Image

സ്വര്‍ണം കടത്തിയത് ഫൈസല്‍ ഫരീദിന്, 16 തവണയായി കടത്തിയത് 200 കോടിയുടെ സ്വര്‍ണം

Published on 07 July, 2020
സ്വര്‍ണം കടത്തിയത് ഫൈസല്‍ ഫരീദിന്,  16 തവണയായി കടത്തിയത് 200 കോടിയുടെ സ്വര്‍ണം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വന്‍ വെളിപ്പെടുത്തലുകള്‍ വീണ്ടും. കൊച്ചി സ്വദേശിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് മൊഴി. അതേസമയം യുഎഇ കോണ്‍സുലേറ്റിലെ ആളുകള്‍ അറിയാതെയാണ് ഇപ്പോഴത്തെ കാര്യങ്ങള് നടന്നിട്ടുള്ളതെന്നാണ് സൂചന

ഡിപ്ലോമാറ്റിക് ബാഗേജിലുള്ള സ്വര്‍ണക്കടത്ത് കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദിന് വേണ്ടിയായിരുന്നു. ഇക്കാര്യത്തില്‍ സരിത് മൊഴി നല്‍കി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വിദേശത്ത് നിന്ന് ഇയാള്‍ ഭക്ഷണ സാധനങ്ങള്‍ അയക്കാറുണ്ടായിരുന്നു. 

ദുബായിലുള്ള ഫൈസല്‍ ഫരീദിനെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് പരിചയപ്പെടുത്തിയത് താനാണെന്നും സരിത് പറയുന്നു.

യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ ലെറ്റര്‍ഹെഡ് സ്വര്‍ണക്കടത്തിന് ദുരുപയോഗിച്ചു എന്നാണ് വിലയിരുത്തല്‍. കോണ്‍സുലേറ്റിന്റെ വാഹനത്തിലും സ്വന്തം വാഹനത്തിലുമെത്തി സരിത് വിമാനത്താവളത്തില്‍ നിന്ന് ബാഗേജുകള്‍ കൊണ്ടുപോയിട്ടുണ്ട്. 

ഏപ്രിലിന് ശേഷം മൂന്ന് തവണ ബാഗേജുകള്‍ ഏറ്റുവാങ്ങി. സമാന രീതിയില്‍ പത്ത് തവണയെങ്കിലും സ്വര്‍ണം കടത്തിയിരുന്നു. നേരത്തെ സ്വര്‍ണം കടത്തിയതിനെ കുറിച്ച് സരിത് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

പിടിക്കപ്പെട്ടതോടെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്ന് കസ്റ്റംസ് പറയുന്നു. പല നിര്‍ണായക വിവരങ്ങളും ഈ ഫോണിലായിരുന്നു. ഇതുമായിട്ടാണ് സരിത് ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം ഡാറ്റ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. ഫോറന്‍സിക് പരിശോധനയും നടത്തുന്നുണ്ട്. 

നൂഡില്‍സ് അടക്കം കേരളത്തില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വിദേശത്ത് നിന്ന് കൊണ്ടുവരുന്നത് എന്തിനാണെന്നന ചോദ്യത്തിനും ഇയാള്‍ മറുപടി നല്‍കിയിട്ടില്ല. 

സ്വപ്‌ന സുരേഷിന്റെ അമ്പലംമുക്കിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിരണ്ട് ദിവസം മുമ്പ് തന്നെ ഫ്‌ളാറ്റില്‍ നിന്ന് സ്വപ്ന പോയെന്നാണ് വ്യക്തമാകുന്നത്. 


അതേസമയം കോണ്‍സുലേറ്റ് പിആര്‍ഒ സ്ഥാനം ജോലിഭാരം കാരണം രാജിവെച്ചെന്നാണ് സരിത്തിന്റെ വിശദീകരണം. ലെറ്റര്‍ ഹെഡ് പിആര്‍ഒ അല്ലാത്ത സരിത്തിന് പിന്നീടും എങ്ങനെ കിട്ടി എന്നതിനെ കുറിച്ചും ഇയാള്‍ പറയാന്‍ തയ്യാറായില്ല.


പുതുതായി ഐടി ഹബ് തുടങ്ങാനാണ് സ്വര്‍ണക്കടത്തെന്ന് സ്വപ്‌ന തന്നോട് പറഞ്ഞതായി സരിത്ത് വെളിപ്പെടുത്തി. 16 തവണയാണ് ഇവര്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതെന്നും വിവരങ്ങളുണ്ട്. 

ഇതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരുമുണ്ട്. സരിത്തിനെ എന്‍ഐഎ, റോ, ഡിആര്‍ഐ എന്നിവര്‍ ചേര്‍ന്നാണ് ചോദ്യം ചെയ്യുന്നത്. കേരളത്തിലും യുഎഇയിലുമായിട്ടാണ് ഇവര്‍ വ്യാപിച്ച് കിടക്കുന്നത്. ഇതിനകം 200 കോടിയുടെ സ്വര്‍ണമെങ്കിലും ഇവര്‍ കടത്തിയിട്ടുണ്ടാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക