Image

കറുപ്പും വെളുപ്പും (കവിത: ശ്രീലക്ഷ്മി)

Published on 28 June, 2020
കറുപ്പും  വെളുപ്പും (കവിത: ശ്രീലക്ഷ്മി)
പേരിൽ നിന്നൊരു ഫെയർ പോയാൽ
ഉരുകി ഒലിച്ചു പോകുന്നതല്ല
കറുപ്പിന്റെ രാഷ്ട്രീയം.
നന്മയ്ക്ക് വെളുപ്പും
തിന്മയ്ക്ക് കറപ്പുമാണെന്ന്
പറഞ്ഞു പഠിപ്പിച്ച ഗുരുക്കന്മാർ
തിരുത്തണം.
ആത്മാവീനൂട്ടുന്ന വറ്റു തിന്നാൻ
ഇനി മുതൽ കൊക്കിനെ
വിളിക്കണം.
ആഫ്രിക്കയുടെ
ഇരുണ്ട ഭൂഖണ്ഡം
പേര് ചരിത്രത്തിൽ
നിന്ന് നീക്കം ചെയ്യണം
കറുത്ത വാവിന്
പുതിയ നാമകരണം
ചെയ്യണം.
കറുപ്പിന് പിറക്കുന്ന
കറുത്ത സന്തതിയെ
വെളുത്ത തൊട്ടിലിൽ
കിടത്തണം
ഏഴഴക് കറുപ്പിനാണെന്ന്
പറഞ്ഞവർ
വെളുപ്പിന് എത്ര അഴകുണ്ടെന്ന്
ഉറക്കെ ഉറപ്പിച്ച്
പറയണം.
വെളുപ്പിൽ നിന്ന്
കറുപ്പിലേയ്ക്കുള്ള
ദൂരം അളക്കണം.
അല്ലാത്തപക്ഷം
കറുപ്പെന്നും
കറുപ്പായിരിക്കും
ഫെയർ ആന്റ്ലൗലിയ്ക്ക്
വെളുപ്പിക്കാൻ ആവാത്ത പോലെ
കറുപ്പിന്റെ വിപരീത പദമാണ്
വെളുപ്പെന്ന് കണ്ടെത്തിയ
ഭാഷാ പണ്ഡിതനെ കണ്ടെത്തണം.
മറ്റുനിറങ്ങളുടെ
വിപരീതപദം പറയിക്കണം
കറുപ്പിനെ പുഛിക്കുന്ന
തലവെളുത്തവനോട്
പറയണം.
നീ.........നിന്റെ...മുടി
കറുപ്പിക്കരുതെന്ന്
കറുപ്പ് യൗവ്വനമാണെന്ന്.

കറുപ്പും  വെളുപ്പും (കവിത: ശ്രീലക്ഷ്മി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക