Image

ഇയു ഉച്ചകോടിക്കായി വിവാഹം മാറ്റിവച്ച് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി

Published on 26 June, 2020
ഇയു ഉച്ചകോടിക്കായി വിവാഹം മാറ്റിവച്ച് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി


കോപ്പന്‍ഹേഗന്‍: കൊറോണക്കാലം ആയാലും അല്ലെങ്കിലും ഡെന്‍മാര്‍ക്ക് മിക്കപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് പുതിയ കീഴ്വഴങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. ഇപ്പോഴിതാ രാജ്യത്തിന്റെ പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സന്‍ മൂന്നാം തവണയും അവരുടെ വിവാഹം മാറ്റിവച്ചു. 27 അംഗ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് തന്റെ വിവാഹം മാറ്റിവച്ചതെന്നാണ് മെറ്റ് ഫ്രെഡറിക്‌സെന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.

കോവിഡ് 19 ഇയു റിക്കവറി ഫണ്ടിനായുള്ള നിര്‍ദേശങ്ങളുടെ ഉച്ചകോടി ബ്രസല്‍സില്‍ ജൂലൈ 17, 18 തീയതികളിലാണ് നടക്കുന്നത്. കൊറോണ വൈറസ് ലോക്ക്ഡൗണുകള്‍ ഇയു രാജ്യങ്ങള്‍ നടപ്പിലാക്കിയതിനുശേഷം നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണിതെന്ന പ്രത്യേകതയും ഉച്ചകോടിക്കുണ്ട്.

42 കാരിയായ മിസ് ഫ്രെഡറിക്‌സന്‍ തന്റെ പങ്കാളിയായ ബോ ടെങ്‌ബെര്‍ഗിനുമായി ജൂലൈ 18 നാണ് വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തന്റെ സ്വന്ത ജീവിതത്തേക്കാളും പ്രാധാന്യം ഡെന്‍മാര്‍ക്കിന്റെ രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടുന്നതിനാണ് എന്ന തിരിച്ചറിവാണ് വിവാഹം മൂന്നാം തവണയും മാറ്റിയതെന്നു ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിസന്ധി ബാധിച്ച രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള പദ്ധതിയെച്ചൊല്ലി ഡെന്‍മാര്‍ക്ക് ഫണ്ടിനെ എതിര്‍ത്തിട്ടുണ്ട്. ഡെന്‍മാര്‍ക്കും സ്വീഡന്‍, ഓസ്ട്രിയ, നെതര്‍ലാന്റ്‌സ് എന്നിവയും നിര്‍ദ്ദിഷ്ട 750 ബില്യണ്‍ ഡോളര്‍ ഫണ്ട് വളരെ വലുതാണെന്നും നല്‍കിയ പണം ഒടുവില്‍ തിരിച്ചടയ്ക്കണമെന്നും നിര്‍ബന്ധിക്കുകയാണ്.വൈറസ് റെസ്‌ക്യൂ പാക്കേജില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വിയോജിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്കില്‍ മിസ് ഫ്രെഡറിക്‌സന്‍ ഇങ്ങനെ കുറിച്ചു. ഈ അദ്ഭുത പുരുഷനായ ബോ ടെങ്‌ബെര്‍ഗിനെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും തന്റെ പങ്കാളി ഭാഗ്യവശാല്‍ വളരെ ക്ഷമയുള്ള ആളാണന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ബ്രസല്‍സിലെ കൗണ്‍സില്‍ യോഗം കൃത്യമായി ജൂലൈയില്‍ നടക്കട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

വിവാഹത്തിന്റെ പുതിയ തീയതി മെറ്റ് ഫ്രെഡറിക്‌സന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2019 വേനല്‍ക്കാലത്ത് ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പ് കാരണം അന്നും വിവാഹം മാറ്റിവയ്‌ക്കേണ്ടിവന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക