Image

നിഴല്‍ (ചെറുകഥ: തോമസ് കളത്തൂര്‍)

Published on 06 July, 2020
നിഴല്‍ (ചെറുകഥ: തോമസ് കളത്തൂര്‍)
തുരുമ്പിച്ച വലിയ ഇരുമ്പു വാതില്‍ അല്പം തുറന്നു കിടക്കുന്നു. മ്ലാനത ഉറഞ്ഞു കിടക്കുന്ന ആ സ്ഥലത്തേക്ക് കാലെടുത്തുവെച്ചപ്പോള്‍ ശരീരമാകെ തണുപ്പനുഭവപ്പെട്ടു. ഓര്‍മ്മകളെ മുഴുവനായി വീണ്ടും അടര്‍ത്തിയെടുത്ത്, സ്വയം വേദനിപ്പിയ്ക്കാനുള്ള പുറപ്പാട്. നീണ്ട ഇരുപതുവര്‍ഷങ്ങള്‍.....മനസ്സിന്റെ മുള്‍മെത്തയില്‍ കൊണ്ടുനടന്ന ഓര്‍മ്മകള്‍.....കാലത്തിന്റെ മാറാല പൊതിയാതിരിയ്ക്കാന്‍, മനഃപൂര്‍വ്വമുള്ള ഒരു ശ്രമമായിരുന്നു ഈ യാത്ര. ആ ഉണങ്ങാത്ത മുറിവുകളെ തട്ടി, തഴുകി വേദനിപ്പിക്കുന്നതില്‍ സുഖം കണ്ടെത്തി.

സുഹൃത്തുക്കളും ബന്ധുക്കളും തുടരെതുടരെ നിര്‍ബന്ധിച്ചു, ശ്രമിച്ചു, മനസ്സിളകിയില്ലാ. പാറപോലെ ഉറച്ചുനിന്നു.....സ്‌നേഹിച്ച പെണ്ണിനെ.....പ്രതിബന്ധങ്ങളെ അതിജീവിച്ച്, വിവാഹം കഴിച്ചു. നിര്‍വൃതിയുടേയും സന്തുഷ്ടിയുടേയും ദിനങ്ങള്‍ നീണ്ടുനിന്നില്ല. ഒരു നിസ്സാരപനി.....അവളെ തന്നില്‍ നിന്ന് തട്ടിതെറിപ്പിച്ചു.....ഇവിടേയ്ക്ക്.....മരണം നിഴല്‍ വിരിച്ചു നില്ക്കുന്ന ഈ ശ്മശാനത്തിലേക്ക്.....പൂനിലാവും വാനമ്പാടികളും എന്നെ വഞ്ചിക്കുകയായിരുന്നു എന്ന് അന്ന് മനസ്സില്‍ കുറിച്ചു. ഞങ്ങളുടെ സന്തോഷത്തില്‍ പുഞ്ചിരിതൂകി നിന്ന പൂക്കള്‍ പരിഹസിച്ചു ചിരിക്കുകയായിരുന്നെന്ന്......എല്ലാറ്റിനോടും വെറുപ്പു തോന്നി. സ്ഥലംമാറ്റ ഉത്തരവു കിട്ടിയപ്പോള്‍ ആദ്യം ഒരു ഞെട്ടലാണനുഭവപ്പെട്ടത്. തനിക്കതാവശ്യമാണെന്ന സുഹൃത്തുക്കളുടെ ഉപദേശത്തോട് ഒടുവില്‍ യോജിച്ചു. എന്നാല്‍ ദൂരത്തിന്, മനസ്സിനെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല എങ്കിലും പഴയ സ്ഥലത്തേക്കുള്ള തിരികെപോക്കിനെ ആത്മാവിന്റെ ഏതോ നിഗൂഢത സ്വാഗതം ചെയ്തു.

വര്‍ഷങ്ങള്‍ക്കുശേഷം ഈ ശ്മശാനഭൂവിനെ ലക്ഷ്യമാക്കി തീവണ്ടി കയറി. കിതയ്ക്കുന്ന തീവണ്ടിക്കൊത്ത് മനസ്സും കിതച്ചോടുകയായിരുന്നു. കുതിച്ചും കിതച്ചുമുള്ള തന്റെ യാത്രയും അവസാനിക്കുന്നത് അവളുറങ്ങുന്ന ഈ ശ്മശാനത്ത് തന്നെ ആകണമെന്നാഗ്രഹിച്ചു.

ശ്മശാനത്തിന്റെ തുരുമ്പിച്ച വാതിലുകള്‍ക്കിടയില്‍ കൂടി അകത്തു കടന്നു. മരവിച്ച നിശ്ശബ്ദത തളംകെട്ടി നില്‍ക്കുന്നു. പടികളിറങ്ങി, കബറിടങ്ങള്‍ക്കിടയിലൂടെയുള്ള നീണ്ട വഴികളിലൂടെ നടന്നു. നൂറുകണക്കിന് കുഴിമാടങ്ങള്‍, പലതിന്റേയും മാറില്‍, വാടിയ പുഷ്പങ്ങളും കത്തിക്കറുത്ത മെഴുകുതിരികളും  കാണാം. ഉരുകി ഒലിച്ച വെളുപ്പില്‍, കറുപ്പിന്റെ തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ദുഃഖിതരുടെ ഇടറുന്ന കാലടികള്‍ പതിഞ്ഞ, കണ്ണുനീര്‍ നനച്ച ഭൂമി.....അവരുടെ ആഗ്രഹങ്ങളുടേയും കണക്കുകൂട്ടലുകളുടേയും തെറ്റിയ അക്കങ്ങള്‍പോലെ, കറുപ്പും വെളുപ്പുമുള്ള കരിങ്കല്‍ കഷണങ്ങള്‍ കല്ലറകള്‍ക്ക് ചുറ്റും വിരിച്ചിരിക്കുന്നു.

പിന്നില്‍ നിന്നൊരു മൃദുസ്വരം ചിന്തയില്‍ നിന്നുണര്‍ത്തി. സ്വന്തം ലോകത്തെ ഏകാന്തചിന്തകളില്‍ നിന്നുണര്‍ത്തിയ ഈര്‍ഷയോടെ തിരിഞ്ഞുനോക്കി. ""തനിയെ ഉള്ളില്‍ കടക്കാന്‍ ഭയന്നു നിന്നപ്പോഴാണ് താങ്കളെ കണ്ടത്.'' ""എന്തിനേ ഭയന്നു'' എന്ന് ചോദിക്കണമെന്ന് തോന്നി. ""മരിച്ചവരെയാണെങ്കില്‍ പിന്നെന്തിനിങ്ങോട്ടു വന്നു?'' തന്റെ സാമീപ്യത്തില്‍ ഭയം മാറാന്‍, തന്നോട് വിശ്വാസം തോന്നാന്‍ മുന്‍പരിചയമൊന്നുമില്ലല്ലോ. ഈ ചോദ്യങ്ങളെല്ലാം വീണ്ടുമൊരു തിരിഞ്ഞുനോട്ടത്തില്‍ നിക്ഷേപിച്ചു മൗനിയായി. അവള്‍ സംസാരം തുടരാനൊള്ള ഭാവമായിരുന്നു, എന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്തിയേ അടങ്ങൂ എന്ന ശാഠ്യം പോലെ. ""എന്റെ പേര് കമലൂ.'' മറുപടി പറയാതെ ആ പരിചയപ്പെടുത്തല്‍ ശ്രമത്തെ പരാജയപ്പെടുത്തി. എങ്കിലും, ഭയത്തിന്റെ നിഴല്‍ മാഞ്ഞുപോയിട്ടില്ലാത്ത കുസൃതി നിറഞ്ഞ കണ്ണുകളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

പത്മയുടെ രൂപംപോലെ, ശാലീനമായ പ്രകൃതി മനസ്സില്‍ ആഞ്ഞുകോറിയുണ്ടാക്കിയ പത്മയുടെ രൂപത്തിനു മുന്നിലൂടെ ഈ രൂപവും ഒന്നു മിന്നി മറഞ്ഞതുപോലെ....""ഭയപ്പെടേണ്ട. നടന്നോളൂ,'' നിര്‍വികാരതയുടെ മുഴക്കംപോലെ ഉള്ളില്‍ നിന്നറിയാതെ പുറത്തുവന്നു. ഉച്ചച്ചൂട് ഏറ്റുവാങ്ങിയ കരിങ്കല്‍ കല്ലറകളില്‍ നിന്ന്, പൊള്ളുന്ന കാറ്റും മിക്കവാറും വിടവാങ്ങിയിരുന്നു. വടക്കേ കോണിലെ വാകമരത്തില്‍ കൂടുകെട്ടിയിരുന്ന പക്ഷികളുടെ കലപിലയും ഇളകിപറക്കലും ശ്മാശാന നിശ്ശബ്ദതയ്ക്ക് ഭംഗം വരുത്തി. എന്നാല്‍ മതിലില്‍ ഇറുകെ പിടിച്ചു വളര്‍ന്ന ബോഗന്‍ വില്ലയ്ക്ക് ഭംഗി വര്‍ദ്ധിച്ചിരിക്കുന്നു.

""ദോ! അവിടെയാണ് എന്റെ ആളിനെ അടക്കിയിരിക്കുന്നത്.'' വിരല്‍ചൂണ്ടി നില്ക്കുന്ന അവളുടെ രൂപത്തിന് ഒരു കൊച്ചുകുട്ടിയുടെ ഭാവമായിരുന്നു. ആ മൃദുശബ്ദവും ലാഘവത്വവും ആരേയും ആകര്‍ഷിയ്ക്കും. ""എന്റെ ആള്'' ആരായിരിയ്ക്കും? അച്ഛനാകുമോ.....സുഹൃത്തുക്കളോ....ബന്ധുക്കളോ......? ആരെങ്കിലുമാകട്ടെ, ചിലപ്പോള്‍ ഭര്‍ത്താവാകാം.....എന്റെ ആളെന്ന പ്രയോഗം അതുകൊണ്ടാകാം....മനസ്സ് വഴുതിപ്പോകുന്നു......എങ്കില്‍.....നമ്മള്‍ തുല്യദുഃഖിതരാണെന്ന ചിന്തയ്ക്ക് ഒരു ഇളംതെന്നലിന്റെ കുളിര്‍മ്മ തോന്നി. കമലുവിനെ വീണ്ടും ശ്രദ്ധയോടെ വീക്ഷിച്ചു. അവള്‍ രൂപത്തില്‍, ഭാവത്തില്‍.....പത്മയെ ആവാഹിക്കുന്നതായി തോന്നി. അവള്‍ നടന്നു നീങ്ങുകയായിരുന്നു. എന്നാല്‍.....

പത്മയുടെ കുഴിമാടത്തിനരികെ എത്ര സമയം ഇരുന്നു എന്നറിയില്ല. വിവാഹത്തിനു മുമ്പും പിമ്പുമുള്ള, സുഖമുള്ള രംഗങ്ങള്‍ തിരശ്ശീലയിലൂടെ എന്നപോലെ മനസ്സിലൂടെ കടന്നുപോയി. ഇടയ്ക്കിടെ രൂപങ്ങള്‍ക്കിടയില്‍ കമലുവും മുഖം കാണിച്ചു മറഞ്ഞു. സമയം പോയതറിഞ്ഞില്ല. നിഴലുകള്‍ക്ക് ശക്തി കൂടിവന്നു. പക്ഷികള്‍ "കലപിലകള്‍' നിറുത്തി. പത്മയുടെ ആത്മാവും ഏതോ പക്ഷിക്കൂട്ടില്‍ അമര്‍ന്നിരുന്ന് എന്നെ നോക്കി കുറുകുന്നുണ്ടാവുമോ? അതോ ഈ നിഴലുകള്‍ക്കിടയില്‍ മറ്റൊരു നിഴലായ് ഒളിഞ്ഞിരിപ്പുണ്ടോ?......മനസ് കാടു കയറുകയാണ്. ഒഴിഞ്ഞ മനസ്സിലും ഇളകുന്ന ചിന്തയിലും ഏതോ നഷ്ടദുഃഖം, മുങ്ങിയും പൊങ്ങിയും നീന്തി നടക്കുന്നു. ""പോവിണില്ലേ?'' ശ്മശാനത്തില്‍ ചുറ്റി നടന്ന്, തിരികെ എത്തിയ കമലുവിന്റെ ചോദ്യം കേട്ട് ഞെട്ടിയുണര്‍ന്നു. ആ ശബ്ദത്തില്‍ അധികാരത്തിന്റെ സ്വരം അനുഭവപ്പെട്ടോ? സ്വയം മനസ്സിനോടു ചോദിച്ചു. അനേക വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഒരു സ്ത്രീ കൈകടത്തുന്നു. എങ്കിലും കുളിര്‍മ്മയുള്ള ഒരനുഭൂതി. ഉത്തരം പറയാതെ എഴുന്നേറ്റ് ഒപ്പം നടന്നു. അവള്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. നടപ്പ് സാവധാനത്തിലായത് അറിഞ്ഞില്ല. സ്വന്തം മനസ്സ് തന്നെ അനുസരിക്കാതെ, തന്നെ പിന്നിലാക്കി മുന്നോട്ടോടുന്നതുപോലെ.

""കാലിന് കുഴപ്പം വല്ലതും പറ്റിയോ? ഒന്ന് വേഗം വരൂന്നേ..!'' തിരിഞ്ഞുനിന്നുള്ള അവളുടെ കുസൃതി ചോദ്യം, വീണ്ടും ചിന്തയില്‍ നിന്നുണര്‍ത്തി. കാലുകള്‍ വലിച്ചുവെച്ച് അവള്‍ക്കൊപ്പമെത്തി. നിഷ്കളങ്കതയും നര്‍മ്മഭാവവും ഒന്നിച്ചിണങ്ങിയ ആ ചിരിയുടെ അലമാലകളോട് അരിശം തോന്നിയില്ല. പകരം മറ്റെന്തോ വികാരമായിരുന്നു. ""തന്നെ കരുതാന്‍....അന്വേഷിയ്ക്കാന്‍....ഒപ്പം നടക്കാന്‍....ആവശ്യപ്പെടാതെ ഒരാളെത്തിയിരിക്കുന്നു,'' എന്ന ചിന്തയ്ക്ക് തേന്‍തുള്ളിയുടെ രുചിയും മുല്ലപ്പൂവിന്റെ മണവുമുണ്ടായിരുന്നു. നടക്കുന്ന വഴിയില്‍ അവള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അവള്‍ നൂറുനൂറു വിഷയങ്ങളെ സ്പര്‍ശിച്ച്, ഒടുവില്‍ "കല'യിലെത്തിചേര്‍ന്നു. പിറ്റേന്ന് "ടൗണ്‍ഹാളില്‍' നടക്കാനിരിക്കുന്ന പുസ്തകപ്രസാധനത്തെപ്പറ്റി വലിയൊരു വിവരണം നല്കി. എന്റെ സുഹൃത്താണ് കഥാകൃത്തെന്നു പറഞ്ഞപ്പോള്‍ അവള്‍ തുള്ളിച്ചാടി. എന്റെ സുഹൃദ് വലയത്തെപ്പറ്റി കേട്ട് സ്വയം മറന്ന് സന്തോഷിക്കുന്ന അവളുടെ മനോവികാരങ്ങളുടെ അര്‍ത്ഥം പരതി എന്റെ മനസ്സും ഉഴറി, ഒരു വര്‍ണ്ണപ്പൊലിമയുടെ പീലിവിടര്‍ത്തി വിശ്രമിച്ചു.

പടികള്‍ അമര്‍ത്തി ചവുട്ടിക്കയറി. പിന്നില്‍ തുരുമ്പിച്ച ഇരുമ്പുവാതില്‍ കോണ്‍ക്രീറ്റിട്ട തറയില്‍ ഉരുണ്ടു മാറിയപ്പോള്‍, അര്‍ത്ഥഗര്‍ഭമായ ഒരിരുത്തി മൂളലിന്റെ ശബ്ദമുണ്ടായി. സെമിത്തേരിയുടെ മുന്നില്‍ നിന്ന് യാത്രപറയുമ്പോള്‍ പിറ്റേന്ന് ടൗണ്‍ഹാളില്‍ വെച്ച് വീണ്ടും കാണാം എന്ന് മനസ്സുകള്‍ ശബ്ദമില്ലാതെ ഉടമ്പടി ചെയ്തു.

ആ രാത്രി തള്ളിനീക്കിയതെങ്ങനെ എന്നറിയില്ല. ദുഃഖം ഉറഞ്ഞു കിടന്ന ജീവിതത്തില്‍ വാനമ്പാടികളെ ഉണര്‍ത്താന്‍ കമലുവിനു കഴിഞ്ഞു. വൈകുന്നേരത്തെ പുസ്തപ്രസാധന പരിപാടിയ്ക്ക് പോകാനുള്ള ഒരുക്കം രാവിലെ തന്നെ ആരംഭിച്ചു. വരുമെന്നോ, കാണാമെന്നോ, വാക്കുകളാല്‍ അന്യോന്യം പറഞ്ഞില്ലല്ലോ...അവള്‍ വരാതിരിക്കുമോ?.....നടുക്കുന്ന ആ ചിന്തയെ അതിജീവിയ്ക്കാന്‍ ബദ്ധപ്പാടു തോന്നിയില്ല. മനസ്സിന്റെ മണിമുറ്റത്ത് മുല്ലപ്പൂക്കള്‍ വിടര്‍ത്തിയിട്ട് അവള്‍ വരാതിരിക്കുമോ, ഒരിക്കലുമില്ല. സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം മുന്‍പന്തിയില്‍ തന്നെ ഇരിക്കേണ്ടി വന്നതിനാല്‍, പിമ്പിലുള്ള സദസ്യര്‍ക്കിടയില്‍ കമലുവിനെ പരതി നടക്കാന്‍ കണ്ണുകള്‍ക്ക് കഴിഞ്ഞില്ല. അവിടെ നടന്ന പ്രസംഗങ്ങള്‍ക്കോ ചടങ്ങിനോ മനസ്സിലേക്ക് എത്തിനോക്കാന്‍ കഴിഞ്ഞില്ല. വികാരം വിവേകത്തെ കീഴ്‌പ്പെടുത്താതെ, തീരുംവരെ പിടിച്ചുനിന്നു. സദസ്യര്‍ വെളിയിലേക്കിറങ്ങുന്ന തിരക്കിനു "മുമ്പില്‍' എങ്ങനെ എങ്കിലും എത്തിപ്പിടിയ്ക്കാന്‍ കഴിഞ്ഞാല്‍ എന്നാഗ്രഹിച്ചു. മുന്നോട്ടുള്ള കൂടിക്കാഴ്ചകളും അന്വേഷണങ്ങളും എല്ലാം ഇന്ന് ഇവിടുന്ന് ആരംഭിയ്ക്കാന്‍ തീരുമാനിച്ചുറച്ചിരുന്നു. അതിനു വേണ്ടിയുള്ള ഈ പുനഃസമാഗമം...ഒരു ആതിര കുളിരിന്റെ അനുഭവം....മനസ്സ്.....പുതിയ ഉത്സവങ്ങള്‍ക്ക് കൊടിയേറ്റവും പഴയ കൊട്ടാരങ്ങള്‍ക്ക് അലങ്കാരങ്ങളും എഴുന്നള്ളത്തിന് ആനയും അമ്പാരിയും....അങ്ങനെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഈ തിരക്കില്‍ തന്നെ കാണാന്‍ പറ്റാതെ കമലു ദുഃഖത്തോടെ മടങ്ങിയാല്‍...ജീവിതം പെട്ടെന്ന് വഴിമുട്ടിപോകുന്നതുപോലെ.

ഉന്തിതള്ളി ഒരു വിധത്തില്‍ ഹാളിനു പുറത്തു കടന്നു. ഉദ്വേഗത്തില്‍ ഓടി നടന്നു. പത്മയുടെ ഭാവസാദൃശ്യമുള്ള കമലുവിനു വേണ്ടി. പൂര്‍വ്വസുഹൃത്തുക്കളെ പലരേയും കണ്ടതായി നടിച്ചില്ല. ""കമലൂ'' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് നെട്ടോട്ടം നടത്തിയാലോ? നിഴലുകള്‍ മറയ്ക്കാത്തിടത്ത് ഒറ്റയ്ക്കു മാറി നിന്നു, തന്നേയും കാണാം, തനിയ്ക്കും കാണാവുന്നിടത്ത്. വെളിച്ചങ്ങളെ നിഴലുകള്‍ കടന്നാക്രമണം ആരംഭിച്ചു. അവിടവിടെ കത്തിനിന്ന ""നിയോണ്‍'' ദീപങ്ങള്‍ ഇരുട്ടിനോട് മല്ലിട്ട് ജയിക്കാനാവാതെ അരണ്ടവെളിച്ചം പരത്തി നിന്നു. മനുഷ്യരുടെ ചെറുകൂട്ടങ്ങള്‍ അന്യോന്യം നിഴലുകളില്‍ ചവുട്ടി നിന്ന് ഇരുട്ടിന് സൗഹൃദം നല്കി. എന്നേയും വിഴുങ്ങിക്കളയാന്‍ ഇരുട്ട് നിഴലിനെ അയച്ചു.

ഒരു ഉണക്കവൃക്ഷത്തിന്‍ നിഴലില്‍ മറ്റൊരു നിഴലായ് മാറിയ എന്റെ അരികിലേക്ക് ഒരു കൊള്ളിമീന്‍ പോലെ അവള്‍ കടന്നുവന്നു. ആശയറ്റ മനസ്സ്, ഇതിനോടകം ശരീരത്തെ തളര്‍ത്തിയിരുന്നു. മത്താപ്പൂകത്തിച്ച ആ പുഞ്ചിരി എന്റെ കാഴ്ചശക്തിയെ ഒരു നിമിഷത്തേക്ക് മരവിപ്പിച്ചു. അവള്‍ ക്രമേണ എന്റെ കണ്ണുകളിലൂടെ....മസ്തിഷ്കത്തിലൂടെ ഹൃദയത്തിനുള്ളിലേയ്ക്കാഴ്ന്നിറങ്ങി....രക്തധമനികളിലൂടെ സഞ്ചരിച്ചു. കൈകാലുകള്‍ ഉറഞ്ഞുപോയി. അവള്‍ എന്തുടുത്തിരുന്നു...തലമുടി എങ്ങനെ ""പുട്ട്അപ്പ്'' ചെയ്തിരുന്നു....ആഭരണങ്ങള്‍ ധരിച്ചിരുന്നോ....എന്തിനു കണ്ണുകുളിര്‍ക്കേ ഒന്നു കാണാന്‍കൂടി കഴിഞ്ഞില്ല. മുന്നില്‍ ഒരുനിമിഷം കത്തിനിന്നശേഷം, കമലു തിടുക്കത്തോടെ തന്റെ നിഴലില്‍ നിന്ന് മുന്നിലേക്ക് വലിച്ചു മാറ്റി നിറുത്തിയ ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ നിഴലിലേക്ക് അപ്രത്യക്ഷയായി. ആ നിഴലില്‍ നിന്ന് ഒരശരീരി കേട്ടു....ഇടിവെട്ടും കൂരിരുട്ടും പേമാരിയും വേനലും എല്ലാം ആ അശരീരിയില്‍ മിന്നിമറഞ്ഞു. ""ഇതാണെന്റെ ഭര്‍ത്താവ്.'' അവളുടെ നിഴല്‍ മറ്റു നിഴലുകള്‍ക്കിടയിലൂടെ ഇരുട്ടിലേക്ക് മറഞ്ഞുപോയി. മനസ്സ് ഒരു അഗ്നിപര്‍വ്വതം കണക്കെ പുകഞ്ഞുനിന്നു.

ഒരു യന്ത്രം കണക്കെ സൗഹൃദപരിചയപ്പെടല്‍ കര്‍മ്മം നടന്നു. "അശ്വമേധം' നടത്തുന്ന ചക്രവര്‍ത്തിയുടെ മുമ്പില്‍ പരാജിതനായി, യാഗാശ്വവും സാമ്രാജ്യവും നഷ്ടപ്പെട്ട് ബന്ധനസ്ഥനായ കുറ്റവാളിയുടെ സ്ഥാനത്തു നില്ക്കുന്ന എന്നോടുതന്നെ പകയും അവജ്ഞയും തോന്നി. കണിക്കൊന്ന പൂത്തതുപോലുള്ള പെണ്ണിനെ മനസ്സിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. മത്താപ്പൂ പുഞ്ചിരി, മാറാതെ സ്വപ്നത്തിലും ഓര്‍മ്മയിലും ഭാവനയിലുമെല്ലാം തങ്ങിനില്ക്കുകയാണ്. ഒരു കൊച്ചുകുട്ടിയെപ്പോലെ ആംഗ്യചേഷ്ടകളോടെയുള്ള സംഭാഷണത്തിന്റെ അലമുറകള്‍ മനസ്സിലോ മസ്തിഷ്കത്തിലോ പ്രതിദ്ധ്വനിക്കുന്നു. അശ്വമേധജേതാവായ ചക്രവര്‍ത്തി, എപ്പോള്‍, എങ്ങനെ അപ്രത്യക്ഷനായി എന്നറിയില്ല.

ഒരു കല്‍പ്രതിമയുടെ ഭാവത്തില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ അവിടേയും ഇവിടേയും മാത്രമായി നിഴലുകള്‍ നീങ്ങുന്നുണ്ടായിരുന്നു. ഇരുട്ട് കൂടുതല്‍ ഘനീഭവിച്ചു. നീയോണ്‍ വിളക്കുകള്‍ പലതും അണഞ്ഞിരുന്നു. കരിന്തിരി കത്തിയ വിളക്കിന്‍ തിരിയില്‍ പറ്റിപ്പിടിച്ചു നില്ക്കുന്ന തീയുടെ കണികകള്‍ പോലെ ആകാശത്തില്‍ അവിടേയും  ഇവിടേയുമായി നക്ഷത്രങ്ങള്‍ കണ്‍ചിമ്മി. ഒരു മന്തുകാലനെപ്പോലെ, കാല്‍ വലിച്ചുവെച്ചു നടന്നു,....കട്ടപിടിയ്ക്കുന്ന ഇരുട്ടിലേയ്ക്ക്. മങ്ങിയ എന്റെ നിഴലിന്റെ രൂപം നഷ്ടപ്പെട്ട്, ഞാന്‍ ഇരുട്ടില്‍ അലിഞ്ഞുചേരുകയാണ്.....മത്താപ്പൂവും കണിക്കൊന്നയുമില്ലാത്ത ഇരുട്ടിലേക്ക്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക