Image

മുഖം നഷ്ടപ്പെട്ടവർ (കഥ: രമണി അമ്മാൾ)

Published on 29 June, 2020
മുഖം നഷ്ടപ്പെട്ടവർ (കഥ: രമണി അമ്മാൾ)


ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ  പാസ്സാവുന്ന മുറയ്ക്കേ അടുത്ത  പ്രൊമോഷൻ കിട്ടൂ..  ലോവറും ഹയറുമായി 13പേപ്പറുകളുണ്ട്...
.ഒന്നിച്ചങ്ങെഴുതിയേക്കാം... 
റഫറൻസിനു വേണ്ടുന്ന  പുസ്തകങ്ങളിൽ ഒന്നൊഴിച്ചു ബാക്കിയുളളതെല്ലാം
റിക്കാർഡ്സ് സെക്ഷനിൽ ഉണ്ടെന്നറിഞ്ഞു..
ഇല്ലാത്ത  പുസ്തകം  ഔട്ട് ഓഫ് പ്രിന്റാണ്....എങ്ങും വാങ്ങാൻ കിട്ടുന്നതല്ലത്രേ..!

പുസ്തകം നോക്കി ഉത്തരമെഴുതാവുന്ന ടെസ്റ്റ്പേപ്പർ,  നോട്സോ ഗൈഡോ നോക്കി എഴുതാനനുവദിക്കില്ല....

ഗണപതി സാറാ പറഞ്ഞതു, "ഡിവിഷനോഫീസിലെ എഞ്ചിനീയർ വരദരാജൻ സാറിന്  പഴയതും പുതിയതുമായ അനേകം 
പുസ്തകങ്ങളുടെ ശേഖരമുണ്ടെന്ന്...  
ഈ  പുസ്തകം ചിലപ്പോൾ അദ്ധേഹത്തിന്റെ കൈവശം കണ്ടേക്കുമെന്ന്....

"മറ്റാരെങ്കിലും അതു ചെന്നു വാങ്ങുന്നതിനുമുന്നേ ഇയാളു ചെന്നതു വാങ്ങ്..."
ഗണപതി സാർ  സെക്ഷൻ സൂപ്രണ്ടാണ്..
എന്നോട് പിതൃ സവിശേഷമായ വാത്സല്യവും സ്നേഹമുണ്ട്...എന്റെ അതേ പ്രായമുളള ഒരു മകൾ അദ്ദേഹത്തിനുണ്ട്..പേരും എന്റെ പേരുതന്നെ....
ഗായത്രി...!

ഓഫീസിലേക്കു കയറുന്ന പ്രധാന  വാതിലിന്റെ എതിർ വശത്താണ് എനിക്കുളള  സീറ്റ്..
തൊട്ടു മുകളിലത്തെ നിലയിൽ ഡിവിഷൻ ഓഫീസ് പ്രവർത്തിക്കുന്നു..
അങ്ങോട്ടേക്കുളള സ്റ്റെപ്പുകൾ  കയറിപ്പോകുന്നവരേയും ഇറങ്ങി വരുന്നവരേയും എന്റെ സീറ്റിലിരുന്നാൽ കാണാം..
വരദരാജൻ സാറിനെ മിക്കപ്പോഴും കാണാറുണ്ട്... ഇടവും വലവും നോക്കാതെ, കുനിഞ്ഞ്,  പടികളുടെ എണ്ണമെടുത്തു കയറിപ്പോകുന്നയാൾ.. 
കാഴ്ചയിൽ എന്തൊക്കെയോ  പ്രത്യേകതകൾ തോന്നിക്കുന്ന മനുഷ്യൻ...
ഒരു ഗസറ്റഡ് റാങ്കിലുളള ഉയർന്ന ഉദ്യോഗസ്ഥനാണെന്നു തോന്നിക്കുകയേയില്ല..
കഴുത്തുവരെ  സ്പ്രിംഗുപോലെ
ചുരുണ്ടു കിടക്കുന്ന തലമുടി...
ഇറക്കം കുറഞ്ഞ അയഞ്ഞ പാന്റ്സ്.. 
മുറിക്കയ്യൻ ഷർട്ട്..
ഷേവ്ചെയ്ത്  ക്ളീനാക്കിയ മീശയില്ലാത്ത മുഖം...
നിണ്ടു വളഞ്ഞമൂക്ക്,  നെറ്റിയിലൊരു ചന്ദനപ്പൊട്ടും.. ഒരു നർത്തകനെന്നു തോന്നിപ്പിക്കുന്ന ഭാവചേഷ്ടകൾ..
അൻപതിനടുത്ത പ്രായം വരും..
നെയിം  ബോർഡിൽ തിക്കിത്തിരക്കി ബിരുദങ്ങളേറെയുണ്ട്.  
ബുദ്ധികൂടിപ്പോയതിന്റെ പെരുമാറ്റ വൈകല്യമായിരിക്കുമോ..?
 
അദ്ദേഹത്തെക്കുറിച്ച് ആരും ഒരഭിപ്രായവും പറഞ്ഞിതുവരെ ഞാൻ  കേട്ടിട്ടില്ല..

ജോലിക്കു  ജോയിൻ ചെയ്യേണ്ടതു ഡിവിഷനിലായിരുന്നു. 
.റീ പോസ്റ്റിംഗിൽ  ദൂരെയെങ്ങും വിടാതെ തൊട്ടു താഴെയുളള സബ് ഓഫീസിലേക്ക് സമ്മർദ്ദം ചെലുത്തി പോസ്റ്റിങ്ങു വാങ്ങി..
വീട്ടിൽ നിന്നും പോയിവരാനുളള സൗകര്യത്തിന്... ട്രാൻസ്പോർട്ടു  സ്റ്റാന്റിലേക്കു നടക്കാൻ വെറും അഞ്ചു മിനിറ്റു ദൂരമേയുള്ളൂ...

ആകെ രണ്ടോ മൂന്നോ   തവണയേ..പിന്നീട് ആ സ്റ്റെപ്പ്  കയറി മുകളിലേക്കു എനിക്കു   പോകേണ്ടി വന്നിട്ടുളളു...

ആൾ അകത്തുണ്ട്...
കോറിഡോറിനു മുന്നിൽ ഒരു നിമിഷം ശങ്കിച്ചു നിന്നു.. 

"അകത്തേക്കു വന്നോളൂ."..
അല്പം സ്ത്രൈണത തോന്നിപ്പിക്കുന്ന ശബ്ദം...

"താഴത്തെ സെക്ഷനിലെ  കുട്ടിയല്ലേ.
എന്താ കാര്യം..?" 

.."സർ,  ..ഞാൻ  ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിന് അപേക്ഷ അയച്ചിട്ടുണ്ട്... 
ഒരു പുസ്തകമൊഴിച്ചു ബാക്കിയുളളതെല്ലാം താഴെ ഉണ്ടായിരുന്നു..
പി..ഡബ്ല്യു ഡി കോഡ്
സാറിന്റെ കൈവശം  കണ്ടേക്കുമെന്ന് ഗണപതി സാർ പറഞ്ഞു.."

"ഓഹോ..ഗണപതി അങ്ങനെ പറഞ്ഞോ?

പുസ്തകം വാങ്ങിച്ചു കൊണ്ടുപോകുന്നവർ
അവരുടെ ആവശ്യം കഴിഞ്ഞു  മറ്റു പലർക്കും കൊടുക്കും...
പലരിലൂടെ കൈമറിഞ്ഞ് 
പേജുകളും കീറിയെടുത്ത്,, പുറംചട്ടയുമിളകിയ പരുവത്തിലാണ് മാസങ്ങൾക്കു ശേഷം തിരികെത്തരാറ്.. "
ഞാനിപ്പോൾ എന്റെ പുസ്തകങ്ങൾ ആർക്കുമങ്ങനെ  കൊടുക്കാറില്ല...."

ഈ പുസ്തകം എന്റെ ലൈബ്രറിയിൽ ഉണ്ട്..
ഒരുവട്ടത്തേക്കു മാത്രം അതു തരാം... എന്നുവച്ചാൽ ആദ്യ എഴുത്തിൽത്തന്നെ പാസായിക്കൊളളണമെന്ന്. ഏറ്റോ...?
ഒരുപാടു പഴക്കമുളള പുസ്തകമാണ്...സൂക്ഷിച്ചേ പേജുകൾപോലും മറിക്കാവൂ.."

"ശരി സാർ"

ടെസ്റ്റെഴുതാൻ വേണ്ട എല്ലാം പുസ്തകങ്ങളും എനിക്കായല്ലോ...
എല്ലാ  പേപ്പറുകളും ഒറ്റയടിക്കു പാസ്സായാൽ ഒരു ഗമ തന്നെയാണ്.. 

എം.എസ്സി.  റാങ്ക് ഹോൾഡർ  "സാലിഹാമ്മ" ഇതും കൂട്ടി അഞ്ചാമത്തെ പ്രാവശ്യമാണ്  K.S.R എഴുതാൻ പോകുന്നത്...!

അടുത്ത ദിവസം വരദരാജൻ സാർ സ്റ്റെപ്പുകൾ കയറിപ്പോകുമ്പോൾ
ഞാനിരിക്കുന്നിടത്തേക്ക് ഒന്നു പാളിനോക്കി ചിരിച്ചു.
പുസ്തകം കൊണ്ടുവന്നിട്ടുണ്ടെന്ന സൂചനയാവും...

അത്യാവശ്യം ഫയലുകൾ നോക്കിത്തീർത്ത ശേഷം
സീറ്റിൽ നിന്നെഴുന്നേറ്റു...

എന്റെ പകുതി ശരീരം കോറിഡോറിനു വെളിയിൽ കണ്ടതും..
കാത്തിരുന്നതുപോലെ
അദ്ധേഹം പറഞ്ഞു. 
"കയറി വരൂ..."
മുന്നിലെ കസേര ചൂണ്ടി ആംഗ്യം  "ഇരിക്കൂ ..."
ഒരു സീനിയർ ഓഫീസറുടെ മുന്നിൽ, തന്റെ അച്ഛനേക്കാൾ പ്രായം മതിക്കുന്ന ആളിന്റെ മുന്നിൽ  ഇരിക്കുവാനൊരു സങ്കോചം... 

"ഗായത്രിയുടെ
നാടും, വീടുമൊക്ക  എവിടെയാണ്.?
വീട്ടിലാരൊക്കെയുണ്ട്...?."

വിവരശേഖരണങ്ങൾക്കിടയിൽ മേശവലിപ്പിൽ നിന്നും  
ഭംഗിയായി പൊതിഞ്ഞു വച്ച പുസ്തകം അദ്ദേഹമെടുത്തു നീട്ടി.. 
അതു വാങ്ങുമ്പോൾ എന്റെ കയ്യിൽ അദ്ദേഹത്തിന്റെ മെലിഞ്ഞ കൈവിരലുകളുടെ തണുത്ത സ്പർശം വല്ലാതങ്ങമർന്നതുപോലെ....

"സർ...വലിയ ഉപകാരം"
"ഇറ്റ്സ് ഓക്കെ..."
ആ മുഖത്തൊരു കളളലക്ഷണമില്ലേ..
കണ്ണുകളിൽ എനിക്കപരിചിതമായ മറ്റെന്തോ ഭാവങ്ങൾ.. 
വിവരശേഖരണം നടത്തുമ്പോൾ, 
എന്നെ  അംഗപ്രത്യംഗം ഉഴിയുകയായിരുന്നില്ലേ ആ ഇടുമ്പിച്ച കണ്ണുകൾ..
എന്റെ 
തോന്നലായിരിക്കും..

ഉച്ചക്ക് മുമ്പേ  നോക്കിത്തീരേണ്ട  ഫയലുകൾ  മേശപ്പുറത്തിരിക്കുന്നു... പുസ്തകം അലമാരയ്ക്കുളളിലെ വാനിറ്റി  ബാഗിനുളളിലേക്കു തിരുകി
ജോലിയിൽ മുഴുകി..
.
ലഞ്ച് ബ്രെയ്ക്കിന്റെ സമയത്ത്, വർഷങ്ങൾക്കു മുമ്പ് പ്രിന്റിംഗ് നിറുത്തി വച്ച,
പറത്തൊരിടത്തും വാങ്ങാൻ കിട്ടാനില്ലാത്ത ആ പുസ്തകത്തിന്റെ  പൊതിയിളക്കി..
ബൈന്റു ചെയ്തിട്ടുണ്ട്.....
പെട്ടെന്നാണ്
താളുകൾക്കിടയിൽ അല്പം തളളിയിരിക്കുന്ന  കടലാസുകൾ   ശ്രദ്ധയിൽപ്പെട്ടത്..
തുറന്നു...
ഒന്നേ നോക്കിയുളളു. 
ആണും പെണ്ണും നഗ്നരായി ഇരുന്നും കിടന്നുമൊക്കെയുളള   അശ്ളീലഫോട്ടോകൾ.. 
ഒരു ഞെട്ടലാണുളവായത്...
പൊതിഞ്ഞു ഭദ്രമായി എന്റെ കയ്യിൽവച്ചു തന്ന പുസ്തകത്തിനുളളിൽ അശ്ളീല ഫോട്ടോകൾ...
മനപ്പൂർവ്വം തിരുകിവച്ചതല്ലേയിത്...എനിക്കു കാണുവാനായി...
എന്തു വൃത്തികെട്ട പ്രവർത്തിയാണിത്...?
തിരികെ കൊണ്ടുപോയി
മുന്നിലേക്കിട്ടു കൊടുത്തിട്ടു പോന്നാലോ...?

വെപ്രാളത്തിനിടയിൽ പുസ്തകം പഴയപടിതന്നെ  പൊതിഞ്ഞു തിരികെ വച്ചു....
ഞാനതു 
തുറന്നുനോക്കിയതായി 
തോന്നിക്കരുത്.

അസ്വസ്ഥമായ മനസ്സോടെ ഒന്നു 
കണ്ണടച്ചിരിക്കുമ്പോൾ
ആരോ തിടുക്കത്തിൽ സ്റ്റെപ്പുകൾ  ചാടിയിറങ്ങി വരുന്ന ശബ്ദം...
വരദരാജൻ സാർ, നേരെ തന്റെ അടുത്തേക്കു വരുന്നു...
"എന്താണു  സാർ." 
ഞാൻ  ഭവ്യതയോടെ എഴുന്നേറ്റു ....
"ആ പുസ്തകത്തിനുളളിൽ വല്ല പേപ്പറുകളും  അറിയാതെ പെട്ടുപോയോന്നൊരു  സംശയം..
എന്റെ മേശപ്പുറത്തിരുന്ന ഒരു ഫയലിലെ ഒന്നുരണ്ടു പേപ്പറുകൾ കാണുന്നില്ല.  
പുസ്തകം ഒന്നിങ്ങു തന്നേ, നോക്കട്ടെ.."

ഒന്നും മനസിലാവാത്തപോലെ, ഒന്നും  അറിയാത്തപോലെ, 
ഷെൽഫിൽ നിന്നും ബാഗെടുത്ത് അദ്ധേഹത്തിന്റെ മുന്നിൽവച്ചു തന്നെ തുറന്നു പുസ്തകപ്പൊതി എടുത്തുകൊടുത്തു....

"സാർ റൂമിൽ കൊണ്ടുപോയി നോക്കിക്കോളൂ...
ഞാൻ അവിടെ വന്നു തിരികെ  വാങ്ങിച്ചോണ്ടു പോന്നോളാം.."

ഒന്നും സംഭവിച്ചിട്ടില്ല..
ആഗ്രഹിച്ചതു പോലെ  നടന്നില്ല....
ഇളിഭ്യത ആ മുഖത്ത് 
പ്രകടമായിരുന്നോ? ..
അറിയാത്ത ഭാവേന,  അറിഞ്ഞുകൊണ്ട് ചെയ്ത വൃത്തികെട്ട പ്രവർത്തി...
ഞാൻ കണ്ടോട്ടെയെന്നു കരുതി അയാൾ വച്ച അശ്ളീലചിത്രങ്ങൾ ഞാൻ കണ്ടിട്ടില്ലായെന്ന്...
അയാളെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് പുസ്തകം അപ്പോൾ തന്നെ  കൊടുത്തുവിട്ടതും, തിരികെ വാങ്ങാൻ ചെല്ലുമെന്നു പറഞ്ഞതും...

ഇനി ആ പുസ്തകം എനിക്കു വേണ്ട..
ഗണപതി സാർ രണ്ടു ദിവസം ലീവായിരുന്നതു ഭാഗ്യം...
പുസ്തകം കയ്യിൽ വന്നുചേർന്നതും വന്നവഴിയേ തിരിച്ചു പോയതും എനിക്കു മാത്രമറിയാവുന്ന രഹസ്യം...

വരദരാജൻ സാറിന്റെ പൊയ്മുഖം ഞാനായിട്ടു വലിച്ചു കീറുന്നില്ല..
ഗണപതി സാറിനോടിതു പറയാൻ കഴിയില്ല..
ഒരു ആഭാസനാണ് എഞ്ചിനീയർ വരദരാജൻ സാറിന്റെ  മുഖംമൂടിക്കുളളിലെന്ന്...
പെൺകുട്ടികളെ അശ്ളീലചിത്രങ്ങൾ കാട്ടി സ്വയം ആസ്വദിക്കുകയും അവരെ പ്രലോഭിപ്പിക്കാൻ ശ്രമിക്കയും ചെയ്യുന്ന  മാനസികരോഗിയാണയാളെന്ന്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക