Image

സമൂഹത്തിന്റെ പ്രശംസയേറ്റുവാങ്ങി 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍'

Published on 25 June, 2020
സമൂഹത്തിന്റെ പ്രശംസയേറ്റുവാങ്ങി 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍'

ചിക്കാഗോ: 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' കൂട്ടായ്മയുടെ ശ്രമഫലമായി 14 പേര്‍ക്ക് നാട്ടിലേക്ക് വിമാന ടിക്കറ്റ്. കോവിഡ് 19 പ്രതിസന്ധി മൂലം അമേരിക്കയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായി 'കൈ കോര്‍ത്ത് ചിക്കാഗോ മലയാളികള്‍' എന്ന സന്നദ്ധ സേവന കൂട്ടായ്മ നടത്തിയ ശ്രമങ്ങള്‍ വിജയത്തിലേക്ക്. അടിയന്തിരമായി നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെ 'വന്ദേ ഭാരത്' മിഷന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി കൈ കോര്‍ത്ത് ചിക്കാഗോ മലയാളികളുടെ ട്രാവല്‍ ആന്‍ഡ് ഇമിഗ്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോണ്‍ പാട്ടപതി നിരന്തരമായി നടത്തിയ ആശയവിനിയമങ്ങള്‍ക്കൊടുവില്‍ 14 പേര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ സീറ്റ് ലഭിച്ചുവെന്നതാണ് ഏറെ സന്തോഷകരമായ വാര്‍ത്ത.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കാണ് ഇത്തരത്തില്‍ യാത്രാനുമതി ലഭിച്ചിട്ടുള്ളത്. ജൂലായ് ഒന്നിന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് നെടുമ്പാശേരിയിലേക്കുമാണ് ആദ്യ ഫ്‌ളൈറ്റ് പുറപ്പെടുക. ഈ ഫ്‌ളൈറ്റില്‍ ടിക്കറ്റ് ലഭിച്ച 14 പേരില്‍ ഏഴു പേര്‍ ചിക്കാഗോയില്‍ നിന്നും, ഏഴു പേര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുമുള്ളവരാണ്. വന്ദേ ഭാരത് മിഷന്റെ ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം ചിക്കാഗോയില്‍ നിന്ന് ജൂലായ് ഒന്നിന് ഉണ്ടെന്ന് ചിക്കാഗോ കോണ്‍സുലേറ്റ് ജനറല്‍, ഫോമായുടെ മുന്‍ പ്രസിഡന്റും, കൈ കോര്‍ത്ത് ചിക്കാഗോ മലയാളികള്‍ കൂട്ടായ്മയുടെ സംഘാടകരിലൊരാളുമായ ബെന്നി വാച്ചാച്ചിറയെ നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടായ്മയുടെ കൈവശമുണ്ടായിരുന്ന 14 പേരുടെ ലിസ്റ്റ് നല്‍കുകയും അത് അംഗീകരിക്കപ്പെടുകയുമായിരുന്നു.

'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്ന ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബിജി സി മാണി, കൂട്ടായ്മയുടെ ട്രാവല്‍ ആന്‍ഡ് ഇമിഗ്രേഷന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ എന്നിവരും മലയാളികളുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്കിന് കോണ്‍സുലേറ്റുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരുന്നു. ജോണ്‍ പാട്ടപതിയുടെ കാര്യക്ഷമമായ ഇടപെടലിലൂടെ ഈ കൂട്ടായ്മയില്‍ രജിസ്റ്റര്‍ ചെയ്ത 14 പേര്‍ക്ക് നാട്ടില്‍ പോകുവാന്‍ സാഹചര്യം ഒരുങ്ങുകയായിരുന്നു. എന്നാല്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ് യാത്രക്കാര്‍ തന്നെ വഹിക്കണം.

അടിയന്തിരമായി നാട്ടില്‍ പോകാന്‍ അവസരം കാത്ത് വിഷമത്തോടെ കഴിയുന്ന നിരവധി പേര്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. അവര്‍ക്കെല്ലാം വിമാനത്തില്‍ സീറ്റ് ലഭ്യമാക്കുന്നതിനുള്ള ഊര്‍ജ്വസ്വലമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍. ഈ കൂട്ടായ്മയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിക്കുകയും ഇന്ത്യന്‍ കോണ്‍സുലേറ്റ് എയര്‍ ഇന്ത്യയ്ക്ക് ലിസ്റ്റ് കൈമാറുകയും എയര്‍ ഇന്ത്യ അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. ഈ പ്രക്രിയയുടെ ആദ്യ ഘട്ടമായാണ് ജൂലായ് ഒന്നിന് 14 പേര്‍ നാട്ടിലേക്ക് പോകുന്നത്.

കോവിഡ് 19 വ്യാപനത്തിന്റെ തുടക്ക ഘട്ടത്തില്‍ സമൂഹത്തില്‍ അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്ക് അത് വേഗത്തില്‍ എത്തിക്കുക എന്ന സേവന ലക്ഷ്യവുമായാണ് കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ സേവന കൂട്ടായ്മ പിറവിയെടുത്തത്. അന്നു മുതല്‍ ഇന്നുവരെ ഈ കൂട്ടായ്മ നടത്തിയ ജനക്ഷേമകരമായ സേവനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ജാഗ്രതയ്ക്കും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുക്തകണ്ഠമായ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൂട്ടായ്മയുടെ ഹെല്‍പ്പ് ലൈനിലൂടെ നിരവധി പേരെ സഹായിക്കാന്‍ സാധിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ സഹായം, അവശ്യ സാധന വിതരണം, കൗണ്‍സിലിങ്, മോട്ടിവേഷന്‍ മീറ്റിംഗ്, മഹാമാരിയില്‍ മാനസികമായ കരുത്തു നേടാന്‍ പ്രാര്‍ത്ഥന തുടങ്ങിയവ സംഘടിപ്പിച്ച 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' ജൂണ്‍ ആദ്യ ആഴ്ച വരെ ഗ്രീന്‍ കാര്‍ഡ് എക്‌സറ്റന്‍ഷന്‍, വിസ എക്സ്റ്റന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇപ്പോള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അടിയന്തിരമായി നാട്ടില്‍ പോകാനുള്ള കര്‍മ്മ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈ കൂട്ടായ്മ. അടുത്ത ഫ്‌ളൈറ്റില്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റ് ശേഖരിക്കുന്ന പ്രവര്‍ത്തിയാണിപ്പോള്‍ നടക്കുന്നത്. ഇല്ലിനോയി സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണവിധേയമായിരിക്കുന്ന സാഹചര്യത്തില്‍ കൂട്ടായ്മ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ടോള്‍ ഫ്രീ നമ്പര്‍ ഇനി മുതല്‍ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ കോവിഡ് 19മായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കൊല്ലാം വിളിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി വാച്ചാച്ചിറ: 847 322 1973
ജിതേഷ് ചുങ്കത്ത്: 224 522 9157
ബിജി സി മാണി: 847 650 1398

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക