Image

പെറ്റ പെണ്ണിന്റെ മുറി(കവിത: ലിഖിത ദാസ് )

ലിഖിത ദാസ് Published on 07 July, 2020
 പെറ്റ പെണ്ണിന്റെ മുറി(കവിത: ലിഖിത ദാസ് )
പെറ്റ പെണ്ണിന്റെ മുറിയിലേയ്ക്ക്
നോക്കിയിട്ടുണ്ടൊ..?
തുറന്നിട്ട വാതിലിലേയ്ക്കും നോക്കി
കട്ടില്‍ക്കാലിനുചുറ്റും ഒരിളം ചൂട്
പുറത്തിറങ്ങാന്‍ പരവേശപ്പെട്ട്
വട്ടം ചുറ്റുന്നുണ്ടാകും.
നിരാശയിലേയ്ക്കിറങ്ങിക്കിടക്കുന്ന
അരണ്ട കണ്ണുകളെ കാണാവും.
കട്ടിലിന്റെ ചോടെ
മാസങ്ങള്‍ക്കു മുന്‍പേ ഊരിയിട്ട
പൊടികേറിത്തുടങ്ങിയ
ഒരു ജോഡി ചെരിപ്പുകള്‍ കണ്ടെത്തും.
ചെരിപ്പിനുള്ളില്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍
വളരുന്നത് സ്വപ്നം കാണും.
വായിച്ചു മുഴുമിക്കാത്ത ഒരു പുസ്തകം
കണ്ടുതീര്‍ക്കാന്‍ കഴിയാത്ത ഒരു സിനിമ
പാതിയില്‍ നിര്‍ത്തിയ ഒരു സ്വകാര്യം
ഇങ്ങനെയോരോന്നും
രാത്രികളെ അസ്വസ്ഥപ്പെടുത്തും.
ഒരിക്കല്‍ ചെല്ലാമെന്നു വാക്കുകൊടുത്ത
ഒരു ദീര്‍ഘദൂര ബസ് യാത്രയെച്ചൊല്ലി
വേവലാതിപ്പെടും.
അരുതുകളുടെ വലിയൊരു കാട്
എത്ര വേഗത്തിലാണ് അവള്‍ക്കു ചുറ്റുമവര്‍
നട്ടുവയ്ക്കുന്നതെന്നറിയാമൊ..?
പെറ്റപെണ്ണിന്റെ ഒച്ച
വാതില്‍പ്പടി കടക്കരുതെന്നാണ്.
ഒരു മല കണ്ടുപിടിക്കാനും
അതിന്റെ ഉത്തരത്തില്‍ കേറി നിന്ന്
അലറിക്കൂവാനും
അവളെപ്പഴും ഓര്‍മ്മ പരതി നോക്കും.
നാക്കനങ്ങുന്നുണ്ടോയെന്ന് ഇടയ്ക്കിടെ
പതിഞ്ഞ ഒച്ചയില്‍ മുരണ്ടുനോക്കും
പാല്‍മണത്തിലേയ്ക്ക്
ഒരു സാമ്രാജ്യം പണിയുമ്പഴും
 ഞാന്‍.. ഞാന്‍ എന്ന്
നെഞ്ചിനുള്ളിലൊരു ഞരക്കമുണ്ടാവും.
അത്രയാളുകള്‍ക്കു നടുവിലും
'എന്നെയൊന്ന്
കെട്ടിപ്പിടിയ്ക്കാമോ'യെന്നൊരു
ചോദ്യപ്പിടച്ചിലുണ്ടാവും
'ഞാനില്ലേ..'എന്നൊരു മറുപടിയ്ക്കു വേണ്ടി
ചെവി വട്ടംപിടിച്ച്
തൊണ്ടയുണക്കി കാത്തിരിക്കും.
ഉടുപ്പിനുള്ളിലേയ്ക്കുപോലും
എണ്ണപ്പാത്രവും ഇഞ്ചയും താളിയും കൊണ്ട്
അധിനിവേശങ്ങള്‍ സംഭവിക്കുമ്പോള്‍
ഒളിച്ചു വയ്ക്കാന്‍
ഒരു രഹസ്യം പോലുമില്ലാതായതോര്‍ത്ത്
കുളിമുറിയില്‍ കുന്തിച്ചിരിക്കും.
എത്രവേഗത്തിലാണ് പെറ്റപെണ്ണിന്
ഒരു രാജ്യം നഷ്ടപ്പെടുന്നതെന്നറിയാമൊ..?
അതിസമര്‍ത്ഥമായി തൊണ്ടയുടെ ഉച്ചിവരെ  
കേറി വന്നൊരു കരച്ചില്‍
ഒരൊറ്റച്ചിരിയുടെ വാള്‍ത്തുമ്പുകൊണ്ട്
 അവള്‍ വറ്റിച്ചു കളയും.
തനിക്കൊരു രാജ്യമേ ഉണ്ടായിരുന്നില്ലല്ലോ എന്ന്
മറവിയിലേയ്ക്ക് ഉന്തിത്തള്ളിക്കയറും.
കരളുടയുന്ന ഒച്ച കേള്‍ക്കാതിരിക്കാന്‍
അവള്‍ എത്ര നന്നായി താരാട്ടു
പാടുമെന്നറിയാമൊ..?
ചിലതങ്ങനെയാണ്,
ഏറ്റം നല്ല നിറം കൊണ്ട് ചിത്രമെഴുതിയാലും ചിലയിടങ്ങളില്‍
ചോരകല്ലിച്ച അടയാളങ്ങള്‍ അങ്ങനെതന്നെ
ബാക്കികിടക്കും.
എത്ര തുന്നിയാലുമുണങ്ങാത്ത മുറിവുപോലെ
അതിടയ്ക്ക് പൊട്ടിപ്പഴുക്കും.
മുറിനീരൊലിക്കും.
മുറിവാതില്‍ക്കല്‍ കാതോര്‍ത്തുനോക്കൂ
അടഞ്ഞ ഒച്ചയിലൊരു
നേര്‍ത്ത പാട്ടു കേള്‍ക്കുന്നില്ലേ..?

 പെറ്റ പെണ്ണിന്റെ മുറി(കവിത: ലിഖിത ദാസ് ) പെറ്റ പെണ്ണിന്റെ മുറി(കവിത: ലിഖിത ദാസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക