Image

ബ്രിട്ടനില്‍ ദിനംപ്രതി തൊഴില്‍ ആയിരക്കണക്കിന് പേര്‍ക്ക് നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്

Published on 02 July, 2020
ബ്രിട്ടനില്‍ ദിനംപ്രതി തൊഴില്‍ ആയിരക്കണക്കിന് പേര്‍ക്ക് നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്
ലണ്ടന്‍:ബ്രിട്ടനില്‍  ഓരോ ദിവസവും തൊഴില്‍ നഷ്ടങ്ങളുടെ എണ്ണം കൂടിവരികയാണ്. ആയിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വന്‍കിട കമ്പനികളും ദിവസവും പുറത്തുവിടുന്നത്. ഓരോ വാര്‍ത്തയിലും പൊലിയുന്നത് ആ തൊഴിലിനെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ നിലനില്‍പാണ്. കോവിഡ് വിതച്ച മരണത്തിന്റെ ദുരന്തേക്കാള്‍ വലുതായിരിക്കും തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

ലോകത്തിലെ ഏറ്റവും വലിയ വിമാനനിര്‍മാണ കമ്പനിയായ എയര്‍ബസ് 15,000 ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. ജര്‍മനിയില്‍ 5100 പേര്‍ക്കും ഫ്രാന്‍സില്‍ 5000 പേര്‍ക്കും, ബ്രിട്ടണില്‍ 1,700 പേര്‍ക്കും, സ്‌പെയിനില്‍ 900 പേര്‍ക്കും മറ്റു രാജ്യങ്ങളില്‍ 1,300 പേര്‍ക്കുമാകും തൊഴില്‍ നഷ്ടമാകുക. ലോകമെമ്പാടുമായി 1,34,000 ജീവനക്കാര്‍ ജോലിചെയ്യുന്ന കമ്പനിയാണ് എയര്‍ബസ്. മാസം തോറും 40 എയര്‍ബസ് എ320 വിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഉല്‍പന്നങ്ങളെല്ലാം മൂന്നുമാസമായി വില്‍പനയില്ലാത്ത അവസ്ഥയിലാണ്.

ഇതിനു പുറമേ ബ്രിട്ടണില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 11,000 ജോലികളാണ് വിവിധ കമ്പനികള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഈസി ജെറ്റ് 1300 ജീവനക്കാരെയും 727 പൈലറ്റുമാരെയും കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇവരുടെ ബ്രിട്ടണിലെ മൂന്ന് എയര്‍ബേസുകള്‍ അടച്ചുപൂട്ടാനാണ് ആലോചന. ജെറ്റ് 2 എയര്‍വേസ്, വെര്‍ജിന്‍ എയര്‍ലൈന്‍, റയണ്‍ എയര്‍, ബ്രിട്ടീഷ് എയര്‍വേസ്, തുടങ്ങിയ വിമാനക്കമ്പനികള്‍ നേരത്തെ തന്നെ പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും വന്‍തോതില്‍ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക