Image

കൊറോണ അവിടെക്കിടക്കട്ടെ, കാര്യങ്ങള്‍ ഞെരിപ്പായി നടക്കട്ടെ (രാജു മൈലപ്രാ)

Published on 25 June, 2020
കൊറോണ അവിടെക്കിടക്കട്ടെ, കാര്യങ്ങള്‍ ഞെരിപ്പായി നടക്കട്ടെ (രാജു മൈലപ്രാ)
"The Twilight Zone' എന്ന പേരില്‍ ഒരു പഴയ ടെലിവിഷന്‍ ഷോയുണ്ട്. അല്പം അന്ധവിശ്വാസവും, സയന്‍സും, കോമഡിയുമെല്ലാംകൂടി കലര്‍ന്ന, ഭീതി ജനിപ്പിക്കുന്ന കഥകള്‍- പെട്ടെന്നൊരു ദിവസം, അപരിചിതമായ ഒരു ലോകത്തിലേക്ക് ഒരു മനുഷ്യന്‍ വലിച്ചെറിയപ്പെടുന്നു- അവിടെ സംഭവിക്കുന്നതൊന്നും അയാള്‍ക്ക് ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒന്നുകില്‍ അനേക വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലം- അല്ലെങ്കില്‍ വിദൂര ഭാവിയിലുള്ള ഒരു ലോകം. ഒരു "സര്‍പ്പറയിസോടു'കൂടിയാണ് കഥകള്‍ അവസാനിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്കു മുമ്പുള്ള ലോകം എത്ര പെട്ടെന്നാണ് കീഴ്‌മേല്‍ മറിഞ്ഞത്. 'കൊറോണ' എന്ന മഹാവ്യാഥിയുടെ നീരാളിപ്പിടുത്തം, ഒന്നോ രണ്ടോ വ്യക്തികളേയോ, രാജ്യങ്ങളേയോ മാത്രമല്ല, ഈ ഭൂലോകത്തെ മൊത്തം മാറ്റിമറിച്ചുകളഞ്ഞു. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ എല്ലാമെല്ലാം എങ്ങോ പോയി മറഞ്ഞു.

എവിടെത്തിരിഞ്ഞാലും മുഖമില്ലാത്ത മനുഷ്യര്‍- ഭയാനകത തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം- ആകപ്പാടെ ഒരു മരവിപ്പ്, ഒരു ബോറടി-

അല്ലെങ്കില്‍ എന്തെല്ലാം പരിപാടികളാണ് ഓരോ സമ്മറിലും അമേരിക്കന്‍ മലയാളികളെ തേടിവരുന്നത്.  "സ്റ്റാര്‍ നൈറ്റ്' എന്ന പേരില്‍ അറുബോറന്‍ പ്രോഗ്രാമുകളുമായി, കേരളത്തില്‍ നിന്നും സംഘം സംഘമായി എത്തിച്ചേരുന്ന താരങ്ങളുടെ നീണ്ടനിര- ഈ പരിപാടികള്‍ ഏറ്റു നടത്തുന്ന സംഘടനകളുടെ വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്ന പിരിവുകള്‍. ഈ പിരിവുകാരുടെ മണിയടി (ഡോര്‍ബെല്‍) കേള്‍ക്കുന്നത് എത്ര കര്‍ണ്ണാനന്ദകരമായിരുന്നു.

ആപ്പിള്‍ പിക്കിംഗ്, പിക്‌നിക്ക്, അറ്റ്‌ലാന്റിക് സിറ്റി, സിഡിനി വേള്‍ഡ്. ചൈനാ ടൂര്‍, ഇസ്രയേല്‍ യാത്ര, ബാക്ക് യാര്‍ഡ് ബാര്‍ബിക്യു പാര്‍ട്ടികള്‍- എന്നാലും ഇതൊരു വല്ലാത്ത എടപാടായിപ്പോയി.

എന്നാല്‍ "കൊറോണ'യല്ല, കൊറോണയുടെ തന്ത വന്നാലും ഒരു കാരണവശാലും മാറ്റിവെയ്ക്കാത്ത ചില പരിപാടികളുണ്ട്- അതാണ് ഫൊക്കാന- ഫോമ ഇലക്ഷനും, കണ്‍വന്‍ഷനും. ഈ തിരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ തന്നെ നടത്തിയില്ലെങ്കില്‍ അമേരിക്കന്‍ മലയാളികളുടെ കാര്യം വളരെ കഷ്ടത്തിലാകും.

ഈ "കൊറോണ' കാലത്ത് എത്രയെത്ര ജനോപകാരപ്രദമായ കാര്യങ്ങളാണ് അവര്‍ നടത്തിയത്. ടെലി കോണ്‍ഫറന്‍സ്, വെബിനാര്‍, സൂം -കോണ്‍ഫറന്‍സ്- ഇതില്‍ നാട്ടില്‍ തേരാപാരാ നടക്കുന്ന സകല രാഷ്ട്രീയ നേതാക്കന്മാരേയും ഉള്‍പ്പെടുത്തി ഫൊക്കാനയുടേയും ഫോമയുടേയും നേതാക്കന്മാരുടെ നിരന്തര പരിശ്രമങ്ങള്‍കൊണ്ടും, സമ്മര്‍ദ്ദങ്ങളും കൊണ്ട് എത്രയെത്ര ഫ്‌ളൈറ്റുകളാണ് ദിനംപ്രതി ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും പറന്നുയരുന്നത്. വിമാനത്തിന്റെ ഇരമ്പലുകൊണ്ട് പലരുടേയും ചെവിയുടെ ഫിലമെന്റ് അടിച്ചുപോയെന്നാണ് കേള്‍ക്കുന്നത്.

അതുകൊണ്ട് എന്തു ത്യാഗം സഹിച്ചാണെങ്കിലും, എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഫൊക്കാന- ഫോമ ഇലക്ഷനുകള്‍ നടത്തണം- അമേരിക്കന്‍ മലയാളികളെ നയിക്കണം- രക്ഷിക്കണം.

'ഫോമ' എന്ന സംഘടന പിറവിയെടുത്തിട്ട് അധികകാലം ആയിട്ടില്ലാത്തതിനാലായിരിക്കാം, അവര്‍ തത്കാലം സംഗതി ഒരു "മിനി' കണ്‍വന്‍ഷനില്‍ ഒതുക്കാമെന്നു കരുതിയത്. കണ്‍വന്‍ഷന്‍ കപ്പലില്‍ നടത്താനാണ് ആദ്യം ഭാരവാഹികള്‍ തീരുമാനിച്ചത്. അന്നേ ചിലര്‍ കുത്തിത്തിരിപ്പ് തുടങ്ങിയതാണ്. വെള്ളിയാഴ്ച വൈകുന്നേരം ഒത്തുചേരല്‍ (ആ പരിപാടി കലക്കും), ശനിയാഴ്ച ജനറല്‍ബോഡിയും, തിരഞ്ഞെടുപ്പും, വൈകുന്നേരം ബാങ്ക്വറ്റ്, ഞായറാഴ്ച അടിച്ചുപിരിയല്‍.

കഴിഞ്ഞ "ഫൊക്കാന' തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തുടങ്ങിയതാണ് പാരവെയ്പ്. ഇപ്പോള്‍ ഇലക്ഷനും കണ്‍വന്‍ഷനും നടത്തുമെന്നു ഒരു കൂട്ടര്‍. എന്തു വിലകൊടുത്തും തടയുമെന്നു മറ്റേ കൂട്ടര്‍.

തുടക്കത്തില്‍ "ഫൊക്കാന' കണ്‍വന്‍ഷന്‍ എന്നു പറഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും ഒരു മാമാങ്കംതന്നെ ആയിരുന്നു. അയ്യായിരത്തിലേറെ മലയാളികള്‍ ഒരു കുടക്കീഴില്‍- ഇണക്കവും, പിണക്കവും, പരാതിയും, പരിഭവവും- രണ്ടു വര്‍ഷത്തിനുശേഷം 'വീണ്ടും കാണാം' എന്ന സ്‌നേഹവാക്കുകളോടെ യാത്രപറച്ചില്‍ !

സത്യത്തില്‍ രണ്ടുവര്‍ഷത്തെ ഓടിനടപ്പിനുശേഷം ഭാരവാഹികള്‍ക്ക്, പ്രത്യേകിച്ച് പ്രസിഡന്റിനു ഏറ്റവും അധികം ഷൈന്‍ ചെയ്യാന്‍ പറ്റിയൊരു വേദിയായിരുന്നു ബാങ്ക്വറ്റ് നൈറ്റും, സമാപന സമ്മേളനവും.

ഒരിക്കലും തങ്ങളുടെ സ്ഥാനം നഷ്ടപ്പെടരുത് എന്നു വാശിപിടിക്കുന്ന കുറെ നേതാക്കന്മാര്‍ തന്നെയാണ് ഇത്തരം സംഘടനകളുടെ അന്തകരും - അതിന് അവര്‍ കണ്ടുപിടിച്ച വഴിക്ക് "അധികാര വികേന്ദ്രീകരണം' എന്നു വേണമെങ്കില്‍ പറായാം- അതിന്റെ നാള്‍വഴികള്‍ ഇങ്ങനെ:
ആദ്യം പ്രസിഡന്റും, കമ്മിറ്റി മെമ്പേഴ്‌സും മാത്രം-
പിന്നെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ്
ബൈലോ കമ്മിറ്റി
അഡൈ്വസറി ബോര്‍ഡ്
ജുഡീഷ്യല്‍ കമ്മിറ്റി
കണ്‍വന്‍ഷന്‍ കമ്മിറ്റി
ഇലക്ഷന്‍ കമ്മീഷണര്‍മാര്‍-

അങ്ങനെ എത്രയെത്ര കമ്മിറ്റികള്‍, എത്രയെത്ര ചെയര്‍മാന്‍മാര്‍-
പോരെങ്കില്‍ പ്രത്യേക വനിതാ വിഭാഗവും, യൂത്ത് കമ്മിറ്റിയുമുണ്ട്.

'കൊറോണ' അവിടെക്കിടക്കട്ടെ;
കാര്യങ്ങള്‍ ഞെരിപ്പായി നടക്കട്ടെ-

ആര് ജയിച്ചാലും തോറ്റാലും നമുക്ക് കോടതികള്‍ ഉണ്ടല്ലോ അന്തിമ വിധി പറയാന്‍- കുറച്ചു കാശു പോയാലെന്താ? പാവംപിടിച്ച സ്‌പോണ്‍സര്‍മാരെ പറഞ്ഞു പറ്റിച്ചുണ്ടാക്കുന്ന പണമല്ലേ!

ഒടുവില്‍കിട്ടിയത്: പല സ്ഥാനാര്‍ത്ഥികളും സോഷ്യല്‍ മീഡിയ വഴി, പ്രത്യേകിച്ച് ഫേസ്ബുക്ക് വഴി  പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ചില സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോകള്‍ പുഷ്പഹാരം കൊണ്ട് അലങ്കരിച്ചുട്ടുണ്ട്. ആദ്യമിതു കണ്ടപ്പോള്‍ ഞാനൊന്നു ഞെട്ടി- കര്‍ത്താവേ ! കൊറോണ മൂലം ഒരാള്‍കൂടി......

Join WhatsApp News
Dad of Observer 2020-06-26 10:11:35
കാര്യങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിൽ മുന്നോട്ട് പോയാൽ കൊറോണ ഇവരുടെ ബൈലോയും കാർന്നുതിന്നും. ജെനറൽ ബോഡിയിൽ പങ്കെടുത്തപ്പോൾ കൊറോണ പിടിച്ച് മരിക്കുന്നവന്റെ മക്കളോ പത്നിയോ ഒരു ലോ സ്യൂട്ട് കൂടി ഫയൽ ചെയ്ത് കഴിയുമ്പോൾ സംഗതി ശുഭം.
Josukuty 2020-06-26 00:32:16
അവസാനത്തെ വാചകം ഒത്തിരി ഇഷ്ടപ്പെട്ടു. പലരുടെയും തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്റർ കണ്ടപ്പോൾ ഞാനും ഓർത്തു പോയി, കർത്താവേ, ഈ കൊറോണ എൻറെ ഒരു സുഹൃത്തിനെ കൂടി തട്ടിയെടുത്തോ എന്ന്. ബാക്കി കൂടി വായിച്ചപ്പോൾ ആശ്വാസമായി.
കാലപുരിയിലും കൊറോണ 2020-06-26 05:39:56
കാലപുരി.. പുലർകാല മഞ്ഞിൻകുളിരിൽ മുങ്ങികിടക്കുകയാണ്.. ബ്രാഹ്മമുഹൂർത്തത്തിനവസാന നിമിഷങ്ങളിൽ സൂര്യഭഗവാൻ കണ്ണുതുറക്കാനൊരുങ്ങുമ്പോഴാണ് എന്തോ ഭയങ്കര ശബ്ദം കേട്ട് യമധർമ്മരാജാവ് പട്ടുമെത്തയിൽ നിന്നും ചാടിയെഴുന്നേറ്റത്. കൊട്ടാരത്തിന്റെ നാല് ദിക്കിൽനിന്നും എന്തോ അപശബ്ദങ്ങൾ, ആരവങ്ങൾ ഉയരുന്നു.. ഉടനെത്തന്നെ യമധർമ്മൻ ദ്വാരപാലകനെ വിളിച്ചു. "ഹാലോ, എന്താ അവിടെ, എന്റെ നിദ്രക്ക് ആരാണ് ഭംഗം വരുത്തുന്നത്...? " "അത് സ്വാമീ, പ്രധാന ഗോപുരത്തിന്റെ ഗേറ്റിങ്കലാണ് കോലാഹലം കേൾക്കുന്നത്, അവിടെ ഭൂമീന്ന് വന്ന കൊറെയെണ്ണമുണ്ട്, ഒറ്റയെണ്ണത്തിന് മാസ്ക്കില്ല.. " "എന്ത്, മാസ്ക്കില്ലെന്നോ..? ഏത് ദേശക്കാരാണവർ...? " "അത് നമ്മുടെ കേരളത്തിൽ നിന്നും വന്നിട്ടുള്ളവരാ, എണ്ണത്തിൽ കുറവാണെങ്കിലും അവരാണ് പ്രശ്നങ്ങൾ മുഴുവനും ഉണ്ടാക്കുന്നത്.. എന്നാൽ മറ്റുള്ള ദേശക്കാരൊക്കെ കുറേ മര്യാദയുള്ളവരാ, അവർ സാമൂഹ്യ അകലമെങ്കിലും പാലിച്ചാണ് നിൽക്കുന്നത്, പിന്നെ അതിനും പുറകിൽ സായിപ്പന്മാരുടെ ഒരു കൂട്ടം തന്നെയുണ്ട്, കണ്ടിട്ട് ലക്ഷങ്ങളുണ്ടെന്നാ തോന്നുന്നെ..അവര് മുന്നിൽ നടക്കുന്ന കയ്യാങ്കളികൾ കണ്ട് കൊണ്ട് നിൽക്കുകയാണ്, പാവങ്ങൾ.. " "അവിടുത്തെ പ്രെസന്റ് കണ്ടീഷൻ ഒന്ന് പറയാമോ..? " "അത് സ്വാമീ, അകത്തേക്ക് കടത്തിവിടണമെന്നാണ് മുന്നിൽ നിൽക്കുന്നവരുടെ ആവശ്യം, ഞാൻ പറഞ്ഞു സമയമായില്ലെന്ന്, പക്ഷേ അവന്മാര് സമ്മതിക്കുന്നില്ല.. " "അവന്മാര് ഭൂമിയേ നശിപ്പിച്ചു, ഇപ്പൊ ഈ കൊറോണ കാലത്ത് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഇങ്ങോട്ട് വന്ന് കയറി ഈ നരകവും കൂടി നശിപ്പിക്കാനാണോ അവൻമ്മാരുടെ പരിപാടി..? " "അത് പ്രഭോ, ഇവന്മാരുടെ പറച്ചിലിൽ മാത്രമേ പ്രബുദ്ധതയുള്ളു, പ്രവർത്തിയിൽ ഇവമ്മാര് വെറും കൂതറകളാ.. " "ഒറ്റ ഒരുത്തനേം മാസ്ക്കില്ലാതെ ഈ കാലപുരിയുടെ അകത്തേക്ക് കയറ്റരുത്, സായിപ്പന്മാരെയും മറ്റുള്ള ദേശക്കാരെയും കൊറോണ പ്രോട്ടോകോൾ അനുസരിച്ച് മാത്രം അകത്തേക്ക് കടത്തിവിട്ടോളൂ.. മറ്റുള്ളവരെ പുറത്താക്കൂ, കാലപുരിയുടെ അതിർത്തികളിൽനിന്നും അവരെ തട്ടി തെറിപ്പിക്കൂ.. "യമധർമ്മൻ ക്രോധത്തോടെ പറഞ്ഞപ്പോൾ ദ്വാരപാലകൻ ചോദിച്ചു. "അയ്യോ പ്രഭോ, അത് അവിവേകമാകുമോ ഭൂമിയില് അവർ എക്സ്പയറി ആയവരല്ലേ..? സ്വർഗ്ഗവുമില്ല നരകവുമില്ലെന്നു വന്നാൽ പിന്നെ അവരെവിടെപ്പോകും..? " "പോട്ടെ എവിടെയെങ്കിലും പോട്ടെ.. അല്ലെങ്കി ത്രിശങ്കുസ്വർഗ്ഗത്തിനും നരകത്തിനുമിടക്ക് അവരൊരു ത്രിശങ്കു നരകം സൃഷ്ടിക്കട്ടെ.. " "അതിനവർക്കാകുമോ.? " ദ്വാരപാലകന് ആശങ്ക. "ദ്വാര പാലകാ, താങ്കൾ എന്തിനാണ് ബേജാറാകുന്നത്..? സർവ്വംസഹയായ ഭൂമീ ദേവിയെ മുച്ചൂടും മുടിച്ച് വസ്ത്രാക്ഷേപം ചെയ്ത് മുറിവേല്പിച്ചവർക്കാണോ ഒരു ത്രിശങ്കു നരകം സൃഷ്ടിക്കാൻ പ്രയാസം..? വിട്ടുകളയൂ, നീ ചിത്രഗുപ്തനോട് പറഞ്ഞ് നരക ലിസ്റ്റിൽ നിന്നും അവരുടെ പേരുകൾ എത്രയും വേഗം ഡിലീറ്റ് ചെയ്യാൻ പറയൂ.. ഉം വേഗം.. കല്പാന്തകാലം കഴിഞ്ഞാലും ഇവനൊന്നും ശരിയാകാൻ പോകുന്നില്ല, അശ്രീകരങ്ങള്... "
Observer 2020-06-26 06:32:40
Corona spreading is not a good reason to cancel or postpone the FOKANA and FOMAA elections. Even the American presidential election is going on time with big Trump conventions with large crowds. Go ahead with your bylaws. Don't destroy the great organizations by postponing the elections or conventions.
Mathew V. Zacharia, New Yorker 2020-06-26 10:36:39
Raju Myelapra: Appreciate your humorous sarcasm. Mathew V. Zacharia, New Yorker
Condolences 2020-06-26 10:37:50
I almost wrote condolences under the photo of a Foma candidate. please understand that almost all of facebook Malayalees have no vote or interest in these associations. please don't use facebook to announce your candidacy. Thank you.
splitman 2020-06-26 17:35:21
ഫൊക്കാന വീണ്ടും പിളർപ്പില്ലെക്കോ? നേതാക്കെന്മാരുടെ പ്രസ്താവനകൾ വായിക്കുമ്പോൾ അങ്ങിനെയാണ് മനസിലാക്കുന്നത്. ട്രുസ്ടീബോർഡ് ചെയര്മാന് മാമ്മൻ ജേക്കബ് പറയുന്നു നിച്ചയിച്ച ദിവസം തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന്. ഇലെക്ഷനും ആഘോഷവും ഈ വര്ഷം ഇല്ലന്ന് പ്രസിഡന്റ് മാധവൻ നായർ പറയുന്നു. ഉടൻ തന്നെ ഒരു പിളർപ്പിനായി കാത്തിരിക്കുന്നു.
രാജു തോമസ് 2020-06-26 19:16:17
തുടക്കത്തിലെ ട്വൈലൈറ്റ് സോൺ അനാലജി ഇഷ്ടപ്പെട്ടു. നിങ്ങൾ പറഞ്ഞതെല്ലാം ശരിതന്നെയെങ്കിലും, നിങ്ങളെ ഏതെങ്കിലും ഒരാനയുടെ പുറത്തേറിക്കാണാൻ ആഗ്രഹിക്കുന്നു. എങ്കിലും എന്റെയിഷ്ടമല്ല , അങ്ങയുടെ ഇഷ്ടം നടക്കട്ടെ!
Voter 2020-06-27 10:10:09
It is a stupid decision to conduct the Fokana and Fomaa elections now. Didn't the so-called leaders aware of the corona virus spreading. Thank you Raju Mylapra for spreading some light to the ignorance of the ignorant leaders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക