Image

ഒബാമ ബൈഡനുവേണ്ടി ധനശേഖരണം ആരംഭിച്ചു

ഏബ്രഹാം തോമസ് Published on 25 June, 2020
ഒബാമ ബൈഡനുവേണ്ടി ധനശേഖരണം ആരംഭിച്ചു
തന്റെ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വെര്‍ച്വല്‍ അഭ്യര്‍ഥനകള്‍ ദാതാക്കളോട് നടത്തി മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ 1,75,000 ദാതാക്കളില്‍ നിന്ന് 7.6 മില്യന്‍ ഡോളര്‍ ശേഖരിച്ചു. ബൈഡനെ പിന്താങ്ങുന്നതായി ഒബാമ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് സജീവമായി രംഗത്തെത്തിയത്. പൊതുജനങ്ങള്‍ക്കിടയിലുള്ള തന്റെ സ്വാധീനം ബൈഡനു വേണ്ടി മുതലാക്കുന്നതില്‍ ഒബാമ വിജയിച്ചു. വരും ദിനങ്ങളില്‍ കൂടുതല്‍ സജീവമായി ബൈഡനുവേണ്ടി പ്രചരണം നടത്തുമെന്നും ഒബാമയ്ക്കു ഇവ തിരക്കിട്ട നാളുകള്‍ ആയിരിക്കുമെന്നും അനുയായികള്‍ പറഞ്ഞു. പ്രതിനിധി സഭയിലേയ്ക്കും സെനറ്റിലേയ്ക്കും മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനും ഫണ്ട് കളക്ഷനും വേണ്ടി ഒബാമ പ്രയത്‌നിക്കും.

അധികാരത്തിലിരിക്കുമ്പോള്‍ ഒബാമയ്ക്കു ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെ കാര്യമായി സഹായിക്കുവാന്‍ കഴിഞ്ഞില്ല എന്ന് ആരോപണമുണ്ട്. 2010 ല്‍ ജനപ്രതിനിധി സഭയിലും 2016 ല്‍ സെനറ്റിലും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കാതിരിക്കുവാന്‍ ഇത് കാരണമായി. എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഒബാമയുടെ സ്വാധീനം, പ്രത്യേകിച്ച് കറുത്തവര്‍ഗ്ഗക്കാരായ യുവാക്കളില്‍ ബൈഡന് ഉന്മേഷം നല്‍കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു.
ഏപ്രിലില്‍ ഒരു വിഡിയോ സന്ദേശത്തിലൂടെ ഒബാമ ബൈഡന് പിന്തുണ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിരുന്നില്ല. കഴിഞ്ഞ ചില ആഴ്ചകളില്‍ പൊതുവേദികളില്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തിനെതിരെ പ്രതികരിച്ചിരുന്നു. ബൈഡനു വേണ്ടി ഇപ്പോള്‍ ഒരു കറുത്ത നേതാവിന്റേതായി ഒബാമയുടെ ശബ്ദം ഉയരണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നു. ബൈഡന് ക്രിമിനല്‍ ജസ്റ്റിസ് റിഫോമില്‍ ശക്തമായ ഒരു റെക്കോര്‍ഡില്ല. പിന്നില്‍ ഒബാമ ഉണ്ടാവുന്നത് നല്ലതാണ്. ബേണി സാന്‍ഡേഴ്‌സിന്റെ പ്രചാരണ വിഭാഗത്തലവന്‍ ബെന്‍ ടുള്‍ഷിന്‍ പറഞ്ഞു.
എന്നാല്‍ ഒബാമയുടെ പിന്തുണ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. ട്രംപിന്റെ പ്രാചരണ വിഭാഗം ഒബാമ ഭരണം ഇടത്തരക്കാരെ മറന്നു, യുഎസിന്റെ വിദേശ താല്പര്യങ്ങള്‍ സംരക്ഷിച്ചില്ല തുടങ്ങിയ ആരോപണങ്ങള്‍ ആവര്‍ത്തിക്കും. ഒബാമ ഭരണത്തില്‍ തൃപ്തരല്ലായിരുന്നവര്‍, ഇപ്പോള്‍ ബൈഡന് വോട്ടു ചെയ്യണമെന്നോ വീട്ടില്‍ ഇരിക്കാമെന്നോ തീരുമാനിച്ചവര്‍ ഇവരെ ബൈഡനെതിരെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന തന്ത്രം ട്രംപിന്റെ പ്രചരണ വിഭാഗം ഉപയോഗിക്കും.

പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാഗ്വാദം സെപ്തംബര്‍ 29 ന് ഇന്ത്യാനയിലെ യൂണിവേഴ്‌സിറ്റി ഓഫ് നോട്രഡേമിലും ഒക്ടോബര്‍ 15 ന് മയാമിയിലും ഒക്ടോബര്‍ 22ന് നാഷ്വില്ലിലെ ബെല്‍മോണ്ട് യൂണിവേഴ്‌സിറ്റിയിലും നടക്കും. രണ്ടാമത്തെ ഡിബേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 15ന് ഡിബേറ്റ് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്താനാവില്ല എന്നറിയിച്ചു. അങ്ങനെയാണ് വേദി ഫ്‌ലോറിഡയിലെ മയാമിയിലേയ്ക്ക് മാറ്റിയത്.
ട്രംപും ബൈഡനും വാഗ്വാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ തീപ്പൊരിപാറും എന്നുറപ്പ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഒരേ ഒരു ഡിബേറ്റ് ഒക്ടോബര്‍ 7ന് സാള്‍ട്ട് ലേക്ക് സിറ്റിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് യൂട്ടയില്‍ നടക്കും. ഇവിടെ വംശീയ ആരോപണ പ്രത്യാരോപണങ്ങള്‍ ഏറെ സമയം അപഹരിക്കുവാനാണ് സാധ്യത.ഏതെങ്കിലും കാരണവശാല്‍ ഡിബേറ്റുകളുടെ വേദികള്‍ മാറ്റേണ്ടി വന്നാല്‍ മറ്റ് വേദികളും പരിഗണനയിലുണ്ട്. മഹാമാരിയുടെ ഭീതിയില്‍ പല പരിപാടികളും റദ്ദ് ചെയ്തിട്ടുള്ളതിനാല്‍ വേദികള്‍ ലഭിക്കുക പ്രയാസമുള്ള കാര്യമല്ലെന്ന് സംഘാടകര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക