Image

രോഗബാധ കൂടുന്നു; പലയിടത്തും ബിസിനസുകള്‍ വീണ്ടും അടച്ചു (ഏബ്രഹാം തോമസ്)

Published on 06 July, 2020
രോഗബാധ കൂടുന്നു; പലയിടത്തും ബിസിനസുകള്‍ വീണ്ടും അടച്ചു (ഏബ്രഹാം തോമസ്)
യുഎസില്‍ പ്രതിദിനം 50,000-ല്‍ പരം പേര്‍ക്ക്കോവിഡ് ബാധ കണ്ടെത്തുന്നത്ആശങ്കയായി. ദിനംപ്രതിഈ നിരക്ക് വര്‍ധിക്കുകയാണ്. 1,30,000 പേര്‍ ഇതിനകം മരിച്ചു. രോഗബാധിതരായവര്‍ 28 ലക്ഷത്തില്‍ അധികമാണ്.

ഫ്‌ലോറിഡയും ടെക്‌സസും തങ്ങളുടെ ഇതുവരെയുള്ള കേസുകളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യ റിപ്പോര്‍ട്ടു ചെയ്തു. ഫ്‌ലോറിഡയില്‍ ശനിയാഴ്ച 11,443 ഉം ഞായറാഴ്ച 9,999 ഉം, ടെക്‌സസില്‍ ശനിയാഴ്ച 8,258 ഉം ഞായറാഴ്ച 3,449 ഉം അരിസോണയില്‍ 3,536 ഉം കാലിഫോര്‍ണിയയില്‍ 5,410 ഉം പുതിയ കേസുകള്‍ ഞായറാഴ്ച മാത്രവും റിപ്പോര്‍ട്ട് ചെയ്തു.

സൗത്ത് ടെക്‌സസിലെ രണ്ട് ഹോസ്പിറ്റലുകള്‍ നിറഞ്ഞു.

ടെക്‌സസും കലിഫോര്‍ണിയയും അരിസോണയും സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നത് മാറ്റി വയ്ക്കുകയാണെന്ന് അറിയിച്ചു. ഫ്‌ലോറിഡയില്‍ വീണ്ടും തുറക്കുന്നതില്‍ നിന്നു പിന്നോട്ടില്ലെന്നു ഗവര്‍ണര്‍ റോണ്‍ സാന്റിസ് (റിപ്പബ്ലിക്കന്‍) അറിയിച്ചു. ചെറുപ്പക്കാരാണ് രോഗം വ്യാപനംഉയര്‍ത്തുന്നതെന്നും പ്രായമായവരില്‍ രോഗവ്യാപനം ഇല്ലെന്നും സാന്റിസ് പറഞ്ഞു. വീണ്ടും തുറക്കുമ്പോള്‍ രോഗ വ്യാപനം ഇല്ല എന്ന രീതിയില്‍ സോഷ്യലൈസിങ്ങ് നടത്തുന്നതാണ് രോഗം വളരെ വേഗം പടരാന്‍ കാരണം. രോഗ പരിശോധന സാമഗ്രികളുടെ ദൗര്‍ലഭ്യവും മറ്റൊരു കാരണമാണ്.

അരിസോണ വളരെ വേഗം തുറന്നതാണ് രോഗ വ്യാപന കാരണമെന്ന് ഫീനിക്‌സ് മേയര്‍ കേറ്റ് ഗാലഗോ (ഡെമോക്രാറ്റ്) പറഞ്ഞു. ടെസ്റ്റിംഗിന് വേണ്ടി ആളുകള്‍ക്ക് പലപ്പോഴും 13 മണിക്കൂര്‍ ക്യൂവില്‍ കാത്തു നില്‍ക്കേണ്ടി വന്നു. വളരെ വൈകി സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും വളരെ പെട്ടെന്ന് ഇതു പിന്‍വലിക്കുകയും ചെയ്ത സംസ്ഥാനമാണ് അരിസോണ. അരിസോണയില്‍ രോഗ വ്യാപനം വര്‍ധിക്കുന്നതിനാല്‍ മെക്‌സിക്കോ അധികൃതര്‍ ഇവിടെ നിന്ന് അതിര്‍ത്തി കടക്കുന്നത് നിരോധിച്ചു. വാരാന്ത്യത്തില്‍ ബീച്ചുകളിലേക്കെത്തുന്നവരുടെ യാത്രയും തടഞ്ഞു.

വെള്ളിയാഴ്ച 54,000 പുതിയ കേസുകളുമായി യുഎസ് പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചു. ശനിയാഴ്ചയും 50,000 ല്‍ അധികം കേസുകള്‍ ഉണ്ടായതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് ചെയ്തു. യുഎസിലെ 28 ലക്ഷം കേസുകള്‍ ലോകത്തിലെ മൊത്തം കേസുകളുടെ നാലിലൊന്നിനടുത്ത് വരും. ശനിയാഴ്ച വരെ ഫ്‌ലോറിഡയിലെ ആകെ രോഗബാധിതര്‍ 1,90,000 ആയിരുന്നു.

ടെക്‌സസില്‍ ജൂണ്‍ മദ്ധ്യത്തിനു ശേഷം ദിവസവും ആശുപത്രിയിലാകുന്നവരുടെ സംഖ്യ വര്‍ധിച്ചുവരികയാണ്. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 2,595 മരണം ഉള്‍പ്പടെ ടെക്‌സസില്‍ ഇതുവരെ 7,890 മരണം ഉണ്ടായി.

ജൂലൈ 4 വാരാന്ത്യത്തില്‍പിക്‌നിക്കും സ്വിമ്മിംഗും ബാക്ക് യാര്‍ഡ് പാര്‍ട്ടികളും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പരേഡും ഫയര്‍ വര്‍ക്‌സും വീക്ഷിക്കുന്ന ഒരു ജനതയ്ക്കു മുന്നില്‍ മുന്നറിയിപ്പുകള്‍ക്ക് വലിയ വിലയുണ്ടായില്ല. ആഘോഷങ്ങള്‍ക്കുശേഷം യഥാര്‍ത്ഥ ലോകത്തില്‍ മടങ്ങിയെത്തുമ്പോള്‍ ആനന്ദത്തിന് വലിയ വില നല്‍കേണ്ടി വരുന്നു.

ചില സമൂഹങ്ങള്‍ ആഘോഷങ്ങള്‍ റദ്ദു ചെയ്യുകയും മുന്‍ കരുതലുകളെ കുറിച്ച് മറ്റും ബോധവാന്മാരാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഫ്‌ലോറിഡയില്‍ സംസ്ഥാനം ഒട്ടാകെ ബാറുകള്‍ അടഞ്ഞു. പ്രാദേശിക ആകര്‍ഷണ കേന്ദ്രങ്ങളായ മയാമി സൂ, ജംഗിള്‍ ഐലന്‍ഡ് എന്നിവ അടച്ചുപൂട്ടി. സൗത്ത് ഫ്‌ലോറിഡയില്‍ മയാമി ഡേഡ് കൗണ്ടി, ഫ്‌ലോറിഡ കീസ് എന്നി ബീച്ചുകള്‍ വാരാന്ത്യം വരെ അടച്ചു.

ഫ്‌ലോറിഡയിലെ മറ്റ് ബീച്ചുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലെ സെന്റ് പീറ്റ് ബീച്ചില്‍ ശനിയാഴ്ച പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തുവാന്‍ വാഹനം ഉമടകള്‍ക്ക് പ്രയാസമായിരുന്നു. നൂറു കണക്കിനാളുകള്‍ ബീച്ചിലെ മണല്‍പരപ്പില്‍ വലിയ കുടകള്‍ക്കും കബാനകള്‍ക്കും കീഴില്‍ ഒഴിവ് സമയം ആസ്വദിച്ചു.

കലിഫോര്‍ണിയയിലെ ടൂറിസം പ്രധാന കൗണ്ടികളില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ സംസ്ഥാന നിവാസികളെ സംസ്ഥാനത്തിനുള്ളില്‍ തന്നെ ഒഴിവു ദിനം ആഘോഷിക്കുവാന്‍ നിര്‍ബന്ധിച്ചു. പൊതുജന ആരോഗ്യ വിദഗ്ധരും മേയര്‍മാരും ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയുവാന്‍ അഭ്യര്‍ത്ഥിച്ചു. ഹോളിഡേ വീക്കെന്‍ഡ് ആഹ്ലാദത്തിമിര്‍പ്പിന് അന്ത്യം കുറിച്ചാണ് ആരംഭിച്ചത്.

ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം മൂന്നാഴ്ച ബാറുകളും പല ഇന്‍ഡോര്‍ സ്ഥാപനങ്ങളും അടച്ചിടാന്‍ ഓര്‍ഡറിട്ടു. ഈ ഓര്‍ഡര്‍ പ്രാബല്യത്തില്‍ വന്ന കൗണ്ടികളിലാണ് സംസ്ഥാനത്തിലെ നാലില്‍ മൂന്ന് ജനങ്ങളും പാര്‍ക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക