Image

സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

Published on 29 June, 2020
സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍
കൊച്ചി: യു.എസ്. കമ്പനി സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. വിവരങ്ങളുടെയും വിശകലനത്തിന്റെയും ഉടമസ്ഥാവകാശം സര്‍ക്കാറിന്റെ പക്കലായെങ്കിലും സോഫ്റ്റ്‌വെയര്‍ ലഭ്യതയുടെ കാര്യത്തില്‍ സ്പ്രിന്‍ക്ലറുമായുള്ള കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ല.  സ്പ്രിന്‍ക്ലര്‍ ശേഖരിച്ച മുഴുവന്‍ വിവരങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയതായും തിങ്കളാഴ്ച കേസ് പരിഗണിക്കവേ സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് രോഗബാധിതരുടെയും നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെയും വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

തിങ്കളാഴ്ച ഹരജി പരിഗണിക്കവേ, കരാര്‍ പിന്‍വലിച്ചതല്ലേയെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഈ സമയത്താണ് കരാര്‍ പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സോഫ്റ്റ്‌വെയറുമായുള്ള ബന്ധം ഇപ്പോഴുമുണ്ട്. ശേഖരിക്കുന്ന വിവരങ്ങളുടെ പൂര്‍ണനിയന്ത്രണം സര്‍ക്കാറിന് കീഴിലുള്ള സി-ഡിറ്റിനാണ്. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വേഗം തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാറിനു വേണ്ടി മുംബൈയില്‍നിന്നുള്ള സൈബര്‍ നിയമവിദഗ്ധ എന്‍.എസ്. നാപ്പിനൈ നേരിട്ട് ഹാജരായ പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യമുന്നയിച്ചത്. ഹൈകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇവര്‍ ഹാജരായത്.

സര്‍ക്കാറിന്റെ വിശദീകരണത്തിന് മറുപടി നല്‍കുന്നതിനടക്കം കൂടുതല്‍ സമയം അനുവദിക്കണമെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യംകൂടി പരിഗണിച്ച കോടതി ഹരജി ഒരു മാസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക