Image

ക്വാറന്റീന്‍ സൗകര്യമില്ലാതെ വീട്ടമ്മ എയര്‍പോര്‍ട്ടില്‍ വലഞ്ഞ സംഭവം: നടപടി വേണമെന്ന് ബന്ധുക്കള്‍

Published on 06 July, 2020
ക്വാറന്റീന്‍ സൗകര്യമില്ലാതെ വീട്ടമ്മ എയര്‍പോര്‍ട്ടില്‍ വലഞ്ഞ സംഭവം: നടപടി വേണമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം : ഖത്തറില്‍ നിന്നും തലസ്ഥാനത്ത് വിമാനമിറങ്ങിയ സ്ത്രീക്ക് വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ അനുവദിച്ചില്ലെന്നു പരാതി. കൂടാതെ വിമാനത്താവളത്തില്‍ നിന്നും അര്‍ധരാത്രിയില്‍ ഇറക്കി വിട്ടതായും ആരോപണം. നെടുമങ്ങാട് ആനാട് വഞ്ചുവം സ്വദേശി താജുന്നിസയ്ക്കാണ് വിമാനത്താവളത്തില്‍ അവഗണന നേരിടേണ്ടി വന്നത്. ഒടുവില്‍ ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കി നല്‍കിയത്  നെടുമങ്ങാട് ആനാട് പഞ്ചായത്ത് . അതിനിടയില്‍ മണിക്കൂറുകളോളം വിമാനത്താവളത്തിലും പുറത്തും ഒറ്റയ്ക്ക് കഴിയേണ്ടി വന്നതായും താജുന്നിസ പറയുന്നു. മറ്റു യാത്രക്കാരും അവഗണിച്ചതായി ഇവര്‍ പറഞ്ഞു.

ഖത്തറില്‍ നിന്നും ശനിയാഴ്ചയാണ് വൈകിട്ട് ആറേമുക്കാലോടെയാണ്  ഇവര്‍ വിമാനമിറങ്ങിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ  മൂന്നിന് പുറത്തിറങ്ങി. വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമില്ലെന്ന കാര്യം ഇവിടെയുള്ള ഹെല്‍പ് ഡെസ്കില്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ ഇല്ലെന്നും ഇവിടെ നില്‍ക്കാതെ പുറത്ത് പോകാനും അധികൃതര്‍ ആവശ്യപ്പെട്ടതായി ഇവര്‍ പറയുന്നു. പിന്നാലെ അധികൃതര്‍ ബസില്‍ കയറ്റി വിമാനത്താവളത്തിന് പുറത്ത് എത്തിച്ചു. നിങ്ങളുടെ സ്ഥലത്തേക്ക് ടാക്‌സി പിടിച്ചു പോയി വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. ബന്ധുവിനെ വിളിക്കാന്‍ ഫോണ്‍ നല്‍കാന്‍  തയാറായില്ലെന്നു താജുന്നിസ ആരോപിച്ചു.

ഒരുപാട് നേരം കാത്ത് നിന്നിട്ടും സഹായം ലഭിക്കാതെ വന്നതോടെ സ്വന്തമായി ഫോണില്ലാത്ത ഇവര്‍ മറ്റൊരാളിന്റെ ഫോണില്‍നിന്ന് പോത്തന്‍കോട് ഉള്ള ബന്ധുവിനെ വിളിച്ച്  പോത്തന്‍കോട് കുടുംബ വീട്ടില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തതതിനാല്‍ വഞ്ചുവത്തെ ബന്ധു വീട്ടില്‍ പോകുകയാണെന്ന് അറിയിച്ചു.  നെടുമങ്ങാട് കരിപ്പൂരിലേക്ക് വരുന്ന മറ്റൊരാളുമായി ചേര്‍ന്ന് ടാക്‌സി പിടിച്ച് ഇവര്‍ വഞ്ചുവത്ത് എത്തി. എയര്‍പോര്‍ട്ടില്‍ എത്തിയ പിപിഇ കിറ്റ് സംവിധാനത്തോടെ ബന്ധുവീട്ടില്‍ എത്തിയെങ്കിലും ഇവിടെയും ക്വാറന്റീന്‍ സൗകര്യം ഉണ്ടായിരുന്നില്ല.

ബന്ധുവീട്ടില്‍ എത്തിയെങ്കിലും ഇവിടെയും ക്വാറന്റീന്‍ സൗകര്യം ഉണ്ടായിരുന്നില്ല. പോത്തന്‍കോട് ഉള്ള ബന്ധുവിനെ വീണ്ടും വിളിച്ചപ്പോള്‍ ആനാട് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കിയതായും അറിയിച്ചു. പിന്നാലെ ആംബുലന്‍സ് എത്തി ഇവരെ വെള്ളനാട് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റി.  മൂന്ന്  മാസം മുന്‍പ് ഖത്തറില്‍  എത്തിയതാണ് താജുന്നിസ. ജോലി ലഭിക്കും മുന്‍പ് ലോക്ഡൗണായി.

ഇവിടെ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഇവരെ ഒറ്റയ്ക്ക് ശനിയാഴ്ച ഉള്ള വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു. രാത്രി ഒറ്റയ്ക്ക് വന്നിറങ്ങിയ സ്ത്രീയോട് കാണിച്ച അവഗണനയ്‌ക്കെതിരെ അന്വേഷണം വേണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു.  ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് , നെടുമങ്ങാട് തഹസില്‍ദാര്‍ എം.കെ.അനില്‍കുമാര്‍ എന്നിവരുടെ ഇടപെടലിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുങ്ങിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക