Image

പ്രണയത്തിന്റെ രസതന്ത്രങ്ങൾ ( കഥ: സുജാത കെ പിള്ള )

Published on 27 June, 2020
പ്രണയത്തിന്റെ രസതന്ത്രങ്ങൾ ( കഥ: സുജാത കെ പിള്ള )


അയാൾ, ആരേയും കാണുന്നുണ്ടായിരുന്നില്ല. തലങ്ങും വിലങ്ങും കടന്നുപോകുന്ന നിഴലുകളെയല്ലാതെ..!.  

നിഴലുകളെ എണ്ണിയിരിക്കാൻ അയാൾക്കു കൗതുകം തോന്നി. 
പ്രണയ സംബന്ധമായ ചില നേർത്ത രോഗങ്ങൾ പല കാലഘട്ടങ്ങളിലായി അയാളുടെ മനസ്സിനെ ഉഴിഞ്ഞു പോയിട്ടുണ്ടെങ്കിലും അതിലൊന്നും തളയ്ക്കപ്പെടാതെ മുന്നേറാൻ അയാൾക്കു  സാധിച്ചിരുന്നു.. തന്നെയുമല്ല, 
അയാളുടെ ധാർഷ്ട്യ യൗവ്വന കാലത്തുപോലും 'പെണ്ണഴകുകൾ 'അയാളെ മോഹിപ്പിച്ചിരുന്നില്ല. തരിശുനിലം പോലെ അയാളുടെ മനസ്സ് പ്രണയത്തിന്റെ അതിനിഗൂഢവും ആനന്ദദായകവുമായ പ്രസരിപ്പുകളില്ലാതെ വറുതിയായി കിടന്നു... എന്നാൽ ഇപ്പോൾ, 
ഈ  വൈകിയ വേളയിൽ, തരിശായിക്കിടന്ന മനസ്സൊന്നു പിടിച്ചുകുലുക്കി, ആകെ ആടിയുലഞ്ഞ ഒരു പ്രണയം മുന്നിൽ വന്നു നിന്ന് കൈകാലിട്ടടിക്കുന്നു. എടുക്കണോ ലാളിക്കണോ എന്നറിയാതെ അയാൾ കുഴങ്ങി. 
പലതവണ ഇതുപോലെയുള്ള സാഹചര്യങ്ങളെ അതിജീവിച്ച അയാൾക്ക് പ്രായക്കൂടുതൽ കൊണ്ടാവാം ഒരു ആത്മബലക്കുറവ് അനുഭവപ്പെട്ടു. 
മനസ്സിന്റെ ചില നിയന്ത്രണ രേഖയുടെ അരികുകല്ലുകൾ ഇളകിത്തുടങ്ങിയത് അയാളിൽ 
അസ്വസ്ഥതയുണ്ടാക്കി. 

എങ്കിലും...
പ്രണയത്തിന്റെ ചില രസതന്ത്രങ്ങൾ അയാൾക്ക്‌ നന്നേ ബോധിച്ചു. 
മുടി നരച്ചുതുടങ്ങിയെങ്കിലും കണ്ണുകളുടെ തിളക്കം അല്പം കുറഞ്ഞെങ്കിലും, വർണാഭമായിരുന്ന കാന്തിക്ക് ഒരല്പം ഇടിവു വന്നെങ്കിലും, ആകെ പൂത്തുലഞ്ഞ മുല്ലപ്പൂവിന്റെ അഴകു തോന്നിക്കുന്ന ഒരു ചിരിയുടെ മാസ്മരികതയിൽ അയാളിലൊരു കാമുകൻ ഉണർന്നു.
പെട്ടന്നയാൾക്ക്  ഒരു തിരിച്ചറിവുണ്ടായി. 
പുതിയ തലമുറയുടെ ഭാഷ കടമെടുത്താൽ
 'കടും വെട്ടുകളുടെ പ്രണയം'.. ഇതിലേക്ക് ആഴ്ന്നിറങ്ങിയാൽ മുങ്ങി നിവരുന്നതിനു മുൻപ് 
ആഴങ്ങളിലേക്ക് നിപതിച്ചെന്നു വരാം. അതാണ് പ്രായം. 
മനസ്സ് ഏണിയും പാമ്പും കളി തുടങ്ങി. 
'വേണോ വേണ്ടയോ?.. 'വേണമെന്ന് തീരുമാനിച്ചപ്പോഴാണ്  പഴയ ചില ഓർമ്മ ചിത്രങ്ങളിൽ മനസ്സുടക്കിയത്. 
അതോടെ ഉന്മേഷം മുഴുവൻ ചോർന്നു.  
ഉണർന്നുപോയിരുന്ന ശരീരം തണുത്തുറഞ്ഞു. 
അയാൾ വീണ്ടും നിഴലുകൾ എണ്ണുവാൻ തുടങ്ങി. 
തന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഈ വൈകിയ വേളയിൽ കയ്യിൽ പനിനീർപ്പൂക്കളുമേന്തി നിൽക്കുന്ന പാതി യൗവ്വനത്തിന്റെ ചിന്ത ഉപേക്ഷിക്കാൻ അയാൾ ആവുന്നതും ശ്രമിച്ചതാണ്. ഓർമ്മകൾക്ക് ഒരു മാന്ത്രിക ശക്തിയുണ്ട്‌. 
പിന്നിലേക്ക് വേഗത്തിൽ പായും. 
പത്മിനിയുടെ 
പാദങ്ങളിലേക്കു മാത്രം നോക്കിയിരുന്ന കാലം അയാളിൽ നിറഞ്ഞു കവിയാൻ തുടങ്ങി. 
ആ ത്രസ്സിപ്പിൽ വീണ്ടും അയാളുണർന്നു. ഉന്മേഷത്തിന്റ ആ കുത്തൊഴുക്കിൽ ഓർമ്മകൾ വീണ്ടും അയാളിലേക്ക് ഒഴുകിയെത്തി.
നന്ത്യാർവട്ടം പൂത്തുലഞ്ഞു നിൽക്കുന്ന വഴിത്താരയിൽ വച്ചാണ് എപ്പോഴും കുനിഞ്ഞു നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന അയാൾ പത്മിനിയുടെ പാദങ്ങൾ ആദ്യമായി ശ്രദ്ധിച്ചത്.   അയാളെ കടന്നുപോകുമ്പോൾ പത്മിനി പറഞ്ഞു, '"ചന്ദ്രേട്ടൻ എന്നെന്നെ മുഖമുയർത്തി ഒന്നു  നോക്കും.?"
കേട്ടെങ്കിലും കേട്ടില്ലെന്നു നടിക്കാനാണപ്പോൾ തോന്നിയത്. 
ഒരിക്കൽ നിന്നെ ഞാൻ നോക്കും എന്ന് പ്രണയാതുരമായി പറയണമെന്ന് ഒരു മോഹം തോന്നിയെങ്കിലും അത് ഉപേക്ഷിച്ചു. 
പിന്നീടെപ്പോഴോ കാലുകളിൽ നിന്ന് മുഖമുയർന്നു മുഖം  വരെ എത്തിയെങ്കിലും, 'കണ്ണുകൾ 'വരെ നോട്ടം എത്തിയില്ല. 
സേതു പലതവണ പറഞ്ഞു '"പത്മിനിക്ക് നിന്നെ ജീവനാ.. അവൾ നല്ല കുട്ടിയല്ലേ? പിന്നെ നീയെന്താ ഇങ്ങനെ? പുസ്തകവും, ലൈബ്രറിയും, വായനയും, എഴുത്തും മാത്രമല്ല ജീവിതം.   
നീ ജീവിതം മറക്കുന്നു. 
ഈ പ്രായത്തിൽ പ്രണയിച്ചില്ലെങ്കിൽ പിന്നെന്തു ജീവിതത്തിനൊരു ത്രില്ല്." അങ്ങനെ അയാളൊന്ന് പ്രണയിക്കാൻ തയ്യാറെടുത്തുവന്നപ്പോഴേക്കും പദ്മിനിയുടെ വിവാഹം 
ഉറപ്പിച്ചു കഴിഞ്ഞിരുന്നു..
സേതു പറഞ്ഞു 
"'നന്നായി, അവൾ രക്ഷ പെട്ടു. നീ നിഴലുകളുടെ കണക്കെടുപ്പുമായി നടന്നോ". പിന്നീട് ജോലിയിൽ ഇരിക്കുമ്പോഴും പല പ്രണയങ്ങളും അഭിമുഖം വന്നു നിന്നെങ്കിലും അയാളൊന്നിനും മുഖം കൊടുത്തില്ല. 
ഇപ്പോൾ നിഴലുകളുടെ കണക്കെടുപ്പും ചിതലരിച്ച പഴയ ചില ഓർമ്മകളുമായി അയാളിരിപ്പു തുടങ്ങിയിട്ട് കുറെ നേരമായി.  
ഈ വൈകിയ വേളയിൽ അയാൾ കാത്തിരിക്കയാണ് 'സുമിത്രയെ. 
'കാലം കുതറിക്കിതച്ചോടി അയാളെ ഈ റെയിൽവേ സ്റ്റേഷന്റെ ചാരുബെഞ്ചിൽ കൊണ്ടിരുത്തിയിരിക്കുന്നു. നഷ്ടപ്പെട്ട യൗവ്വനം തിരിച്ചു പിടിക്കാൻ സുമിത്രയെന്ന യൗവനത്തിന്റെ  അത്യുന്നതങ്ങളിൽ  നിന്ന് പടിയിറങ്ങിക്കൊണ്ടിരിക്കുന്ന സുന്ദര വാർദ്ധക്യത്തെ  സ്വന്തമാക്കാൻ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക