Image

നിമിഷം ( കവിത: വിപിൻ പുത്തൂരത്ത്)

Published on 28 June, 2020
നിമിഷം ( കവിത: വിപിൻ പുത്തൂരത്ത്)
അരികിലെത്തിയെന്നാശിച്ചതൊക്കെയും
അഴലു നീറ്റി പൊലിപ്പിച്ചതൊക്കെയും
കരളിലേറ്റി കൊതിപ്പിച്ച തൊക്കെയും
തിരികെ തട്ടിപ്പറിച്ചെടുക്കുമ്പൊഴും
തരികയില്ലെന്ന പിടിവാശിയാലെന്റെ
നെഞ്ചിൽ കനലാൽ നെരിപ്പോടു തീർക്കയും
നേരു നേരോട് ചേരാതിരിക്കുവാൻ
നേർമയില്ലാത്ത സീമകൾ തീർക്കയും
അർധ ജീവിതം രാഹുവും കേതുവും
കണ്ടകശ്ശനി കഷ്ടകാലങ്ങളും
ബാക്കി പത്രത്തിൽ പ്രേമം പ്രമേഹമായ്
രക്തസമ്മർദ്ദം ഹൃദയരോഗങ്ങളും
കനവുമാത്രം കടം തന്നു കൊണ്ടെന്നിൽ
കനിവു കാട്ടാൻ മടിച്ചോരു " നിമിഷ"മേ.....
കരയുവാനെനിക്കില്ലൊരു തുള്ളി നീർ
കഴുക ദൃഷ്ടികൾ കൊത്തിപ്പറിക്കിലും
കദനഭാരത്തിൽ കുനിയും ശിരസ്സുമായ്
ഇടറുമെങ്കിലും തളരാത്ത ഹൃദയവും
പഴയതെങ്കിലും പതറാത്ത മനസ്സുമായ്
തിരികെ വെട്ടിപ്പിടിക്കുമെൻ കനവുകൾ
തിരികെടാതെ സൂക്ഷിക്കുമെൻ ചേതന .


നിമിഷം ( കവിത: വിപിൻ പുത്തൂരത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക