Image

"എന്റെ മകൾ ലക്ഷ്മി ഇന്നും ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണ്' സുരേഷ് ഗോപി

Published on 27 June, 2020
"എന്റെ മകൾ ലക്ഷ്മി ഇന്നും ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണ്' സുരേഷ് ഗോപി
തിരുവനന്തപുരം: മലയാളത്തിന്റെ ആക്ഷന്‍കിംഗ്‌ സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പ്രിയതാരത്തിന് ആശംസകള്‍ അറിയിച്ച്‌ പലരും രംഗത്തെത്തിയിരുന്നു. 

നടന്‍ ഇന്ദ്രന്‍സും താനുമായുള്ള ആത്മബന്ധത്തെ കുറിച്ച്‌ സുരേഷ് ഗോപി തന്നെ പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കോടീശ്വരന്‍ പരിപാടിയില്‍ ഹോട്ട് സീറ്റിലിരിയ്ക്കുന്ന മത്സരാര്‍ത്ഥിയ്ക്ക് ഇന്ദ്രന്‍സിന്റെ ഛായ തോന്നിയപ്പോഴാണ്  ഇന്ദ്രന്‍സുമായുള്ള ബന്ധത്തെക്കുറിച്ച്‌ സുരേഷ് ഗോപി പങ്കുവച്ചത്.

മരിച്ചു പോയ തന്റെ മകളെക്കുറിച്ചും മഞ്ഞ നിറത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും താരം പറയുന്നത് ആരാധകര്‍ ഇന്നും നെഞ്ചേറ്റുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

'ഉത്സവമേളം എന്ന ചിത്രത്തില്‍ വളരെ കളര്‍ഫുള്‍ ആയ വസ്ത്രങ്ങള്‍ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തില്‍ മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്.

എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവര്‍ 'മഞ്ഞന്‍' എന്നാണ് വിളിച്ചിരുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്ബോള്‍ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷര്‍ട്ട് ഇന്ദ്രന്‍സ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു.'

'1992 ജൂണ്‍ 6 ന് എന്റെ മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച്‌ എറണാകുളത്ത് വന്ന്, തിരിച്ച്‌ പോകുന്ന വഴിക്കാണ് മകളുടെ അപകടം അറിയുന്നത്. പിന്നെ അവളില്ല. അന്ന് ഞാനിട്ടിരുന്നത് ഈ ഷര്‍ട്ടാണ്. നേരെ ആശുപത്രിയില്‍ പോയി. അവിടെയുള്ള കാര്യങ്ങളൊക്കെ നോക്കി.

 പിറ്റേ ദിവസം അടക്കത്തിന് അവളെ പെട്ടിയില്‍ കൊണ്ട് വന്ന് വച്ചപ്പോള്‍ ആ ഷര്‍ട്ട് ഊരി ഞാനവളുടെ മുഖമടക്കി മൂടി. എന്റെ വിയര്‍പ്പ് എപ്പോഴും അത്രമേല്‍ ഇഷ്ടപ്പെടുന്ന മകളാണ് ലക്ഷ്മി. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണ്' കണ്ണുകള്‍ നിറഞ്ഞു കൊണ്ട് സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.ഇന്ദ്രന്‍സിനോട് ഒരുപാട് സ്‌നേഹം' സുരേഷ് ഗോപി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക