച പാഠങ്ങൾ അത്രയും അമൂല്യമായതിനാൽ മുന്നോട്ട്   പോകാൻ ഇവ വെളിച്ചമായിത്തീരുകയും ചെയ്യും. 

    ഇവിടെയും മനസ്സിലാക്കുന്നതിന് ഏറ്റക്കുറച്ചിലുകൾ കാണാം. അതുകൊണ്ടാണ് ടോട്ടാചാനിലെ കുട്ടി  നഗ്നനായി വെള്ളത്തിൽ ചാടുന്നത് കാണുമ്പോൾ 'നഗ്നതയുടെ രാഷ്ട്രീയം' പറയാൻ ആളുകൾക്ക് തോന്നുന്നത്. 

വലുതായാൽ ടോട്ടോച്ചാൻ തുണി അഴിച്ചു പൊതുവിടത്തിൽ  വെള്ളത്തിൽ ചാടുമെന്ന് എനിക്ക് തോന്നുന്നില്ല. തുണിയോടുകൂടി ചാടിയേക്കാം.
see also


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക