Image

“പൊതിച്ചോറ്” (ശങ്കര്‍, ഒറ്റപ്പാലം)

Published on 02 July, 2020
“പൊതിച്ചോറ്” (ശങ്കര്‍, ഒറ്റപ്പാലം)
പള്ളിക്കൂടംവീടിനടുത്താകുമ്പോള്‍
ഉച്ചയൂണിന് ചോറുകൊണ്ടുപോകേണ്ട
വീട്ടില്‍വന്നൂണുകഴിച്ചുതിരിക്കാം
ദൂരത്തൂന്നുവരുന്ന സതീര്‍ത്ഥ്യര്‍കൂടെകൂട്ടി

ചോറുംകറിയും നിറച്ചൊരുതൂക്കുപാത്രം
അവരതുതനിയെയും പങ്കുവെച്ചുംകഴിച്ചു
പുസ്തകങ്ങള്‍തന്നെ എല്ലാംതികയാത്ത

അഷ്ടിക്കു പോലുംവകയില്ലാത്ത, വസ്ത്രങ്ങള്‍ തികച്ചില്ലാത്ത
കൊച്ചുകുടിലുകളില്‍ നിന്നുവരുന്നവരുമുണ്ട്
അവര്‍ വരുമ്പോള്‍ കയ്യില്‍ചോറ്റുപാത്രവുംകാണാറില്ല
വരുന്നവരെല്ലാം വിദ്യഅഭ്യസിക്കാനുള്ളവര്‍
ഉച്ചക്ക് വയര്‍ നിറയ്ക്കാനവര്‍വെള്ളംകുറെകുടിക്കും

മറ്റാരുമറിയാതിരിക്കാനുമവര്‍ ശ്രമിക്കും.
ഞാന്‍ ഉച്ചയൂണ്‌വീട്ടില്‍വന്നുകഴിച്ചും പോന്നു.
അവിടെയുള്ളഏഴാംതരവുംകഴിഞ്ഞു പിന്നെ
ദൂരെവലിയസ്കൂളിലേക്കുള്ളമാറ്റമായ്‌വന്നു

ദൂരവുംകുറച്ചുകൂടുതലുണ്ട്, ബസ്സുയാത്രയുംവേണം
കൂടെ ഉച്ചഭക്ഷണവുംകയ്യില്‍കൊണ്ടുപോകേണം
അതൊരു പുത്തന്‍ അനുഭവമായ്, ഉത്സാഹവുമായി
പക്ഷെ പാത്രംചുമക്കുന്നതത്ര സുഖകരമല്ലതാനും

അങ്ങിനെ അമ്മയതു “പൊതിച്ചോറാക്കി”തന്നുതുടങ്ങി
പിന്നെ മൂന്നാണ്ടുകളങ്ങിനെയമ്മയൊരുക്കി തന്നുമുറപോലെ
പൊതിച്ചോറിന്‍ പല രുചികളറിഞ്ഞുരസിച്ചു, പഠിച്ചു,
ദിനവുംതൊടിയിലെവാഴകളൊന്നിലെഇലയുംവെട്ടി പിന്നെ-

അമ്മയതിനെ വൃത്തിയില്‍കഴുകിതുടച്ചുതീയില്‍വാട്ടിയെടുക്കും
അമ്മ തന്‍ സ്‌നേഹം പുരണ്ടൊരിലയില്‍ പിന്നെ ചൂടുള്ള-
ചോറുംകറിയുംകലര്‍ത്തിയതു പരത്തി വിളമ്പും
ഒരുവശത്തായിഉപ്പിലിട്ടതോ, കൊണ്ടാട്ടമമുളകുണ്ടാകാം

കാന്താരിമുളകുവറുത്തതോ, നാരങ്ങാഅച്ചാറുണ്ടാകാം
ഓരോ ദിനവും പൊതിച്ചോറു തുറക്കുമ്പോള്‍ അറിയാം
ഉയരും പലവിധ രുചിഗന്ധങ്ങള്‍..നാരങ്ങ, വറുത്ത കാന്താരി
പച്ചടി, കിച്ചടി, ഇഞ്ചിത്തൈരും, തക്കാളിക്കറി, മൊളകൂഷ്യവും

കുശാലമായിട്ടങ്ങിനെ നീങ്ങി...പത്താം തരവുംകടന്നുകിട്ടി
അവിടെതീര്‍ന്നതുരണ്ടുകാലഘട്ടം...പളളിക്കൂടവും, പൊതിച്ചോറും

ശങ്കര്‍, ഒറ്റപ്പാലം
ksnottapalam@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക