Image

എന്‍റെ സിനിമ ഞാന്‍ ഇഷ്ടമുള്ളിടത്ത് പ്രദര്‍ശിപ്പിക്കും, തടയാന്‍ വരണ്ട -ലിജോ ജോസ് പെല്ലിശ്ശേരി

Published on 26 June, 2020
എന്‍റെ സിനിമ ഞാന്‍ ഇഷ്ടമുള്ളിടത്ത് പ്രദര്‍ശിപ്പിക്കും, തടയാന്‍ വരണ്ട -ലിജോ ജോസ് പെല്ലിശ്ശേരി
കൊച്ചി ; സിനിമാ പ്രദര്‍ശനം സംബന്ധിച്ച വിവാദം കൊഴുക്കുമ്ബോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി വിമര്‍ശിച്ച്‌ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.

 ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പല്ലിശേരി പറഞ്ഞു. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണ്. ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും ലിജോജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നു മുതല്‍ സിനിമയെന്നാല്‍ തനിക്ക് പണം ഉണ്ടാക്കാനുള്ള ഒരു ഉപകരണമല്ല. തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്ന് ലിജോ പറഞ്ഞു. 

'സിനിമയില്‍ നിന്ന് ലഭിച്ച പണം മുഴുവന്‍ മികച്ച സിനിമകള്‍ ഉണ്ടാക്കാന്‍ മാത്രമെ മുടക്കൂ. എനിക്ക് യോജിച്ചതെന്നു തോന്നുന്ന സ്ഥലത്ത് ഞാന്‍ എന്റെ സിനിമ പ്രദര്‍ശപ്പിക്കും, കാരണം താനാണ് അതിന്റെ സൃഷ്ടാവ്. മഹാമാരിക്കു നടുവിലാണ് നമ്മളെല്ലാം. 

യുദ്ധസമാനമായ അന്തരീക്ഷം, ജോലിയില്ലാത്ത ആളുകള്‍, ദാരിദ്ര്യം, മതപരമായ പ്രശ്നങ്ങള്‍ എല്ലാം നമ്മെ അലട്ടുന്നു. ആളുകളെ പ്രചോദിപ്പിക്കാനായി മികച്ച കലാസൃഷ്ടികള്‍ ഉണ്ടാക്കേണ്ട സമയം ഇതാണ്. ഞങ്ങളോട് ജോലി നിര്‍ത്താന്‍ ആവശ്യപ്പെടരുത്, നിങ്ങള്‍ ദയനീയമായി തോറ്റു പോകും, കാരണം ഞങ്ങള്‍ കലാകാരന്മാരാണ്.'-ലിജോ വ്യക്കമാക്കി.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ലിജോ പുറത്തുവിട്ടിരുന്നു. എ എന്നാണ് സിനിമയുടെ പേര്. ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ അറിയിച്ചിരുന്നു. 

ഹാഗര്‍ എന്ന സിനിമ പ്രഖ്യാപിച്ച്‌ ആഷിഖ് അബുവും ഫഹദ് ഫാസില്‍ സിനിമ പ്രഖ്യാപിച്ച്‌ മഹേഷ് നാരായണനുംരംഗത്തെത്തി. പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും പുതിയ സിനിമ പ്രഖ്യാപിച്ചത്.

പുതിയ അറിയിപ്പുണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മാതാക്കാളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. 

ഒടിടി റിലീസിന് തയ്യാറെടുത്തവര്‍ക്കെതിരെയും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സമില്ലെന്നും എന്നാല്‍ നിലവില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങളുടെ റിലീസിന് ശേഷം മതി പുതിയ ചിത്രങ്ങളുടെ റിലീസെന്നുമാണ് ഫെഫ്കയുടെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക