Image

ബ്രിട്ടനില്‍ രണ്ടാം രോഗവ്യാപന സാധ്യത ഏറെയാണെന്നു വിദഗ്ധര്‍, ഇന്നലെ 36 മരണം

Published on 29 June, 2020
ബ്രിട്ടനില്‍ രണ്ടാം രോഗവ്യാപന സാധ്യത ഏറെയാണെന്നു വിദഗ്ധര്‍, ഇന്നലെ 36 മരണം
ലണ്ടന്‍ : കോവിഡ് ഏറെക്കുറെ നിയന്ത്രണവിധേയമായ ബ്രിട്ടനില്‍ രണ്ടാം രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയാണെന്നു വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യം തികച്ചും സന്നിഗ്ധമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രിയും ഹോം സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുകയാണ്. സ്ട്രീറ്റ് പാര്‍ട്ടികളും ബീച്ചുകളിലെ അനിയന്ത്രിതമായ ആഘോഷവും പ്രതിഷേധ പ്രകടനങ്ങളും പാടില്ലെന്നും ഇത് വീണ്ടും രോഗബാധയുണ്ടാക്കുമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ മുന്നറിയിപ്പു നല്‍കി.

2494 കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ലെസ്റ്റര്‍ സിറ്റിയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. പ്രാദേശിക ഭരണകൂടങ്ങളുമായി ആലോചിച്ച് തിങ്കളാഴ്ചയോടെ ഇക്കായര്യത്തില്‍ തീരുമാനം ഉണ്ടാകും. നൂറു കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന നഗരമാണ് ലസ്റ്റര്‍.

ബ്രിട്ടനില്‍ ഇന്നലെ 36 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 43,550 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസവും സ്‌കോട്ട്‌ലന്‍ഡില്‍ കോവിഡ് മരണങ്ങളില്ല.

 പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാനായിട്ടില്ലെന്നാണ് സര്‍വേഫലം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലേബര്‍ നേതാവ് സര്‍ കെയ്ര്‍ സ്റ്റാമറിന് ബോറിസിനെക്കാള്‍ മികച്ച പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്നാണ് ബ്രിട്ടനിലെ ജനങ്ങള്‍ കരുതുന്നതെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. പോളിങ് കമ്പനിയായ ഒപ്പീനിയം നടത്തിയ സര്‍വേയില്‍ 37 ശതമാനം പേര്‍ സ്റ്റാമറിന് മികച്ച പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. 35 ശതമാനം മാത്രമാണ് ബോറിസിനെ മികച്ച പ്രധാനമന്ത്രിയായി കാണുന്നത്.

ബ്രിട്ടനിലെ തൊഴിലില്ലായ്മ 1980ലെ മാര്‍ഗരറ്റ് താച്ചറുടെ ഭരണകാലത്തേതിനു തുല്യമായി വളരുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് രാജ്യത്ത് 33 ലക്ഷം പേരെ തൊഴില്‍ രഹിതരാക്കുമെന്നാണ് പഠനങ്ങള്‍. സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് ഷാഡോ ബിസിനസ് സെക്രട്ടറിയും മുന്‍ ലേബര്‍ നേതാവുമായി എഡ് മിലിബാന്‍ഡിന്റെ വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക