Image

വീണ്ടും മഴ (കവിത:സുധീര്‍ പണിക്കവീട്ടില്‍)

Published on 30 May, 2012
വീണ്ടും മഴ (കവിത:സുധീര്‍ പണിക്കവീട്ടില്‍)
വൃശ്‌ചികക്കാറ്റില്‍ കന്യാമേഘങ്ങളുടുക്കുന്ന
ദാവുണി മൂളിപ്പാട്ടും പാടിക്കൊണ്ടുലയവേ
തുലാവര്‍ഷ നീര്‍ത്തുള്ളികള്‍ വറ്റാതെ കിടന്നൊരു
മാനത്ത്‌ മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ തെളിയവെ
കമ്പിളി തുന്നുമിളം വെയിലിന്‍ പട്ടും ചുറ്റി
പകലിന്‍ മുഖത്തേതോ വിസ്‌മയം പരക്കവേ
മൗനമാം നിമിഷങ്ങള്‍ ഉറക്കം തൂങ്ങും-നീല
വാനത്തിന്‍ നിഴല്‍ പറ്റി ആലസ്യം ശയിക്കവെ
സ്വര്‍ഗ്ഗമൊരല്‍പ്പം മാത്ര ഭൂമിയില്‍ തങ്ങാനായി-
ട്ടാദ്യത്തെ ചുവടു വച്ചടുക്കാന്‍ തുടങ്ങവേ
ഭൂമിതന്‍ നിശ്വാസത്തിന്‍ മുഗ്‌ദ്ധ ഭാവങ്ങള്‍ മാറി
ആവിലമായി മേഘപാളികളോരോന്നായി
ബാഷ്‌പബിന്ദുക്കള്‍ വഹിച്ചെത്തിയ കാറും കോളും
ദാവുണി തുമ്പൊന്നുലച്ചുറക്കെ ഗര്‍ജ്‌ജിച്ചുപോയ്‌
നാണത്താല്‍ മേഘാംഗനമാരപ്പോള്‍-കരം
രണ്ടും മാറോടടുപ്പിച്ച്‌ മറയാന്‍ തുടങ്ങവേ
കെട്ടഴിഞ്ഞൂര്‍ന്നു മുടിക്കെട്ടപ്പോള്‍ നിതംബത്തില്‍
മാരിക്കാര്‍ വീണ്ടും മാനം കവര്‍ന്നു, കറുപ്പിച്ചു
ഇറ്റിറ്റു നീര്‍ത്തുള്ളികള്‍ തുവര്‍ത്തും മുമ്പേ
കോതിയൊതുക്കി മിനുക്കിയ വാര്‍മുടിക്കെട്ടില്‍ നിന്നും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക