Image

കദന സ്വപ്നം (കവിത: രജനി ഹരിദാസ് , അങ്ങാടിപ്പുറം)

Published on 08 July, 2020
 കദന സ്വപ്നം (കവിത: രജനി ഹരിദാസ് , അങ്ങാടിപ്പുറം)
അമ്മേ പാതിയടഞ്ഞ
ജനവാതിലിലൂടെ
പാറിക്കളിക്കുമാ
ശുഭ്ര വസ്ത്രത്തിന്നൊളി
നിന്റെ ഉടുമുണ്ടിൻ
കോന്തലയാണോ ?

കിഴക്കേ പുറത്തെയാ
ഒഴിഞ്ഞ തൊഴുത്തിലെ
ഉണങ്ങിക്കരിഞ്ഞ
പുൽനാമ്പിലേതോ
പൈക്കിടാവിൻ നിഴലു നോക്കിയോ,
നീ അന്തിച്ചിരിപ്പതിങ്ങനെ ?

അമ്മേ, കാടുപിടിച്ച ,
നടവഴിയിലേക്കു നോക്കി നീ
എന്തിന്നു തേങ്ങുന്നു...
കണ്ടുകൊതിതീരും മുമ്പേ,
നിന്റെ കൈവിരലിൽ നിന്ന്
ഊർന്നു പോയൊരാ
പൈതലിനെയോർത്തോ ?

അനന്തതയിലേക്ക് മിഴിയൂന്നി
നിശ്ചലയായ് നീയിരിപ്പതെന്തേ ,
അമ്മേ, ജീവിതയാത്രയിൽ .
ഒന്നുമുരിയാടാതെ നിന്നെ
ഏകാകി അകന്ന
പാതിയെ ഓർത്തോ ?

അമ്മേ, തേങ്ങലടക്കി
നീയിങ്ങനെ നിസ്സംഗയായ്
മൗനിയായ്
കൈകളിറുക്കിപ്പിടിച്ച്
ഭ്രാന്തിയെപ്പോലെ
വഴിതിരഞ്ഞിറങ്ങുന്നതാരേ...

കണ്ണടച്ചാൽ കനവിലൊരു കദനമായ്
തെളിയുന്നമ്മേ നിന്റെ മുഖം .
പാറിപ്പറന്ന മുടിയോടെ
ഭീതിനിറഞ്ഞയാ
മിഴികളെന്നെ
പൊള്ളിക്കുന്നമ്മേ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക