Image

ജനസമ്മതിയില്‍ ലേബര്‍ പാര്‍ട്ടി ലീഡര്‍ ബോറിസിനെക്കാള്‍ മുന്നില്‍, മുഖം മിനുക്കാനുറച്ച് ബോറിസ് കാബിനറ്റ്

Published on 28 June, 2020
ജനസമ്മതിയില്‍ ലേബര്‍ പാര്‍ട്ടി ലീഡര്‍ ബോറിസിനെക്കാള്‍ മുന്നില്‍, മുഖം മിനുക്കാനുറച്ച് ബോറിസ് കാബിനറ്റ്


ലണ്ടന്‍: ലേബര്‍ പാര്‍ട്ടി ലീഡര്‍ സര്‍ കെയ്ര്‍ സ്റ്റാര്‍മര്‍ ബോറിസ് ജോണ്‍സണേക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്ന് ബ്രിട്ടണിലെ പൊതുജനങ്ങള്‍ കരുതുന്നതായി സര്‍വേകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ നയിക്കാന്‍ ലേബര്‍ ലീഡര്‍ പ്രാപ്തനാണെന്ന് 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 35 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ലഭിച്ചത്. പോളിംഗ് കമ്പനിയായ ഒപ്പീനിയം ആണ് സര്‍വേ നടത്തിയത്. കഴിഞ്ഞ ആറ് ആഴ്ചകളായി ലേബര്‍ പാര്‍ട്ടി ലീഡര്‍ സര്‍ കെയ്ര്‍ സ്റ്റാര്‍മറിന്റെ പൊതു ജനസമ്മതി ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. മികച്ച പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിനുള്ള അഭിപ്രായ വോട്ടെടുപ്പിലാണ് ബോറിസിനെ ലേബര്‍ ലീഡര്‍ മറികടന്നത്.

ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളില്‍ അഴിച്ചുപണി നടത്താന്‍ പദ്ധതിയിടുകയാണ് ബോറിസ് ജോണ്‍സണ്‍. ഇതിന്റെ ഭാഗമായി 'പ്രോജക്ട് സ്പീഡ്' അടുത്തയാഴ്ച പ്രഖ്യാപിക്കും. ബ്രിട്ടണിലെ ഇന്‍ഫ്രാ സ്ട്രക്ചറുകള്‍ സംബന്ധമായ പ്രോജക്ടുകള്‍ക്കായുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സായിരിക്കുമിത്. പുതിയ ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണങ്ങള്‍ പ്രോജക്ട് സ്പീഡിന്റെ നിയന്ത്രണത്തിലായിരിക്കും.

പ്രോജക്ട് സ്പീഡിനെ നയിക്കുന്നത് ബ്രിട്ടീഷ് ചാന്‍സലര്‍ റിഷി സുനാക് ആയിരിക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസങ്ങളും തടസങ്ങളും ഒഴിവാക്കി ഉടന്‍ പൂര്‍ത്തിയാക്കാനുള്ള അനുകൂലമായ അന്തരീക്ഷം ഒരുക്കുകയായിരിക്കും പ്രോജക്ട് സ്പീഡ് ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ബിനോയ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക