Image

നീലച്ചിറകുള്ള മൂക്കുത്തികൾ -- 19 - സന റബ്സ്

Published on 28 June, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -- 19 - സന റബ്സ്


ആഗസ്റ്റ്‌ മാസത്തിന്റെ സൂര്യലാളനകള്‍   വെസ്റ്റ് ബംഗാളിന്‍റെ കവിളിനെ തുടിപ്പിച്ച്കൊണ്ടിരുന്നു.

രബീന്ദ്രഭാരതി യൂണിവേര്‍സിറ്റിയുടെ വളരെയടുത്തു തന്നെയായിരുന്നു ഹോട്ടല്‍ ഒബറോയ് ഗ്രാന്‍ഡ്‌.  അവിടെയാണ് പ്രധാന അതിഥികള്‍ക്കെല്ലാം റൂമുകള്‍ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. തനിക്കും അവിടെയാണ് താമസം എന്നറിഞ്ഞപ്പോള്‍ ദാസ്‌ പറഞ്ഞു. “എന്തിനാണ് ഞാനവിടെ താമസിക്കുന്നത്? നീയല്ലേ തൊട്ടടുത്തുള്ളത്? വൈ ഷുഡ്‌ ഐ സ്റ്റേ ഇൻ ദി ഹോട്ടൽ?"

“സൊ? വിദേത് ഞങ്ങളുടെ ഗസ്റ്റ് ആണ്. ഗസ്റ്റിനെ ഒരു സ്റ്റുഡന്റിന്റെ വാടക വീട്ടിലാണോ താമസിപ്പിക്കേണ്ടത്? മാത്രല്ല യുവര്‍ ഫേവറിറ്റ് എനിമിയും സ്വീറ്റ്ഹാര്‍ട്ടും അടുത്ത മുറിയിലുണ്ട്.”

“ആര്....?”

“അതൊക്കെ കാണുമ്പോള്‍ അറിയാം....” മിലാന്‍ അലക്ഷ്യമായി  പറഞ്ഞു.

“നീ കാര്യം പറ.” അയാള്‍ക്ക് ശുണ്ഠി വരുന്നുണ്ടായിരുന്നു.

“ചൂടാവാതെ വിദേത്, എല്ലാവര്ക്കും അവിടെയാണ് താമസമൊരുക്കിയത്. സോണാലിയും തനൂജയും കരോലിനും ഡയറക്റ്റര്‍ മിശ്രയും എല്ലാം അവിടെത്തന്നെയാണ്. ഒരേ ഹോട്ടലില്‍... ഞാനും അങ്ങോട്ട്‌ വരുമല്ലോ.”

“ഉം...”. അയാള്‍ വലിയ തൃപ്തിയോടെയല്ല മൂളിയതെന്ന് മിലാന് മനസ്സിലായെങ്കിലും കൂടുതല്‍ വിശദീകരണം കൊടുക്കാന്‍ അവള്‍ക്കപ്പോള്‍ സമയമില്ലായിരുന്നു. അതുകൊണ്ട് ഫോണ്‍ ഉടനെ അവസാനിപ്പിക്കേണ്ടിയും വന്നു. തനൂജയും  അവളുടെ അടുത്ത സുഹൃത്തും  നടിയുമായ സോണിയയും ഒരുമിച്ചാണ് വന്നത്. തലേന്ന്തന്നെ എത്തിയ അതിഥികളെ കാണാന്‍ മിലാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ തനൂജ മുഖാമുഖം വന്നു. 

വളരെ പ്രസന്നവതിയായിരുന്നു തനൂജ. പതിവില്ലാത്തവിധം അന്നവള്‍ സാരിയാണ് ഉടുത്തിരുന്നത്. പളുങ്ക്മണികള്‍ കോര്‍ത്തൊരു സാരിയാഭരണം വലത്ഷോള്‍ഡറില്‍ നിന്നും നെഞ്ചിലൂടെ പടര്‍ന്ന്  അരയിലേക്ക് നീണ്ടുകിടന്നിരുന്നു. “തനൂജാ, യൂ ആര്‍ ലൂക്കിംഗ് വെരി ജോര്‍ജിയസ്..” അഭിനന്ദിക്കാന്‍ മിലാന്‍ മറന്നില്ല.

“മിലാന്‍ വളരെ അടുത്താണ് താമസിക്കുന്നതല്ലേ?” സോണിയാഭഗത് ചോദിച്ചു. “തിരക്കില്‍ ആണല്ലോ, അല്ലേല്‍ നമുക്ക് ഷോപ്പിങ്ങെല്ലാം നടത്താമായിരുന്നു.”

“എങ്ങനെ മിലാന്‍ വരും? മിസ്സ്‌ മിലാന്‍റെ ക്യാമ്പസാണിത്. ഇത്രയും ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ മിലാനെ നമ്മള്‍ ഷോപ്പിങ്ങിനു വിളിക്കുന്നത്‌ ശരിയല്ല.” തനൂജ നിരുല്‍സാഹപ്പെടുത്തുന്നത്പോലെ സോണിയയെ നോക്കി.

“ഒഫ് കോഴ്സ്, ഞാനത് ഓര്‍ത്തില്ല.”

“നമുക്ക് മറ്റൊരു ദിവസം പോകാമല്ലോ, ഈ തിരക്കൊക്കെ കഴിഞ്ഞാല്‍, ഞാന്‍ തന്നെ കൊണ്ടുപോവാം കൊല്‍ക്കത്ത മുഴുവന്‍...” സോണിയയെ നോക്കി മിലാന്‍ പറഞ്ഞു

“ങാ... മിലാന്‍ കൂടുതല്‍ ബിസി ആവാന്‍ കാരണം മിലാന്റെ ഫിയാന്‍സെയാണ് ചീഫ്ഗസ്റ്റ്. അതറിയില്ലേ സോണിയാ...” തനൂജയുടെ ചോദ്യത്തിന് സോണിയ തലകുലുക്കി.

“അറിയാം, അറിയാം, ആര്‍ക്കാണ് അറിയാത്തത് റായ് വിവാഹം കഴിക്കാന്‍ പോകുന്നത് മിലാനെയാണ് എന്ന്. യു ആര്‍ ലക്കി.” മിലാന്‍ പ്രണോതി എന്ന ഫിലിംആക്ടര്‍ വിവാഹം കഴിക്കുന്നത്‌ ബിസിനസുകാരനായ റായിയെ ആണെന്ന് പറയാതെ അയാള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ട്  പറഞ്ഞ ആ വാചകം മിലാന്‍ ശ്രദ്ധിക്കാതിരുന്നില്ല.

“ബൈ ദി വേ മിലാന്‍, ഇങ്ങോട്ട് വരുമ്പോള്‍ മിലാന്റെ വീട്ടില്‍ വരണമെന്ന് ഞാന്‍ കരുതിയിരുന്നു. എന്തായാലും ഇപ്പോള്‍ സമയമില്ലല്ലോ. പിന്നീടാവട്ടെ.” സെറ്റിയിലേക്കിരുന്നു തന്റെ പട്ടുസാരി വിടര്‍ത്തി പല്ലുവിലെ ചിത്രങ്ങള്‍  കാണുംവിധം വിരിച്ചിട്ടു തനൂജ അവളെ നോക്കി.

മിലാന്‍ വാച്ചില്‍ നോക്കി. “അത് സാരമില്ല തനൂജാ, അല്‍പസമയം ഞാന്‍ എന്‍റെ കൂട്ടുകാര്‍ക്ക് വേണ്ടി മാറ്റി വെച്ചില്ലെങ്കില്‍  കാര്യമുണ്ടോ? ഉടനെ പോയി വരാം നമുക്ക്. എപ്പോഴാണ് ഇറങ്ങേണ്ടതെങ്കില്‍ പറഞ്ഞാല്‍ മതി.”

“ഒഹ്, വേണ്ട മിലാന്‍, ഈ തിരക്കില്‍ ഇപ്പോള്‍ അങ്ങോട്ട്‌ ഓടേണ്ട, ഇവിടെ വരെ വന്നതല്ലേ എന്ന് കരുതി പറഞ്ഞെന്നെയുള്ളൂ...” വേണ്ട എന്നാ അര്‍ത്ഥത്തില്‍ തനൂജ തല വെട്ടിച്ചു.

“നാളെയാണെങ്കില്‍ ഒട്ടും പറ്റില്ല. നാളെ ഷോയില്‍നിന്നും വിട്ട്നില്‍ക്കാനും വിഷമമായിരിക്കുമല്ലോ...” സോണിയ നിരാശയോടെ പറഞ്ഞു.

“സാരമില്ലെന്നേ... നമുക്കൊന്ന് ഓടിപ്പോയി വരാം, നിങ്ങള്‍ തയ്യാറായാല്‍ എന്നെ വിളിച്ചാല്‍ മതി.” ഉറപ്പുകൊടുത്തു മിലാന്‍ പുറത്തേക്ക് പോയി.

വൈകുന്നേരം രണ്ടുപേരെയും മിലാന്‍ വീട്ടിലേക്ക്‌ കൊണ്ടുപോയി.  മിലാന്റെ  അമ്മ ശാരിക അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. അവര്‍ വളരെ സ്നേഹത്തോടെ വിരുന്നുകാരെ സ്വീകരിച്ചു. സംസാരത്തിനിടയില്‍  മിലാന് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരുന്നു. ഗസ്റ്റിനെ സല്‍ക്കരിക്കാനുള്ള തിടുക്കത്തില്‍ ശാരികയും മുഴുകി.  ഇതിനിടയില്‍ സോണിയ തനൂജയുടെ കയ്യിലെ വംഗിയില്‍  ഭംഗി നോക്കി. “നന്നായിട്ടുണ്ട്. എനിക്കൊന്ന് വേണമായിരുന്നു ഇത്തരത്തില്‍ ഒന്ന്.” സോണിയ അതില്‍ വിരലോടിച്ചു പറഞ്ഞു.

“ഏയ്, ഇതൊരു ഗിഫ്റ്റ് ആണ്. ഫ്രം മൈസ്വീറ്റ് ഹാര്‍ട്ട്‌ റായ് വിദേതന്‍.” തനൂജ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“ഒഹ്, ആ കാമുകന്‍ ഈ ഹൃദയവും കയ്യടക്കിയോ...”

“എന്താ സംശയം മോളെ, ഹൃദയം മാത്രമോ? ഈ വംഗി റായുടെ അമ്മയുടെ മുന്നില്‍ വെച്ചാണ് എനിക്ക് പ്രെസന്റ് ചെയ്തത്. അത് ഒരാള്‍ ചുമ്മാ ചെയ്യുമോ..”

“ഉം.. ഉം... വിവഹം ഇവിടെയും സെറ്റപ്പ് അവിടെയും ആകുമോ..?” ചോദിച്ചിട്ട് സോണിയ തനൂജയെ നോക്കി. രണ്ടുപേരും ശബ്ദം താഴ്ത്തി പൊട്ടിച്ചിരിച്ചു. തനൂജ വിരല്‍ ചുണ്ടില്‍ വെച്ച് പതുക്കെ എന്ന് കാണിച്ചു.

“അമേരിക്കയില്‍ എന്തായിരുന്നു പരിപാടി?”

“അതെല്ലാം ഫാന്റ്റാസ്റിക് ആയിരുന്നു. റിയല്‍ ഹീറോ ആണ് റായ്. സങ്കല്‍പ്പത്തിനപ്പുറം. റായെ ഒറ്റയ്ക്ക് അങ്ങനെ കിട്ടുമെന്ന് കരുതിയില്ല. അതും ആകാശത്ത്... കുറേനേരം ഞങ്ങള്‍ പറന്നു നടന്നു.” എന്തോ ഓര്‍മ്മ വന്നപോലെ തനൂജ തന്റെ ഹാന്‍ഡ്‌ബാഗ്‌ തുറന്നു. “സീ സോണിയാ.... വേറൊരു ഗിഫ്റ്റ് കൂടിയുണ്ട്. സീ ദിസ്‌...” ബാഗില്‍നിന്നും മനോഹരമായി ഡെക്കറെറ്റു ചെയ്ത ഒരു ചുരുള്‍ എടുത്തു അവള്‍ നിവര്‍ത്തി. അരികിലേക്ക് ചാഞ്ഞിരുന്നു സോണിയയുടെ അടുത്തേക്ക് നീക്കിവെച്ചു വായിച്ചു. “നിനക്കായ്... ഈ നിമിഷങ്ങളില്‍....”

“ഓ മൈ ഗോഡ്! ശരിക്കും..?” അത്ഭുതത്തോടെ സോണിയ ആ കടലാസ് കയ്യില്‍ വാങ്ങി. “ഏതായിരുന്നു ആ മനോഹര നിമിഷങ്ങള്‍....”

“എല്ലാ നിമിഷവും മനോഹരമായിരുന്നു. ആ ദിവസങ്ങളെല്ലാം...” ചുരുള്‍ തിരികെ വാങ്ങി അല്‍പനേരം തനൂജ ആ ഓര്‍മ്മയില്‍ ലയിച്ചപോലെ കണ്ണടച്ചിരുന്നു. “ഈ വന്ഗി എനിക്കിപ്പോള്‍ അഴിച്ചുവെക്കാന്‍ തോന്നാറില്ല. അത്രയും സ്പെഷ്യല്‍ ആയി മാറി ഇത്  എന്‍റെ ലൈഫിനോട്.”

അവര്‍ക്കുള്ള ജ്യൂസുമായി തിരികെ വരികയായിരുന്ന ശാരിക കര്‍ട്ടനപ്പുറം മുന്നോട്ടു ചലിക്കാതെ  തറഞ്ഞുനില്‍ക്കുകയായിരുന്നു. ഫോണ്‍ അറ്റന്റ് ചെയ്ത് തിരികെവന്ന മിലാനും അപ്പുറത്തെ വാതിലനിരികില്‍ ഒരു സ്ഫോടനം ഉള്ളിലൊളിപ്പിച്ചു ഉടയാതെ നിന്നു. അമ്മയുടെയും മകളുടെയും കണ്ണുകള്‍ കൂട്ടിമുട്ടി. മിലാന്‍ പതര്‍ച്ചയോടെ മിഴികള്‍ പിന്‍വലിച്ചുകളഞ്ഞു.

സ്വാഭാവികത വീണ്ടെടുത്ത്‌ ശാരിക മുന്നിലേക്ക്‌ ട്രേയുമായി പുഞ്ചിരിയോടെ വന്നു. അവരെകണ്ട തനൂജ സംസാരം നിറുത്തി എഴുന്നേറ്റുവന്നു ജ്യൂസ്‌ ഗ്ലാസ് കയ്യിലെടുത്തു.

ഒരു നടിയെന്ന നിലയില്‍ താന്‍ അഭിനയത്തില്‍ പരാജയപ്പെട്ടെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത് മിലാന്. വളരെ കഷ്ടപ്പെട്ടാണ് മുഖഭാവം മാറാതെ തനൂജയുടെ എതിരിലെ ഇരിപ്പിടത്തില്‍ മിലാന്‍ വന്നിരുന്നത്. സംസാരം തുടര്‍ന്ന ശാരിക തനൂജയുടെ വംഗിയെ പ്രശംസിച്ചു. തനൂജ വംഗിയൂരി ശാരികയ്ക്ക് നല്‍കി. അതിനടിയിലെഴുതിയ താര ഡയമണ്ടിന്റെ എംബ്ലം അവര്‍ വ്യക്തമായി കണ്ടു. ശാരിക അതിന്റെ മനോഹാരിതയെ പറ്റി അഭിനന്ദിച്ച് മിലാന് കൈമാറി.

കൈകള്‍ ചുട്ടുപൊള്ളുന്നതുപോലെ  മിലാന് തോന്നി. താരാഗ്രൂപ്പിന്‍റെ ആഭരണം, അതിന്റെ  ഉടമസ്ഥന്‍ അവകാശിക്ക് നല്‍കാതെ മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നു. എങ്ങനെയാണിതിനെ വ്യാഖ്യാനിക്കേണ്ടത്?

“പോകാം മിലാന്‍, അവിടെപ്പോയി ധാരാളം ജോലിയുള്ളതല്ലേ...?” സമയത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി സോണിയാ എഴുന്നേറ്റപ്പോള്‍ ശാരിക മിലാനോട് പറഞ്ഞു. “മിലൂ ഞാനും വരുന്നു. അച്ഛനോട് അങ്ങോട്ട്‌ വരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു മിനിറ്റ് നീയൊന്ന് വെയിറ്റ് ചെയ്യൂ, ഞാനിപ്പോള്‍ വരാം.”

വേഗത്തില്‍ അകത്തേക്ക് പോയ അമ്മയെ നോക്കി മിലാന്‍ തനൂജയോടു പറഞ്ഞു. “ഒരു മിനിറ്റ് തനൂജാ, ഇപ്പോള്‍ വരാം...”

വാഷ്‌റൂമില്‍ കയറി മുഖത്തേക്ക് വെള്ളം ചീറ്റിക്കുമ്പോള്‍ അവളുടെ ഉള്ളം പുകയുകയായിരുന്നു. എന്താണ് സത്യം...എന്താണ് നുണ... 

എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റ് പെര്‍ഫക്റ്റായി അരങ്ങിലാടിയ മിടുക്കില്‍ അപ്പോള്‍ പുറത്ത്‌ തനൂജയും സോണിയയും കൈകള്‍ തമ്മിലടിച്ചു ആഹ്ളാദം പങ്ക് വെയ്ക്കുകയായിരുന്നു!

തിരികെപോരുമ്പോള്‍  ശാരികയും ചിന്താകുലയായിരുന്നു. വിദേത് ഇപ്പോഴും ഈ സ്വഭാവം തുടര്‍ന്നാല്‍.... അയാളുടെ സ്ത്രീകളോടുള്ള ഭ്രമത്തില്‍ തന്‍റെ മകളുടെ ജീവിതം കാലിടറി വീണാല്‍... വഴിയോരക്കാഴ്ച്ചകളില്‍ തനൂജയും സോണിയയും വാചാലരായപ്പോള്‍ തന്‍റെ മകളുടെ ആസ്വാസ്ഥ്യം അവരില്‍നിന്നും മറച്ചുപിടിക്കാന്‍  ശാരിക ശ്രമപ്പെടുന്നുണ്ടായിരുന്നു.

ഹോട്ടല്‍ റൂമിലേക്ക് തിരികെ കയറുന്നതിനിടയില്‍ സോണിയ മിലാനോട് സ്വരം താഴ്ത്തി പറഞ്ഞു. “മിലാന്‍, താരാഗ്രൂപ്പിന്‍റെ പുതിയ പാര്‍ട്ണര്‍ നീറ്റ മത്സരിക്കുന്നുണ്ടല്ലേ നാളെ? ഇവിടെ ഹോട്ടലില്‍തന്നെയല്ലേ  കരോലിന്‍നീറ്റ സ്റ്റേ ചെയ്യുന്നത്? മീറ്റിംഗ് ഇവിടെത്തന്നെ നടത്താന്‍ എളുപ്പമായിരിക്കും അതുകൊണ്ടെന്നു കരോളിന്‍ ആരോടോ പറയുന്നത് കേട്ടിരുന്നു. അമേരിക്കയില്‍നിന്നും അവര്‍ ഒരുമിച്ചിങ്ങു വന്നതല്ലേയുള്ളൂ.  എനിവേ, മിലാനെ ഈ കാര്യങ്ങളില്‍ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാം കണ്ടറിഞ്ഞു ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ.”
 അര്‍ഥം വെച്ചാണോ അതോ ശരിക്കും അഭിനന്ദിച്ചതാണോ എന്നറിയാതെ നിസ്സഹായതയോടെ മിലാന്‍ ചിരിച്ചതായി വരുത്തി തലകുലുക്കി.

ഹോട്ടലിന്റെ പടികള്‍ ഇറങ്ങുമ്പോഴും അവളുടെ ഉള്ളം ഇടറുന്നുണ്ടായിരുന്നു. കാറില്‍ വന്നു കയറിയ മകളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി ശാരിക ചിരിച്ചു. “എന്താണ് ഈ സില്ലി കാര്യങ്ങള്‍ കേട്ട് വാടിയുണങ്ങിപ്പോയത് മിസ്‌ മിലാന്‍ പ്രണോതി..?”

“അതെ അമ്മാ, സില്ലിയായി മാത്രേ ഞാനിതെല്ലാം കാണുന്നുള്ളൂ. വിദേത് കൊച്ചുകുട്ടിയല്ല.”

“അങ്ങനെ ആവാതിരിക്കട്ടെ എന്നാണു ഞാനും പ്രാര്‍ഥിക്കുന്നത്. ഇത്രയും പ്രായമായിട്ടും അയാളുടെ ശൃംഗാരം കൂടുകയല്ലാതെ കുറയുകയല്ലല്ലോ...” ശാരിക നീരസത്തോടെയാണ് എന്ന് മനസ്സിലായപ്പോള്‍ മിലാന്‍ ഒന്നും പറയാന്‍ നിന്നില്ല.

 തനൂജയുടെ ബുദ്ധിയിലുദിക്കാന്‍ പോകുന്ന തന്ത്രങ്ങളൊന്നും അറിയാതെ അപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ദാസ്‌ കൊല്‍ക്കത്തയ്ക്ക് തിരിച്ചിരുന്നു. തിരക്കുകള്‍ അയാളെ വല്ലാതെ അസ്വസ്ഥനാക്കി. അമ്മ കൊല്‍ക്കത്തയില്‍ വന്നതായുള്ള ഫോണ്‍ വന്നിരിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു ബിസിനസ് ക്ലയന്റ് ഹോട്ടലില്‍ അയാളെ കാണാന്‍ വരികയും ചെയ്യും. ഇവിടത്തെ പരിപാടികള്‍  കഴിഞ്ഞല്ലാതെ പോകാന്‍ മിലാനും അധികൃതരും സമ്മതിക്കുകയുമില്ല. വളരെ മുന്‍പേ തന്റെ സാന്നിധ്യം ഉറപ്പക്കിയിട്ടാണ് പല ഷെഡ്യൂലുകളായി പരിപാടി അറേഞ്ച് ചെയ്തിരിക്കുന്നതും. 

രാത്രി പതിനൊന്നോടെ അയാള്‍ കൊല്‍ക്കൊത്തയില്‍ എത്തി.  ഹോട്ടലിലേക്ക് പോകുംവഴി ദാസ്‌ അമ്മയെ വിളിച്ചു. “അമ്മാ, ഞാന്‍ താമസിക്കുന്നിടത്ത് ഉണ്ടായിരുന്നെങ്കില്‍ നമുക്കിപ്പോള്‍ കാണാമായിരുന്നു. അമ്മ എന്താണ് പുറപ്പെടുമ്പോള്‍ പറയാതിരുന്നത്?  മിത്ര കൂടെയുണ്ടോ..?"

“ഇല്ലയില്ല, അവള്‍ വന്നില്ല.” താരാദേവിയുടെ സ്വരം അയാളുടെ കാതില്‍ വീണു. “നീ എവിടെയാണ് സ്റ്റേ? ഞാനെന്‍റെ ഫ്രണ്ടിന്‍റെ കൊച്ചുമകളുടെ കല്യാണത്തില്‍ ചേരാന്‍ വന്നതാണ്. മുന്‍പേ അറിയാമായിരുന്നു. പങ്കെടുക്കണമെന്ന് കരുതിയില്ല. പക്ഷെ അവള്‍ നിര്‍ബന്ധിച്ചു സ്വൈരം തന്നില്ല. അതാണ്‌ പുറപ്പെട്ടത്‌.”

“ശരി അമ്മേ... ഞാന്‍ ഹോട്ടല്‍ ഒബറോയ് ഗ്രാന്‍ഡിലുണ്ട്. എന്തായാലും രണ്ട് ദിവസം ഇവിടെയുണ്ടല്ലോ. അമ്മ ഇങ്ങോട്ട് താമസം മാറുന്നോ?”

“നാളെ  ഇവിടത്തെ വിവാഹം കഴിഞ്ഞിട്ട്  നോക്കട്ടെ, എന്‍റെ ഷെഡ്യൂള്‍സ് കഴിഞ്ഞാല്‍ പറയാം. നീ താമസിക്കുന്ന സ്ഥലമൊന്നു എനിക്ക് ഷെയര്‍ ചെയ്തിട്ടാല്‍ മതി. നിന്‍റെ കുട്ടിയെ കണ്ടാല്‍ കൊള്ളാം എന്നും എനിക്കുണ്ട്.” താരാദേവി പറഞ്ഞത് കേട്ട് ദാസ്‌ ചിരിച്ചു. ഓഹ്, അപ്പോള്‍ കല്‍ക്കട്ട സന്ദര്‍ശനത്തിനു ലക്ഷ്യങ്ങളുണ്ട്. അതെന്തായാലും നന്നായി. “ശരി അമ്മേ, ഞാന്‍ മുറിയില്‍ ഇല്ലെങ്കിലും അമ്മ റിസപ്ഷനില്‍ ചോദിച്ചാല്‍ മതി. സിക്സിറ്റിവന്‍ ബി ആണ് റൂം നമ്പര്‍.”

 ഏതാണ്ട് അതേ സമയത്തായിരുന്നു കരോലിന്‍ തന്‍റെ  ക്യാമ്പസ്സില്‍നിന്നും തിരികെയിറങ്ങിയത്.  ഋഷി ഭട്ട്നാഗര്‍ക്ക് മകളുടെ മോഡലിങ്ങിനോട് വലിയ പ്രതിപത്തിയില്ല. എന്നാല്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അവളുടെ  തലച്ചോറിനെ അയാള്‍ ബഹുമാനിക്കുന്നു. ലോകത്തിന് നെറുകയിലേക്ക് മകള്‍ കാലെടുത്ത് വെച്ച് മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നത് അയാള്‍ മാറിനിന്ന് നിരീക്ഷിക്കുന്നു.

 തിരികെവന്ന  കരോലിന്‍ റിസപ്ഷനില്‍ തന്‍റെ റൂം നമ്പര്‍ ചോദിച്ചു. സിക്സ്ടീന്‍ ബി എന്ന തന്‍റെ മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ നന്നേ ക്ഷീണിതയായിരുന്നു. നാളെയിലേക്ക് വളരെ ഊര്‍ജത്തോടെ എഴുന്നേല്‍ക്കേണ്ടതുണ്ട്. നന്നായിയൊന്നുറങ്ങുകയല്ലാതെ  വേറെ വഴിയില്ല. തന്‍റെ കൂടെയുള്ള ആയയെയോ സെക്രട്ടറിയെയോ വിളിക്കാനോ താന്‍ റൂമില്‍ ഉണ്ട് എന്ന് പറയാനോ മിനക്കെടാതെ കരോലിന്‍ കയ്യിലുള്ളതെല്ലാം സെറ്റിയിലെക്കിട്ട് തന്‍റെ കിടക്കയിലേക്ക് വീണു. ഒരുനിമിഷം എന്തോ ഓര്‍ത്തവള്‍ വീണ്ടും എഴുന്നേറ്റു. കുളിച്ചിട്ട് കിടക്കാം... ആകെ വിയര്‍ത്തിരിക്കുന്നു. ഇങ്ങനെ കിടക്കാന്‍ വയ്യ.

ചെറുചൂടുവെള്ളത്തില്‍ കുറേനേരം കിടന്നപ്പോള്‍ ശരീരത്തിന്‍റെ ചൂട് കുറയുന്നതായി തോന്നി. അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോകുമെന്ന ഘട്ടത്തില്‍ അവളെഴുന്നേറ്റു നിശാവസ്ത്രം ദേഹത്ത്ചുറ്റി വെള്ളം ഇറ്റിവീഴുന്ന മുടിയോടെ തന്‍റെ മുറിയിലേക്ക് നടന്നു. പിങ്ക് നിറമുള്ള ആ കാല്‍പ്പാടുകള്‍ പതിയുന്നിടത്തെല്ലാം വെള്ളപ്പൂക്കള്‍ പതിഞ്ഞുപരന്നു. കിടക്കയിലേക്ക് വീണ കരോലിൻ ഗാഢമായ ഉറക്കത്തിലേക്ക് വീണുപോയി.

 സൂര്യകിരണങ്ങള്‍ ഭൂമിയില്‍ തൊടുംമുന്‍പേ കരോലിന്‍ കണ്ണ്തുറന്നു. വെളിച്ചം നൂണ്ട്കടന്ന് മുറിയില്‍ ഇരുട്ടകന്നിരുന്നു. വിശാലമായ തന്‍റെ കിടക്കയുടെ മറുപാതിയില്‍ ബ്ലാങ്കറ്റല്ലാത്ത മറ്റെന്തോ കണ്ട് ഒരു നടുക്കത്തോടെ അവള്‍ ചാടിയെഴുന്നേറ്റു. തൊണ്ടയില്‍ വന്ന അലര്‍ച്ച അടക്കിയിട്ടും വെളിയിലേക്ക് ചാടി. സമനില വീണ്ടെടുത്ത അവള്‍ തലയിണക്കടിയില്‍നിന്നും തന്‍റെ പിസ്റ്റള്‍ ഞൊടിയിടയില്‍ കൈക്കലാക്കി.

ശബദംകേട്ട് ഞെട്ടിയുണര്‍ന്ന റായ് വിദേതന്‍ തന്‍റെ നേരെ തോക്ക് ചൂണ്ടിനില്‍ക്കുന്ന കരോലിനെകണ്ട് നടുങ്ങിപ്പോയി. “യൂ...? ഹിയര്‍...?” അവിശ്വസനീയതയോടെ അയാള്‍ അവളെ പകച്ചു നോക്കി.

“റായ് സര്‍, നിങ്ങള്‍? ഇവിടെ എന്‍റെ കിടക്കയില്‍..? വാട്ട്‌ ദിസ് ആള്‍...?” സമനില വീണ്ടെടുക്കാനവാതെ കരോലിന്‍ വിറച്ചുകൊണ്ടിരുന്നു.

അടഞ്ഞുകിടന്ന വാതിലിലേക്കും കിടക്കയിലേക്കും തങ്ങളിലേക്കും രണ്ടുപേരുടെയും മിഴികള്‍ മാറിമാറി സഞ്ചരിച്ചു.


ശ്വാസഗതി തിരിച്ചു പിടിച്ച കരോലിൻ തന്‍റെ ഗൌണ്‍ കൂട്ടിപ്പിടിച്ചുകൊണ്ട്‌  തോക്ക് ബെഡ്ഡിലേക്കിട്ടു. ദാസ്  ഝടിതിയില്‍ എഴുന്നേറ്റു മുറിയാകെ വീക്ഷിച്ചു. അയാളുടെ ബാഗും മാറ്റിയിട്ട വസ്ത്രങ്ങളും താഴെ ചിതറിക്കിടന്നിരുന്നു. എന്താണുണ്ടായതെന്നോ എന്ത് പറയണമെന്നോ അയാള്‍ക്ക്‌ മനസ്സിലായില്ല.

“നിങ്ങള്‍ എങ്ങനെയാണീ മുറിയില്‍ കയറിയത്?” പരുഷമായിരുന്നു കരോലിന്റെ ചോദ്യം.

“സീ മിസ് കരോലിന്‍, സിക്സിറ്റിവന്‍ ബി എന്‍റെ സ്യൂട്ട് ആണ്.” ദാസ്‌ പെട്ടെന്ന് തല കുടഞ്ഞു. “ഞാനിവിടെ വന്നപ്പോഴും ഇവിടെ ആളില്ലായിരുന്നു. നിങ്ങള്‍ എപ്പോഴാണ് അകത്ത് വന്നത്?” അയാളുടെ ചോദ്യം കേട്ട് കരോലിന്‍ സംശയത്തോടെ വീണ്ടും മുറിയാകെ നോക്കി. അവള്‍ പുറത്തേക്കോടി, നമ്പര്‍പ്ലേറ്റ് നോക്കാന്‍. 
വെളിയിലെ നമ്പര്‍പ്ലേറ്റും വാതിലില്‍ പതിച്ച നമ്പറുംകണ്ട് സത്യത്തില്‍ അവള്‍ വിളറിപ്പോയി. തിളങ്ങുന്ന അക്ഷരത്തില്‍ അതില്‍ അറുപത്തൊന്ന് ബി എന്നെഴുതിയിരിക്കുന്നു.  മാത്രമല്ല റായുടെ പേരുമുണ്ട്. കരോളിന്‍ അടുത്ത റൂമിന്‍റെ നമ്പര്‍ നോക്കി. അതെ, അറുപത്തിരണ്ട്, അറുപത്തിമൂന്ന് എന്നിങ്ങനെ പോകുന്നു... തനിക്കെങ്ങനെയാണ് തെറ്റിയത്? അറുപത്തിയൊന്നിലേക്കല്ല പതിനാറിലേക്കല്ലേ താന്‍ വന്നത്? താഴെ റിസപ്ഷനില്‍ തെറ്റിയോ? ഏയ്.. ഒരേ മുറിയുടെ താക്കോല്‍ എങ്ങനെ രണ്ട്പേര്‍ക്ക് കിട്ടും?

കരോലിന്റെ തലച്ചോറില്‍ ലാവ തിളച്ച്പൊങ്ങി. ദാസും വാതില്‍ തുറന്ന് പുറത്തിറങ്ങിവന്നു. അയാളും നമ്പര്‍പ്ലേറ്റിലേക്ക് നോക്കി. ആര്‍ക്കാണ് തെറ്റിയത്? എങ്ങനെ?

“സര്‍, എപ്പോഴാണ് വന്നത്? റിയലി ഇതൊരു വിശ്വസിക്കാന്‍ ആവാത്ത അവസ്ഥയാണല്ലോ...” തിരികെ കയറിവന്ന കരോലിന്‍ ദാസിനെ വീണ്ടും നോക്കി.

“ഞാന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ലിഫ്റ്റ്‌ഓപരേറ്റര്‍ ഉണ്ടായിരുന്നു.കീ അയാള്‍ക്ക്‌ കാണിച്ചു,  അയാളാണ് ഈ ഫ്ലോറില്‍ എന്നെ ഇറക്കിവിട്ടത്. മാത്രമല്ല എന്റെ പിഎയും ഡോര്‍വരെ  വന്നിരുന്നു.” ദാസ് വാതിലിനരികെതന്നെ നിന്ന് പരിസരം വീക്ഷിക്കുകയായിരുന്നു.

കരോലിന്‍ തലേരാത്രി റീവൈണ്ട് ചെയ്തു. റിസപ്ഷനില്‍ കീ ചോദിച്ചപ്പോള്‍ തന്റെ കൂടെ ഒരാള്‍ വരികയാണ് ചെയ്തത്. കീകാര്‍ഡ്‌ എടുത്ത് വാതില്‍ തുറന്നുതന്ന് അയാള്‍ മടങ്ങിപ്പോയെന്ന് അവള്‍ ഓര്‍ത്തു. തനിക്കയാള്‍ കീ തന്നില്ലായിരുന്നോ... ക്ഷീണിച്ച തലച്ചോറില്‍നിന്ന് പണിപ്പെട്ട് അവള്‍ ഓര്‍മ്മയുടെ വാല്‍കഷ്ണം മുങ്ങിയെടുത്തു. ഇല്ല! അയാള്‍ തന്നില്ലായിരുന്നു!

അവള്‍ ഫോണിനിരികിലേക്ക് നീങ്ങി. ഇത്രയും വലിയൊരു ഹോട്ടലില്‍ ഇങ്ങനെയൊരു വീഴ്ച വരാന്‍ പാടില്ലായിരുന്നല്ലോ. അവളുടെ ഉദ്യമം കണ്ട് ദാസ്‌ അവളെ ചോദ്യഭാവത്തില്‍ നോക്കി. “എന്താണ് കരോലിന്‍ ചെയ്യാന്‍ പോകുന്നത്?”

“സര്‍, ഇതങ്ങനെ വിട്ടാല്‍ ഒക്കില്ലല്ലോ. ഇതൊരു ചെറിയ കാര്യമാണോ? ഇത്രയും അനാസ്ഥ...” അവളെ തുടരാന്‍ അനുവദിക്കാതെ ദാസ്‌ വിലക്കി.

“സീ കരോലിന്‍, അറിയാതെ നമ്മളിവിടെ ഉറങ്ങിപ്പോയി. താഴെ വിളിച്ചുപറഞ്ഞ്‌  റൂംമാറി എന്നും പുലര്‍ന്നാണ് നമ്മള്‍ അറിഞ്ഞെതെന്നും  പറഞ്ഞാല്‍ അത് എത്രത്തോളമാണ് രണ്ടുപേരെയും വേട്ടയാടുക എന്ന് ഓര്‍ത്തുവോ...? അതും ഒരേ മുറിയിലാണ് ഉറങ്ങിയതെന്നും....?”

കരോലിന്റെ ഉള്ളില്‍ ഒരു മിന്നലുണ്ടായി. അതെ, ശരിയാണ്. പ്രശസ്തരായ രണ്ട്പേര്‍... അവരുടെ പേര്‍സണാലിറ്റി, സമൂഹസമ്മതി, ചര്‍ച്ചകള്‍, ഫാമിലി, മീഡിയാ ഇടപെടലുകള്‍... എല്ലാം  ഒരു റീല്‍ പോലെ അവളുടെ മുന്നില്‍ മിന്നിമറഞ്ഞു. ദാസ്‌ വീണ്ടും അവളെ നോക്കി.

“കരോലിന്‍, ഞാന്‍ പന്ത്രണ്ട്മണി കഴിഞ്ഞുകാണും വന്നപ്പോള്‍, മുറിയില്‍ ഇരുട്ടുമായിരുന്നു. ഒരാളും ഇവിടെ ഉള്ളതായി തോന്നിയില്ല. ഞാന്‍ തന്‍റെ ബാഗും സാധനങ്ങളും ഇവിടെ ഉള്ളതുപോലും കണ്ടില്ല എന്നാണ് തോന്നുന്നത്. വാഷ്‌റൂമില്‍ പോലും പോകാതെ ഡ്രെസ് മാറി കയറികിടക്കുകയായിരുന്നു.”

അത് ശരിയാണെന്ന് കരോലിന് തോന്നി. അയാള്‍ ബാത്ത്റൂമില്‍ വന്നിരുന്നെങ്കില്‍ താന്‍ ബാത്ഡബ്ബില്‍ കിടക്കുന്നത് കാണേണ്ടതല്ലേ. എങ്കിലും സംശയത്തിന്‍റെ വിത്തുകള്‍ മുളച്ചുകൊണ്ടേയിരുന്നു മനസ്സില്‍.

“ലീവ് ഇറ്റ്‌ കരോലിന്‍, ഇത് നമ്മളില്‍ മാത്രമായി ഒതുങ്ങട്ടെ, താന്‍ ആലോചിച്ചു വിഷമിക്കാതെ. അറിയാതെയെങ്കിലും തന്റെ ഇന്നത്തെ മൂഡ്‌ ഇത്രയുംനേരത്തെ നശിപ്പിച്ചതില്‍ ഞാന്‍ വിഷമിക്കുന്നു. താന് ഉടനെ റെഡിയായി പോകൂ തന്റെ മുറിയിലേക്ക്. ഇത് മറ്റുള്ളവരെ അറിയിക്കേണ്ട. പലതിനും എക്സ്പ്ലനേഷന്‍ കൊടുത്തു ഇന്നത്തെ ദിവസം നമ്മുടെ പോയ്‌പ്പോകും. ഇന്നല്ലേ തന്‍റെ ഷോ? ബി ക്വിക്ക്, ഞാന്‍ പുറത്തിരിക്കാം...”

ക്ഷമാപണ സ്വരത്തില്‍ ദാസ് പറഞ്ഞപ്പോള്‍ കരോളിന്‍ പെട്ടെന്ന് ബോധത്തിലേക്ക്‌ തിരികെവന്നു. “നോ സര്‍, ഞാനാണ് റൂം മാറിക്കേറി സാറിന്റെ പ്രൈവസി നശിപ്പിച്ചത്. മാത്രല്ല കാര്യമറിയാതെ തോക്ക് വരെ ചൂണ്ടി.” അവള്‍ വല്ലായിമയോടെ പറഞ്ഞു.

ദാസ്‌ പുഞ്ചിരിച്ചു. “ഇറ്റ്‌സ് ഓക്കേ ബേബി, എന്തായാലും സ്വയരക്ഷ നമ്മുടെ കൈകള്‍ക്കുള്ളില്‍ എപ്പോഴും ഭദ്രമാകണം.  ഞാന്‍ പുറത്തുണ്ട്.” അയാള്‍ പുറത്തേക്ക് നടന്നു.

സംശയവും ചമ്മലും ആശയകുഴപ്പവും എല്ലാംകൂടി കരോലിന്റെ മനസ്സ് വല്ലാതെ ഉഴറി. വസ്ത്രം മാറി തന്‍റെ ബാഗുമെടുത്ത് പുറത്തിറങ്ങുമ്പോള്‍ ദാസ്‌ കോറിഡോറില്‍ നില്‍പ്പുണ്ടായിരുന്നു. അയാള്‍ ചിരിച്ചുകൊണ്ട് അടുത്തുവന്നു.

“ഓള്‍ ദി ബെസ്റ്റ്, ഇതൊന്നും തന്റെ പെര്‍ഫോമന്‍സിനെ ബാധിക്കരുത്. കേട്ടല്ലോ...” ദാസ്‌ അവളുടെ ചുമലില്‍ തട്ടി. കരോലിന്‍ ചിരിച്ചു.

മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ ദാസിന്റെ പെരുമാറ്റത്തെക്കുറിച്ച് ഓര്‍ത്തു. എത്രനന്നായി  ജീവിതത്തിലെ പ്രധാനസാഹചര്യങ്ങള്‍  റായ്സര്‍ കൈകാര്യം ചെയ്യുന്നു. ഇത്രയും വലിയൊരു വിഷയത്തിലും സര്‍ വളരെ അവസരോചിതമായി ഇടപെട്ടു. മറ്റുള്ളവരെ അറിയിച്ചാല്‍ ദോഷമല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഉണ്ടാകില്ലെന്നത് വാസ്തവം തന്നെയാണല്ലോ.

എന്നാല്‍ ദാസിന്‍റെ നെറ്റിയില്‍ വരകള്‍ വീണിരുന്നു. എങ്ങനെയാണ് സമര്‍ത്ഥയായ ഒരു പെണ്‍കുട്ടിക്ക് തന്‍റെ മുറി  മാറിപ്പോകുന്നത്? തന്‍റെ ഫ്ലോറിന്റെ എല്ലാ വാതിലിനരികിലും അയാള്‍ നടന്നു. പതിനാറ് ബി എവിടെയെന്നറിയാന്‍ ലിഫ്റ്റില്‍ കയറി താഴേക്കും മുകളിലേക്കും പോയിനോക്കി. കരോലിന്റെ ഫ്ലോര്‍ കഴിഞ്ഞാണ് തന്‍റെ ഫ്ലോര്‍ വരുന്നത്. എന്നിട്ടും എങ്ങനെയാണ്?

ചക്രവ്യൂഹങ്ങള്‍ നെയ്യുന്ന എളുപ്പത്തോടെതന്നെ ഓരോ വലക്കുരുക്കുകളും  അയാള്‍ പൊട്ടിക്കാറുണ്ട്.  ഈ വല യാദ്രിശ്ചികമായി നെയ്യപ്പെട്ടതാണ് എന്ന് ആശ്വസിക്കാന്‍ അയാളുടെ കുശാഗ്രബുദ്ധി അനുവദിച്ചില്ല. ആറാമിന്ദ്രിയം തുടിച്ചുകൊണ്ടിരുന്നു. തനിക്കു തെറ്റിയാലും പിഎ സാമിക്ക് തന്റെ മുറി തെറ്റുകയില്ലെന്നു അയാള്‍ക്കറിയാമായിരുന്നു. ഇവിടെ കബളിപ്പിക്കപ്പെട്ടത്‌  ആ പെണ്‍കുട്ടിയാണ്. ഷുവര്‍... ബട്ട്‌ ഫോര്‍ വാട്ട്‌...?

ധൃതിയില്‍ നടന്നയാൾ  മുറിയില്‍ തിരികെവന്നു. അഞ്ചുമണിക്ക് ഷോ തുടങ്ങുംമുമ്പേ ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട്.  മിലാനെ എങ്ങനെ ഈ തിരക്കിനിടയില്‍ കാണും? അതിനിടയില്‍ അമ്മ  ഇങ്ങോട്ട് വരുന്നെങ്കില്‍ ഇവിടെ ഏര്‍പ്പാട് ചെയ്യേണ്ടതുണ്ട്. ബിസിനസ് ക്ലയന്റ്  ഇവിടെയാണോ മറ്റെവിടെയാണോ കാണാന്‍ തയ്യാറാവുകയെന്നു ഉറപ്പിച്ചിട്ടും ഇല്ല.  എല്ലാം കഴിഞ്ഞു അഞ്ച്മണിക്ക് സ്റ്റേജില്‍ എത്തുകയും  വേണം. തിരക്കുകളുടെ ഈ ദിവസം തുടങ്ങിയതേ തോക്കിന്‍മുനയിലാണെന്ന് അല്പം തമാശയോടെ ദാസ്‌ ഓര്‍ക്കാതിരുന്നില്ല. ഫോണെടുത്ത് അയാള്‍ സാമിയെ വിളിച്ചു. “പെട്ടെന്ന് വരൂ മുറിയിലേക്ക്.”

മുറിയിലേക്ക് പാഞ്ഞുകയറിവന്ന സാമിയെ നോക്കി അയാള്‍ ചിരിച്ചു. “റിലാക്സ്... റിലാക്സ്..., നമുക്ക് ഇന്നലെ രാത്രി മുതല്‍ ഈ ഹോട്ടലിന്റെ ലിഫ്ടിലും കോറിഡോറിലും എന്താണ് നടന്നതെന്ന് അറിയണമല്ലോ സാമി. എന്താണ് വഴി?” അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

“അതെടുക്കാം സാബ്, ക്യാമറയുണ്ടല്ലോ, നമുക്ക് അതെടുക്കാം.”

“ഉം, എടുത്താല്‍ മാത്രം പോരാ, അതെല്ലാം സെര്‍വറില്‍ നിന്നും നശിപ്പിച്ചും കളയണം, കോപ്പി നമ്മുടെ കൈയില്‍ ഭദ്രമായിരിക്കട്ടെ. പിന്നീടാരെങ്കിലും നോക്കിയാല്‍  ആര്‍ക്കും കിട്ടരുത്. മാത്രമല്ല ഇവിടെ ആരൊക്കെ  ഷോയുമായി ബന്ധപ്പെട്ട് താമസിക്കുന്നു,അവരുടെ റൂം നമ്പര്‍ എന്നിവയും എടുക്കണം.”

“പക്ഷെ സാബ്, നമ്മള്‍ എടുക്കും മുന്‍പേ അതാരെങ്കിലും കോപ്പി ചെയ്തെങ്കില്‍....”

“ഒഫ് കോഴ്സ്, ആ സാധ്യത ഉണ്ടെന്നറിയാം. ലെറ്റ്‌ ഇറ്റ്‌ബി. വെയിറ്റ് ചെയ്യാന്‍ അതൊരു വഴിയാണല്ലോ..” ദാസിന്‍റെ ഉരുക്കുപോലുള്ള ശ്ബ്ദവ്യത്യാസത്തെ സാമി ശ്രദ്ധിച്ചു.

രണ്ടുമണിക്ക് അയാള്‍ മിലാനെ വിളിച്ചു. അയാളുടെ നമ്പര്‍ സ്ക്രീനില്‍ കണ്ടപ്പോള്‍ മിലാന്‍റെ ശ്വാസഗതി അല്പം കൂടി.
 മിന്നിത്തിളങ്ങുന്ന ആ വംഗിയാണ് മുന്നില്‍ തെളിയുന്നത്. 
ഒരു വട്ടംകൂടി ബെല്‍ മുഴങ്ങിയപ്പോള്‍ അവള്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു.

“എന്താണിതുവരെ വിളിക്കാഞ്ഞത്‌? ഞാന്‍ രാത്രിതന്നെ എത്തിയിരുന്നു.”

“ഉം..” മിലാന്‍ മൂളി.

“നീയിങ്ങോട്ട് വരുന്നോ..? അമ്മ ഇവിടെയുണ്ട്. ഹോട്ടലില്‍ എത്തിയിട്ടില്ല; പക്ഷെ ഇവിടേയ്ക്ക് വരും. നിന്നെ കാണണമെന്ന് സൂചിപ്പിച്ചിരുന്നു.”

“ഇപ്പോള്‍ വളരെ തിരക്കാണ്. ഇനി മണിക്കൂറുകള്‍ മാത്രമല്ലെ ഷോ നടക്കാന്‍ ബാക്കിയുള്ളൂ. അതുകൊണ്ട് അങ്ങോട്ട്‌ വന്നാല്‍ വൈകില്ലെ?” മിലാന്‍ പതുക്കെ പറഞ്ഞു.

“നിനക്കിവിടെ ഒരു മുറി ബുക്ക്‌ ചെയ്യട്ടെ? പരിപാടി കഴിഞ്ഞാല്‍ നമുക്കൊന്ന് ഫ്രീ ആയി സംസാരിക്കാന്‍ പറ്റുമല്ലോ. നീയിങ്ങോട്ടു വന്നാല്‍ മതിയല്ലോ” അയാള്‍ പ്രതീക്ഷയോടെ അവളുടെ മറുപടിക്ക് കാതോര്‍ത്തു.

“വിദേത്, വീട്ടില്‍ അമ്മയും അച്ഛനും ഉണ്ട്. ഷോ കാണാന്‍ അവരുമുണ്ടാകും. അവരെകൂടാതെ ഞാന്‍ അങ്ങോട്ട്‌ വന്നാല്‍...” അവള്‍ അര്ധോക്തിയില്‍ നിറുത്തി. അത് മാത്രമല്ല അമ്മയുടെ മുന്നില്‍ വെച്ച് തനൂജക്ക് വംഗി സമ്മാനിച്ചെങ്കില്‍ എന്തിനാണവര്‍ എന്നെ കാണുന്നത് എന്നവള്‍ക്ക് ചോദിക്കാന്‍ തോന്നി. സമ്മാനിതയായ പ്രേയസി ഞാനല്ലല്ലോ എന്നും ഉള്ളില്‍ പുതഞ്ഞുകൊണ്ടിരുന്നു.

നിശബ്ദത പാലംതീര്‍ത്ത നിശ്വാസങ്ങളുടെ അറ്റത്ത്‌ മണിക്കിലുക്കങ്ങള്‍ ഇല്ലാതെ നിമിഷങ്ങള്‍ തൂങ്ങിയാടി.

“ശരി മിലാന്‍, നിനക്ക് അമ്മയും അച്ഛനും പരിഹസിക്കുമെന്നു പേടിയുണ്ടെങ്കില്‍ വരേണ്ട. ഞാന്‍ എത്രകാലമായി  നിന്നെയൊന്ന് കാണാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം രണ്ട്പേര്‍ക്കും ഒരുമിച്ചു തോന്നിയാലേ ആ ഫീല്‍ അതേപോലെ അനുഭവിക്കാന്‍ കഴിയൂ എന്ന്. അത് നിര്‍ബന്ധിച്ചാല്‍ നേടാവുന്ന ഒന്നല്ല എന്നും...” നിരാശ നിറഞ്ഞ ദാസിന്‍റെ സ്വരം കേട്ടിട്ടും മിലാന്‍ ഒന്നും ഉരിയാടാതെ നിന്നു.

ഫോണ്‍ വെച്ചുകഴിഞ്ഞപ്പോള്‍ എന്നത്തേയും പോലെ മിലാന് വിഷമം തോന്നി. ഛെ..., കുറെ നാളായി വിദേത് കാണാന്‍ ആഗ്രഹിക്കുന്നു. തനിക്കും ആഗ്രഹമുണ്ട്. പക്ഷെ തങ്ങളുടെ ഇടയില്‍ കടന്നുവരുന്ന ചില ആശങ്കകള്‍... സംശയങ്ങള്‍.... വിദേതിന്റെ തുറന്ന് സംസാരിക്കാത്ത പ്രകൃതം... ഇപ്പോഴാണെങ്കില്‍ തന്‍റെ അമ്മയുമച്ഛനും കൂടെയുണ്ട്. ഇന്നലെ തനൂജ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഒന്നും ദഹിക്കാതെയാണ് അമ്മയുടെ നില്‍പ്പ് തന്നെ! വിദേതിനെ കാണണമെന്നും സാമീപ്യം എപ്പോഴും വേണമെന്നും തോന്നും. എന്നാല്‍ ഈവക കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സും ശരീരവും തണുത്തുറഞ്ഞു ശിലപോലെയാകുന്നു. അതിനടയില്‍.... 
കുറച്ച്നേരം ഇതെല്ലാം ചിന്തിച്ച് സമയത്തെക്കുറിച്ച് മറന്നേപോയി അവള്‍.  പല്ലവി വന്ന് തട്ടി വിളിച്ചപ്പോഴാണ് ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.

“മേം... വരൂ... ചില കാര്യങ്ങള്‍ കൂടിയുണ്ട്.” പല്ലവി ഓര്‍മ്മിപ്പിച്ചു. അവിടത്തെ കാര്യങ്ങള്‍ ഒതുക്കിയതിന് ശേഷം മിലാന്‍ വേഷം മാറാനായി ഓടി. 

ഇതിനിടയില്‍ ദാസിനരികില്‍ സാമി വീണ്ടും എത്തി. അയാളുടെ മുഖം അത്ര പ്രസന്നമാല്ലയിരുന്നു.. “ഉം..?” ചോദ്യരൂപേനെ ദാസിന്‍റെ പുരികമുയര്‍ന്നു.

“സാബ്... ഇന്നലെ രാത്രിയില്‍ രണ്ട് നിലയിലും തനൂജാമേഡവും വേറെ ഒരാളും റൂം നമ്പറുകള്‍ ചെക്ക് ചെയ്യുന്നപോലെ നടക്കുന്നത് കണ്ടു. അല്‍പസമയം അവര്‍ അവിടെനിന്ന് സംസാരിക്കുന്നു. പിന്നീടു തിരികെ ഇറങ്ങുന്നു. എന്നാല്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കാണുന്നുമില്ല.”

“ചെക്ക് ചെയ്യുന്നപോലെ നടക്കുന്നു എന്ന് പറഞ്ഞാല്‍...”

“റൂം നമ്പര്‍ അനേഷിച്ചു നടക്കുന്നപോലെ.... അല്ലെങ്കില്‍ സ്വന്തം മുറി അനേഷിക്കുന്നത് പോലെ.” സാമി വിശദീകരിച്ചു.

“ശരി, കരോലിന്‍ റൂമില്‍വന്ന സമയത്ത് എന്താണ് കാണുന്നത്?”

“കരോലിന്‍മേഡം റിസപ്ഷനില്‍ ചോദിച്ച് നേരെ ലിഫ്റ്റിലേക്ക് വരികയാണ്. റൂംബോയ്‌ കൂടെയുണ്ട്. ലിഫ്റ്റില്‍ മറ്റൊരാളുണ്ട്. അയാള്‍ക്ക് കീ കൈമാറി റൂംബോയ്‌ തിരികെ പോകുന്നു. അയാളാണ് റൂം തുറന്നത്.”

 “അയാളോട് സംസാരിച്ചോ?”

“ഇല്ല, അയാള്‍ക്ക്‌ ഈവനിംഗ് ഷിഫ്റ്റ്‌ ആണ്.”

“ഇതിന്റെയെല്ലാം കോപ്പി എടുത്തോ?”

“ഉണ്ട് സാബ്...”

ദാസ്‌ കൈനീട്ടി സാമിയുടെ കൈയ്യില്‍നിന്നും ആ പെന്‍ഡ്രൈവ് വാങ്ങി.

 വൈകുന്നേരം അഞ്ചു മണി.

കൊല്‍ക്കത്തയിലെ പ്രസിദ്ധമായ രബീന്ദ്രഭാരതി യുനിവേഴ്സിറ്റി ക്യാമ്പസില്‍  മിസ്സ്‌ കൊല്‍ക്കത്ത കണ്ടസ്റ്റന്‍റ്റ്ഷോ അരങ്ങേറാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ചീഫ്ഗസ്റ്റ് റായ് വിദേതന്‍റെ ഫെരാരി  പൂമരങ്ങള്‍ തണല്‍ വിരിച്ച  യൂണിവേര്‍സിറ്റി റോഡിലേക്ക് അകമ്പടിവാഹനവൃന്ദങ്ങളോടെ  ഒഴുകിവന്നു. ആകാശത്ത്നിന്നും നോക്കിയാല്‍ പൂക്കള്‍നിറഞ്ഞ പാതയിലൂടെ ഒരു ചിത്രശലഭം താഴ്ന്ന്പറക്കുന്നത്പോലെയായിരുന്നു ആ ഫെരാരിയുടെ ചലനം! അത്രയും മൃദുവായി.... അയാളുടെ കാറിന് പുറകിലായി മറ്റ് താരങ്ങളുടെയും വിഐപികളുടെയും വാഹനനിരയും ഒഴുകിവന്നുനിന്നു. അലങ്കരിച്ച വഴിയുടെ രണ്ട്നിരകളിലും പൂക്കളേന്തിയ കുട്ടികള്‍ മനോഹരവേഷങ്ങളോടെ അതിഥികളെ വരവേറ്റു. എല്ലാവരും ഇരുന്ന് ചടങ്ങ് തുടങ്ങിയപ്പോള്‍ ദാസിനുള്ള ബൊക്കെ കൊടുക്കാന്‍ ആങ്കര്‍ വിളിച്ചത് മിലാന്‍ പ്രണോതിയെതന്നെയായിരുന്നു.

 പിങ്കും ഗോള്‍ഡന്‍കളറും ചേര്‍ന്ന അരികുകളില്‍ കറുത്ത മുത്തുകള്‍ പിടിപ്പിച്ച സുതാര്യമായ മഞ്ഞ ജോര്‍ജെറ്റ് സാരിയിലായിരുന്നു മിലാന്‍ വന്നത്. സ്വര്‍ണ്ണകളറില്‍ ഹെവി വര്‍ക്കുള്ള ബ്ലൌസ് ആ ശരീരകാന്തിയില്‍ ഒട്ടിക്കിടന്നു. കറുത്ത പട്ടുന്നൂല്‍ക്കെട്ടുപോലെ മിന്നിത്തിളങ്ങുന്ന മുടി അലസമായി ഇടത്ഷോള്‍ഡറിലൂടെ മുന്നിലേക്കിട്ടിരുന്നു. വലിയ കമ്മലില്‍നിന്നും പടര്‍ന്ന വള്ളി  രണ്ട് ചെവിയേയും മറച്ചുകൊണ്ട്‌ മുടിയിലേക്ക്  നീണ്ട്കിടന്നു. കഴുത്ത് നഗ്നമായിരുന്നു. ജലകന്യകയുടെ തിളക്കത്തോടെ അവള്‍ സ്റ്റേജിലേക്ക് ബൊക്കെയുമായി ഒഴുകി വന്നപ്പോള്‍ നീണ്ട കരഘോഷം മുഴങ്ങി.

പൂക്കള്‍ കൈമാറുമ്പോള്‍ മിലാന്റെയും ദാസിന്റെയും കണ്ണുകള്‍ പരസ്പരമിടഞ്ഞു. സ്വപ്നം പൂക്കുന്ന അവളുടെ മിഴിയിലേക്ക് സ്നേഹം പൂക്കുന്ന കണ്ണുകള്‍ വിടര്‍ത്തി അയാള്‍ നോക്കി. ആ മിഴികളിലേക്ക് എടുത്തുചാടി നീന്താനുള്ള വ്യഗ്രതയോടെ...

ബൊക്കെ കൊടുത്തപ്പോള്‍ മറ്റാരും ശ്രദ്ധിക്കാത്ത തരത്തില്‍ കയ്യിലേക്ക് വെച്ചുതന്ന ദാസിന്‍റെ കുറിപ്പ് തിരികെയിറങ്ങി സീറ്റില്‍ വന്നിരുന്നു മിലാന്‍ നിവര്‍ത്തി. അതിലെ അക്ഷരങ്ങള്‍ വായിച്ച് അവളുടെ ചുണ്ടിന്റെയൊരു കോണില്‍ ചിരിയൂറിവന്നു. “മൈ ഏയ്‌ജല്‍, നീ വരുമല്ലോ അല്ലെ...”

സ്റ്റേജില്‍ ഇരുന്ന എല്ലാ വിശിഷ്ടാതിഥികളും അവളെ ആരാധനയോടെ നോക്കുമ്പോള്‍ രണ്ട്കണ്ണുകള്‍ അവളെ വര്‍ദ്ധിച്ച പകയോടെയും അസൂയയോടെയും വീക്ഷിക്കുകയായിരുന്നു. പുറമേയ്ക്ക് ചിരിച്ചുപതഞ്ഞുകൊണ്ടും അകത്ത് പകയോടെ ജ്വലിച്ചുകൊണ്ടും തനൂജയുടെ മിഴികള്‍ കത്തിപ്പിടിച്ചത് ദാസും മിലാനും അറിഞ്ഞില്ല.

                                         (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 19 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക