Image

എത്ര ശ്രദ്ധിച്ചാലും (രാജൻ കിണറ്റിങ്കര, മുംബൈ)

Published on 25 June, 2020
എത്ര ശ്രദ്ധിച്ചാലും (രാജൻ കിണറ്റിങ്കര, മുംബൈ)

റോഡപകടങ്ങളെക്കുറിച്ച് പൊതുവെ പറയാറുണ്ട് നമ്മൾ എത്ര ശ്രദ്ധിച്ച് വണ്ടിയോടിച്ചാലും മുന്നിൽ നിന്നോ പിന്നിൽ നിന്നോ വരുന്നവർ ബോധമില്ലാതെയാണ് വണ്ടിയോടിക്കുന്നതെങ്കിൽ നമ്മുടെ വണ്ടിയിൽ ഇടിക്കും. നമ്മുടെ തെറ്റുകൊണ്ട് അല്ലാതെ തന്നെ നമ്മൾ അപകടത്തിൽ പെടാം.  ഈ ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങുന്നവർക്കും ഇതാണ് സംഭവിക്കുന്നത്.

ഒരത്യാവശ്യ മരുന്ന് വാങ്ങുവാനാണ് ഇന്നലെ ഒന്ന് പുറത്തിറങ്ങിയത് (ഇപ്പോൾ പിസ വാങ്ങാൻ പോകുന്നവരും മെഡിസിൻ എന്നാണ് പറയാറ്). പക്ഷെ ഞാൻ മരുന്നിന് തന്നെ ആയിരുന്നു. മാസ്ക് കെട്ടി കയ്യിലൊരു സാനിറ്റൈസർ ബോട്ടിലും വച്ച് റോഡിലിറങ്ങി. കയ്യിൽ പൈസ ഇല്ലാത്തതിനാൽ ATM സെൻ്ററിൽ പോയി .. എല്ലായിടത്തും Outlof Order ബോർഡ് തൂക്കിയിരിക്കുന്നു. മൂന്നാമത്തെ സെൻ്ററിൽ കയറി സകല ദൈവങ്ങളെയും വിചാരിച്ച് കാർഡ് ഇൻസർട്ട് ചെയ്തു. കാർഡ് ഇടുന്നതിനും എടുത്തതിനും ശേഷം കയ്യിലുള്ള സാനിറ്റൈസർ കൊണ്ട് കൈ ശുദ്ധമാക്കി. കാർഡിൽ കുറച്ച് തേച്ച് പിടിപ്പിച്ചു. അകത്തോട്ട് കയറിപ്പോയ കാർഡ് എത്ര വൈറസുമായാണ് പുറത്തേക്ക് ഇറങ്ങി വരുക എന്നറിയില്ലല്ലോ.
റോഡിൽ നിറയെ റിക്ഷകളും ബൈക്കും . നടക്കാൻ ഫുട്ട്പാത്ത് മാത്രമേ ഉപയോഗിക്കാൻ പറ്റൂ.  അവിടെയാണെങ്കിൽ വഴിയോര കച്ചവടക്കാർ കയ്യേറിയിരിക്കുന്നു. പ്രത്യേകിച്ചും പച്ചക്കറി കച്ചവടക്കാർ. ഓരോന്നിനു മുന്നിലും ഒരു പത്ത് പേരെങ്കിലും നിൽക്കുന്നു. ചിലർ വാങ്ങാ നല്ല വില ചോദിക്കാനും സാധനങ്ങൾ ഞെക്കി നോക്കാനും മാത്രം.  പിന്നെ അടുത്ത വിൽപ്പനക്കാരൻ്റെ അടുത്ത് ചെന്ന് വീണ്ടും ഇതാവർത്തിക്കും.

എങ്ങിനെ ശ്രദ്ധിച്ച് നടന്നാലും ആളുകളെ മുട്ടാതെ നടക്കാൻ വയ്യാത്ത അവസ്ഥ . അതിനിടയിൽ ചിലർ തുപ്പുന്നു തുമ്മുന്നു . ഇനി ബക്കറ്റും വെള്ളവുമായി പുറത്തിറങ്ങേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചു.  ഇത് സഹിക്കാതായപ്പോൾ റോഡിലിറങ്ങി നടക്കാമെന്ന് കരുതി. വണ്ടികൾ വരുന്നത് ശ്രദ്ധിച്ചാൽ മതിയല്ലോ. തുമ്മലും തുപ്പലും ഒന്നും ഓട്ടോറിക്ഷകൾ ചെയ്യില്ലല്ലോ.

റോഡിൻ്റെ ഒരോരം പറ്റി നടക്കുന്നതിനിടയിൽ മുന്നിൽ ഒരു കൊട്ട വെള്ളം പോലെ നിറമുള്ള എന്തോ വന്ന് വീണു. ഞാൻ നാലുപാടും നോക്കി. ആരെയും കാണാനില്ല - അടുത്തുള്ള മരത്തിലിരുന്ന് ഒരു കാക്ക എന്നെ ചാച്ചും ചെരിഞ്ഞും നോക്കുന്നു. ഓ ഇതിവൻ്റെ പണി തന്നെ .. കാക്കക്ക് നടുറോഡിൽ കാഷ്ഠിച്ചാലും ആരും ചാർജ് ചെയ്യില്ലല്ലോ ഫൈനും അടക്കണ്ടല്ലോ. ആ അഹങ്കാരമാണ്. ഞാനതിനെ ക്രുദ്ധനായി നോക്കി.  അത് ഞാനല്ല എന്ന മട്ടിൽ എന്നെ ദയനീയമായി നോക്കി.

ദേ അപ്പോൾ വീണ്ടും ഒരു കൊട്ട വെള്ളം മുന്നിൽ വന്ന് വീണു. നോക്കിയപ്പോൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ടെമ്പോയിലെ ഡ്രൈവർ മുറുക്കി തുപ്പുന്നതാണ്. അതിനിടയിലൂടെയാണ് എൻ്റെ പ്രതിരോധ യാത്ര .. ഇവിടെ ഞാനെത്ര ശ്രദ്ധിച്ചിട്ടും മുൻകരുതൽ എടുത്തിട്ടും എന്ത് കാര്യം. മെഡിക്കൽ സ്റ്റോറി ലും സ്ഥിതി വ്യത്യസ്തമല്ല. ഉത്സവ പറമ്പിലെ വള കച്ചവടക്കാരെപ്പോലെ പല നിറമുള്ള സാനിറ്റൈസറുകളുടെ കുപ്പികൾ മുന്നിൽ തന്നെ നിരത്തി വച്ചിരിക്കുന്നു. പലരും നിറം നോക്കിയും വില നോക്കിയും ആണ് ഗുണനിലവാരം നിശ്ചയിക്കുന്നത്.
തിരിച്ച് വരുമ്പോൾ ബാഡ്ജ് കുത്തിയ ചില മുനിസിപ്പാലിറ്റി ജീവനക്കാർ വഴിയരികിലെ പച്ചക്കറി കച്ചവടക്കാരെയെല്ലാം ഓടിക്കുന്നു. തെല്ലൊരാശ്വാസം തോന്നി. അവരുടെ അന്നംമുട്ടിച്ചതിലുള്ള ആശ്വാസമല്ല ആളുകളെ തട്ടാതെയും മുട്ടാതെയും നടക്കാമല്ലോ എന്ന ആശ്വാസം .

മുനിസിപ്പലിറ്റിക്കാരെ കണ്ട കച്ചവടക്കാർ അവരുടെ സാധനങ്ങൾ വാരിപ്പെറുക്കി അടുത്തുള്ള ബിൽഡിംഗുകളിലേക്ക് ഓടിക്കയറി. അവർ കണ്ണിൽ നിന്നും മാഞ്ഞപ്പോൾ പഴയ സ്ഥാനത്തു തന്നെ വന്ന് ഇരുപ്പറപ്പിച്ചു. വീണ്ടും തിരക്ക് ബഹളം.

ഏതോ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവനെ പോലെ ഞാൻ വീട്ടിലെത്തി നേരെ കുളിക്കാൻ കയറി. പിന്നെ ഇടക്കിടെ തൊണ്ടവേദന, പനി . തുമ്മൽ ഇതൊന്നുമില്ലെന്ന് സ്വയം  ഉറപ്പുവരുത്തി കൊണ്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക