Image

കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, രണ്ടുപേര്‍ പിടിയില്‍

Published on 05 July, 2020
കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, രണ്ടുപേര്‍ പിടിയില്‍
ചിറ്റാരിപ്പറമ്പ്: തൊടീക്കളം യു.ടി.സി. കോളനിക്ക് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ യുവാവിനെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തൊടീക്കളം അമ്പലത്തിനുസമീപം പുതുശ്ശേരി നിവാസില്‍ രാഗേഷാ(38)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൊടീക്കളം യു.ടി.സി. കോളനിയിലെ രണ്ട് യുവാക്കളെ കണ്ണവം സി.ഐ. കെ.സുധീര്‍ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്യുകയാണ്. കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രി യു.ടി.സി. കോളനിയിലെത്തിയ രാഗേഷും കോളനിയിലെ യുവാക്കളും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. കോളനിയിലെ ഒരു ആടിനെ രാഗേഷ് കടത്തിക്കൊണ്ടുപോയെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് കോളനിയിലെ ചിലര്‍ തൊടീക്കളത്തെ ഒരു വീട്ടിലെത്തി രാഗേഷ് ആടിനെ കടത്തിക്കൊണ്ടുപോയതായി കണ്ണവം പോലീസില്‍ ഫോണില്‍ക്കൂടി പരാതി നല്‍കി.

തൊടീക്കളത്ത് എത്തിയ കണ്ണവം പോലീസ് രാഗേഷുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. യു.ടി.സി. കോളനിയില്‍നിന്ന് തൊടീക്കളം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് വരുന്ന റോഡരികിലെ റബ്ബര്‍ തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഇയാളെ കൈക്കും കാലിലും വെട്ടേറ്റ് രക്തംവാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. കണ്ണവം പോലീസ് സ്ഥലത്തെത്തി ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി കൂത്തുപറമ്പില്‍വെച്ചാണ് മരിച്ചത്. പ്രതികളുടെ പേര് രാഗേഷ് പോലീസിനോട് പറഞ്ഞെന്നാണ് സൂചന.

ബാലസംഘത്തിന്റെയും എസ്.എഫ്.ഐ.യുടെയും മുന്‍ ഏരിയാ കമ്മിറ്റിയംഗമാണ് രാഗേഷ്. യു.ടി.സി. കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായ കരിങ്കല്‍ ക്വാറിക്കെതിരേ ഇയാള്‍ സമരം നടത്തുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

തൊടീക്കളത്തെ പരേതനായ പുതുശ്ശേരി രാഘവന്റെയും പദ്മിനിയുടെയും മകനാണ് രാഗേഷ്. ഭാര്യ: ഷിജിന. മക്കള്‍: ചന്ദന, അഞ്ജന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക