Image

ന്യു യോർക്ക് സ്റേറ് പ്രൈമറി: സ്റ്റേറ്റ് അസംബ്ലിയിലേക്ക് ജന്നിഫര്‍ രാജ് കുമാര്‍

Published on 25 June, 2020
ന്യു യോർക്ക് സ്റേറ് പ്രൈമറി:  സ്റ്റേറ്റ് അസംബ്ലിയിലേക്ക് ജന്നിഫര്‍ രാജ് കുമാര്‍

ന്യു യോര്‍ക്ക്: സ്റ്റേറ്റ് അസംബ്ലിയിലേക്കുള്ള പ്രൈമറിയില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജന്നിഫര്‍ രാജ് കുമാര്‍ ഡിസ്ട്രിക്ട് 38-ലും സൊഹ്രാന്‍ മാംദാനി ഡിസ്ട്രിക്റ്റ് 36-ലും വിജയിച്ചു. പോസ്റ്റല്‍ ബാലട്ട് എണ്ണും മുന്‍പേ ഇരുവരും വിജയം ഉറപ്പിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ദക്ഷിണേഷ്യക്കാര്‍ ഏറേയുള്ള ന്യു യോര്‍ക്ക് സിറ്റിയിലെ ക്വീന്‍സില്‍ ആണു ഇരു ഡിസ്ട്രിക്ടുകളും. പ്രൈമറി ജയിക്കുന്നവര്‍ നവംബറില്‍ വിജയിക്കുമെന്ന് ഉറപ്പ്. കൂടുതല്‍ ഡമോക്രാറ്റുകളുള്ള സീറ്റുകളാണിവ.

സ്റ്റേറ്റ് ലെജിസ്ലേച്ചറില്‍ ഇപ്പോള്‍ സെനറ്റര്‍ കെവിന്‍ തോമ്മസ് മാത്രമാണു ഏക ഇന്ത്യാക്കാരന്‍.

വെസ്റ്റ്‌ചെസ്റ്ററില്‍ പഞ്ചാബി ഡോക്ടര്‍ ദമ്പതികളുടെ പുത്രിയായ ജെന്നിഫര്‍, 37, നേരത്തെ മന്‍ഹാട്ടനില്‍ നിന്നും മല്‍സരിച്ചുവെങ്കിലും വിജയിച്ചില്ല. ഏതാനും വര്‍ഷമായി പൊതുരംഗത്ത് സജീവമാണ്.

റിച്ച്മണ്ട് ഹില്‍, ഓസോണ്‍ പാര്‍ക്ക് തുടങ്ങിയ ഇന്ത്യന്‍ കേന്ദ്രങ്ങളടങ്ങുന്നതാണു ഡിസ്ട്രിക്റ്റ് 38. നിലവിലുള്ള അസംല്ബ്ലി അംഗം മൈക്കല്‍ മില്ലറെയാണു (25.8 ശതമാനം വോട്ട്) ജന്നിഫര്‍ പരാജയപെടുത്തിയത്-52 ശതമാനം വോട്ട്.

ഫിലിം മേക്കര്‍ മീരാ നായരുടെയും കൊളംബിയ പ്രൊഫസര്‍ മാംദാനിയുടെയും പുത്രനാണു സൊഹ്രാന്‍ മാംദാനി. മാതാപിതാക്കള്‍ ഉഗാണ്ടയില്‍ നിന്നാണു യു.എസിലെത്തിയത്. മാംദാനിയും അസംബ്ലി അംഗം അരവെല്ല സിമോറ്റാസിനെയാനു പരാജയപ്പെടുത്തിയത്.

ന്യു യോര്‍ക്ക് സിറ്റിയില്‍ ഡിസ്ട്രിക്റ്റ് 12-ല്‍ നടന്ന കോണ്‍ഗ്രഷനല്‍ പ്രൈമറിയില്‍ കോണ്‍ഗ്രസംഗം കരലിന്‍ മലോനിക്കെതിരെ സൂരജ് പട്ടേല്‍ മികച്ച മുന്നേറ്റം നടത്തി. മലോനി നേരിയ വോട്ടുകള്‍ക്കാണു ഇപ്പോള്‍ മുന്നില്‍. പോസ്റ്റല്‍ വോട്ടു കൂടി എണ്ണി ജൂണ്‍ 30-നു അന്തിമ ഫലം വന്നാല്‍ മാത്രമെ വിജയി ആരെന്നു വ്യക്തമാകൂ. രണ്ടാം തവണയാണു പട്ടേല്‍ 30 വര്‍ഷമായി കോണ്‍ഗ്രസിലുള്ള റെപ്. മലോനിയുമായി ഏറ്റുമുട്ടുന്നത്. മലോനിക്കു 41.7 ശതമാനം വോട്ട് കിട്ടിയപ്പോള്‍ പട്ടേലിനു 40.1 ശതമാനമുണ്ട്.

ന്യു യോർക്ക് സ്റേറ് പ്രൈമറി:  സ്റ്റേറ്റ് അസംബ്ലിയിലേക്ക് ജന്നിഫര്‍ രാജ് കുമാര്‍
സൊഹ്രാന്‍ മാംദാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക