Image

കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 06 July, 2020
കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇത്രനാളും നേരിട്ട അപമാനങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ചേര്‍ത്തുവച്ചാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍. സ്പ്രിങ്ക്‌ളര്‍ മുതലുള്ള വിവാദങ്ങളില്‍ രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച ഭരണപക്ഷത്തിനും മുഖ്യമന്ത്രിയ്ക്കും വലിയ പ്രതിസന്ധിയാണ് ഈ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു എന്നാണ് രമേശ് ചെന്നിത്തല ആക്ഷേപിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പെടുന്നത് എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയ്ക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല പറയുന്നു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയേയും ഐടി സെക്രട്ടറിയേയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് അടുത്ത ചോദ്യം ഉന്നയിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാള്‍ക്ക് എങ്ങനെ ഐടി വകുപ്പിന് കീഴില്‍ പ്രധാനപ്പെട്ട ഒരു ജോലി ലഭിച്ചു? മുഖ്യമന്ത്രിയുടെ സെക്രട്ടറിയ്ക്കും ഐടി സെക്രട്ടറിയ്ക്കും ഇതിലുള്ള പങ്ക് എന്താണ് എന്നും പ്രതിരക്ഷ നേതാവ് ചോദിക്കുന്നു
കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷുമായി ഐടി സെക്രട്ടറി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വപ്‌ന സുരേഷ് താമസിച്ചിരുന്ന ഫ്‌ലാറ്റിലെ താമസക്കാര്‍ തന്നെ ആണ് ഇത് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക