Image

ജോർജ് ഫ്ലോയ്ഡിന്റെ മരണം, നീതി നടപ്പാക്കും; മൈക്ക് പെൻസ്

പി.പി.ചെറിയാൻ Published on 29 June, 2020
ജോർജ് ഫ്ലോയ്ഡിന്റെ മരണം, നീതി നടപ്പാക്കും; മൈക്ക് പെൻസ്
ഡാലസ് ∙ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിന് ത്തരവാദിയായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഈ സംഭവത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുകയും കടകൾ കൊള്ളയടിക്കുകയും കൊള്ളിവയ്പു നടത്തുകയും പള്ളികൾ കത്തിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് പ്രോസിക്യൂട്ട് ചെയ്യുമെന്നും പെൻസ് പറഞ്ഞു. ഫ്രീഡം ആഘോഷങ്ങളുടെ ഭാഗമായി ഡാലസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പെൻസ്.
ഞായറാഴ്ച രാവിലെ 10.45 ന് ചർച്ചിൽ ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്, സെക്രട്ടറി കാർസൻ, സെനറ്റർ കോന്നൻ, അറ്റോർണി ജനറൽ പാക്സ്ടൺ എന്നിവരോടൊപ്പം എത്തിച്ചേർന്ന വൈസ് പ്രസിഡന്റിനെ ചർച്ച് സീനിയർ പാസ്റ്റർ ജെഫ്രസ് പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. സെക്രട്ടറി കാർസൻ സ്വാതന്ത്ര്യ ആഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ചു. മാസ്ക്ക് ധരിച്ചു എത്തിച്ചേർന്ന പെൻസ് പ്രസംഗ പീഠത്തിൽ എത്തിയതോടെ മാസ്ക്ക് നീക്കി. 14000 പേർക്കിരിക്കാവുന്ന ചർച്ചിൽ 3000 ത്തിനു താഴെ ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. നൂറു പേരടങ്ങുന്ന ഗായക സംഘം മാസ്ക്ക് ധരിക്കാതെ ഗാനങ്ങൾ ആലപിച്ചത് വിമർശനങ്ങൾക്കിടവരുത്തി.
അമേരിക്കയെ ഒന്നിച്ചു നിർത്തുന്ന മഹത്തായ മൂല്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരണമെന്നും, ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയാൽ മാത്രമേ നാം സ്വതന്ത്രരാകൂ എന്നും പെൻസ് ഓർമ്മപ്പെടുത്തി. സ്വാതന്ത്ര്യം നമ്മുടെ ജന്മവകാശമാണ് അത് നിഷേധിക്കുവാൻ ആർക്കും കഴിയുകയില്ലെന്ന് പെൻസ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ കോവിഡ് 19 നെതിരായ പ്രവർത്തനങ്ങളെ മൈക്ക് പെൻസ് പ്രത്യേകം അഭിനന്ദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക