Image

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ് ഫ്രാങ്കോ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി

Published on 07 July, 2020
 കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ് ഫ്രാങ്കോ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി


കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയിലും തിരിച്ചടി. ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ വിചാരണ മെനരിടാന്‍ തക്ക തെളിവുകളുണ്ട്. ഫ്രാങ്കോ വിചാരണ നേരിടണമെന്നും വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ കോട്ടയത്തെ വിചാരണ കോടതിയും ബിഷപ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. കേസില്‍ വിചാരണ നടപടിയുമായി സഹകരിക്കാതെ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്ന ഫ്രാങ്കോയുടെ നടപടിയെ കോട്ടയം സെഷന്‍സ് കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ മാസം 13ന് ഫ്രാങ്കോ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. 

ജലന്ധറില്‍ താന്‍ താമസിക്കുന്ന മേഖല കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെട്ടതാണെന്നും യാത്രയ്ക്ക് അധികാരികളുടെ അനുമതി ലഭിച്ചില്ലെന്നും കാണിച്ചാണ് കഴിഞ്ഞ തവണ ഫ്രാങ്കോ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. 

അതേസമയം, വിടുതല്‍ ഹജിയുമായി ബിഷപ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക