Image

പുതിയ സര്‍വേയില്‍ ബൈഡന് ട്രമ്പിന് മേല്‍ 14 പോയിന്റ് ലീഡ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 June, 2020
പുതിയ സര്‍വേയില്‍ ബൈഡന് ട്രമ്പിന് മേല്‍ 14 പോയിന്റ് ലീഡ്  (ഏബ്രഹാം തോമസ്)
ന്യൂയോര്‍ക്ക് ടൈംസും സിയന കോളേജും സംയുക്തമായി നടത്തിയ പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന്‍ ജൂനിയറിന് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രമ്പിന് മേല്‍  14 പെര്‍സന്റേജ് പോയിന്റ് ലീഡ് ഉണ്ടെന്ന് കണ്ടെത്തി, 50% പേര്‍ ബൈഡന് വോട്ടു ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ട്രമ്പിന് വോട്ടു നല്‍കുമെന്ന് പറഞ്ഞവര്‍ 36% മാത്രമാണ്. ബൈഡനെ പിന്തുണയ്ക്കുന്നവരില്‍ സ്ത്രീകളും വെളുത്ത വര്‍ഗക്കാരും കറുത്ത വര്‍ഗക്കാരും മറ്റെല്ലാ വര്‍ഗക്കാരുമുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ചായ് വുള്ളവരും കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിന് പ്രസിഡന്റ് സ്വീകരിച്ച നടപടികളില്‍ തൃപ്തരല്ലാതെ പിന്തുണ ബൈഡന് പ്രഖ്യാപിച്ചു. ട്രമ്പ് അധികാരമേറ്റതിന് ശേഷം ലഭിക്കുന്ന ഏറ്റവും നിരാശാജനകമായ പിന്തുണയാണ് 36%, 2016 ലെ വിജയത്തിന് ശേഷം തന്റെ അനുയായികളെ കൂടെ നിര്‍ത്തുവാനോ കൂടുതല്‍ പേരെ ഒപ്പം കൊണ്ടുവരാനോ കാര്യമായ ശ്രമം ട്രമ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നാരോപണം ഉണ്ട്.

ബൈഡന് കറുത്ത വര്‍ഗക്കാരിലും ഹിസ്പാനിക്കുകളിലും ട്രമ്പിനെക്കാള്‍ വളരെ വലിയ പിന്തുണയുണ്ട്. സ്ത്രീകളും യുവാക്കളും 2016 ല്‍ ഹിലരി ക്ലിന്റണ് നല്‍കിയതിനെക്കാള്‍ വലിയ പിന്തുണ ബൈഡന് നല്‍കുന്നു. പുരുഷ വോട്ടര്‍മാരും ട്രമ്പിനെ പിന്തുണയ്ക്കുന്നത് പോലെ തന്നെ ബൈഡനെ പിന്തുണയ്ക്കുന്നുവെന്നാണ് സര്‍വേ കണ്ടെത്തിയത്.

ട്രമ്പിന് ആശ്വാസമായി 2016 ല്‍ മുന്‍ സര്‍വേകളില്‍ താന്‍ ഹിലരിക്ക് പിന്നിലായിരുന്നിട്ടുകൂടി നവംബറിലെ പൊതു തിരഞ്ഞെടുപ്പില്‍ ഇലക്ടോറല്‍ വോട്ടുകള്‍ കൂടുതല്‍ നേടി വിജയിച്ചു എന്ന് പറയാം. സാമ്പത്തികനില ഭദ്രമാണെന്ന് 50% വും പറയുന്നതും അനുകൂലഘടകമാണ്. 45% മാത്രമേ സാമ്പത്തികാവസ്ഥ മോശമാണെന്ന് പറയുന്നുള്ളൂ. വരുന്ന മാസങ്ങളിലെ പ്രചരണം മഹാമാരിക്ക് ശേഷം ബൈഡനാണോ ട്രമ്പിനാണോ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയുക എന്ന വിഷയത്തില്‍ ഊന്നിയാണെങ്കില്‍ ട്രമ്പിന് കൂടുതല്‍ പിന്തുണ ലഭിക്കും. കോളേജ് ബിരുദം ഇല്ലാത്ത വെളുത്ത വര്‍ഗക്കാരില്‍ ഇപ്പോഴും ട്രമ്പിനാണ് മുന്‍ഗണന. സെന്‍ട്രല്‍ മിഡ് വെസ്റ്റ് യു.എസ്. എങ്ങനെ വോട്ടു ചെയ്യന്നു എന്നതാണ് പ്രധാനം എന്ന് 2016 തെളിയിച്ചു. എന്നാല്‍ സാമ്പത്തിക് നിലയിലെ ശക്തമായ നില സമീപകാലത്തെ സുപ്രധാന വിഷയങ്ങളെ നേരിടാന്‍ കഴിഞ്ഞില്ല എന്ന കുറവിന് പരിഹാരമാവില്ല.

വോട്ടര്‍മാരില്‍ അഞ്ചില്‍ മൂന്ന് പേര്‍ ട്രമ്പ് മഹാമാരിയെ നേരിട്ടതില്‍ തൃപ്തരല്ല. ഇവരില്‍ വെളുത്തവര്‍ഗക്കാരും പുരുഷന്മാരും ഉണ്ട്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും സമ്പദ് വ്യവസ്ഥ വളരെ വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന ട്രമ്പിന്റെ നിലപാട് അംഗീകരിക്കുന്നില്ല.

പുതിയ സര്‍വേയില്‍ ബൈഡന് ട്രമ്പിന് മേല്‍ 14 പോയിന്റ് ലീഡ്  (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക