Image

പൂന്തുറയില്‍ കൊവിഡ് വ്യാപിക്കുന്നു: പ്രദേശത്ത് കമാന്‍ഡോകളെ വിന്യസിച്ചു

Published on 08 July, 2020
പൂന്തുറയില്‍ കൊവിഡ് വ്യാപിക്കുന്നു: പ്രദേശത്ത് കമാന്‍ഡോകളെ വിന്യസിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ അതീവ ജാഗ്രത. കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഒരാളില്‍നിന്ന് 120 പേര്‍ പ്രാഥമിക സമ്ബര്‍ക്കത്തിലും 150ഓളം പേര്‍ പുതിയ സമ്ബര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് കടുത്ത നടപടി എടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേരുടെ ഫലം പോസിറ്റീവായി കണ്ടു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികള്‍ വിലയിരുത്തി. 

അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രദേശത്ത് ആദ്യഘട്ടത്തില്‍ ഒരു മത്സ്യ വ്യാപാരിക്കാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പൂന്തുറയെ സംബന്ധിച്ച്‌ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്.

കഴിഞ്ഞ ദിവസം ജില്ലയില്‍ 54 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെയുള്ള വ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത 42 കേസുകള്‍. 

പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുക സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന തോതിനെ ആശ്രയിച്ചിരിക്കും.

പുറത്തുനിന്ന് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. 

കൂടുതല്‍ ആളുകള്‍ക്കു പരിശോധന നടത്തും. പൂന്തുറയിലെ മൂന്നു വാര്‍ഡുകളില്‍ ഓരോ കുടുംബത്തിനും വ്യാഴാഴ്ച മുതല്‍ അഞ്ചു കിലോ വീതം സൗജന്യ റേഷന്‍ നല്‍കും. ഇതിനു കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്നു തമിഴ്‌നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഇവിടെ സ്‌പെഷല്‍ ഡ്യൂട്ടിക്കായി എസ്‌എപി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ് എല്‍ സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ നിയോഗിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക